കൊച്ചി: വിവിധ ഗതാഗതമാർഗങ്ങൾ സംഗമിക്കുന്നൊരു ‘ട്രാവൽ ഹബ്ബ്’ കൂടിയാകാനുള്ള ഒരുക്കത്തിലാണ് കൊച്ചി ഇൻഫോപാർക്ക്. കൊച്ചി മെട്രോ രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ ഇൻഫോപാർക്കിനും സ്വന്തമായൊരു മെട്രോ സ്റ്റേഷൻ ലഭിക്കും. ഇൻഫോപാർക്കിനകത്ത് തന്നെയാണ് സ്റ്റേഷൻ എന്ന പ്രത്യേകതയുമുണ്ട്. വിഭാവനം ചെയ്തതനുസരിച്ച് വാട്ടർമെട്രോ കൂടിയായാൽ ബസ്, ബോട്ട്, ട്രെയിൻ ഗതാഗതസംവിധാനങ്ങൾ സ്വന്തമായുള്ള ഐ.ടി. പാർക്കെന്ന പ്രത്യേകതയും ഇൻഫോപാർക്കിന് സ്വന്തം.

To advertise here,

രാജ്യത്തെ മറ്റു പല ഐ.ടി.പാർക്കുകളോടുചേർന്നും മെട്രോ സൗകര്യം ലഭ്യമാണ്. എന്നാൽ മെട്രോ കാംപസിനകത്തുകൂടി കടന്നുപോകുന്നുവെന്നത് ഇൻഫോപാർക്കിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണെന്ന് ഇൻഫോപാർക്ക് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊപ്പം ഭാവിയിൽ വാട്ടർ മെട്രോ കൂടി ചേരുമ്പോൾ ഇൻഫോപാർക്ക് ഒരു ‘മൾട്ടി മോഡൽ ട്രാൻസ്പോർട് ഹബ്ബ്’ തന്നെയാകും.

കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽനിന്ന് സ്മാർട്ട്‌സിറ്റി വരെയുള്ള രണ്ടാംഘട്ടത്തിന്റെ ഭാഗമാണ് ഇൻഫോപാർക്കിനകത്തെ മെട്രോ സ്റ്റേഷൻ. ഇവിടെ നിർമാണമിപ്പോൾ പ്രാരംഭഘട്ടത്തിലാണ്. 2026-ഓടെ നിർമാണം പൂർത്തിയാകുമെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ വ്യക്തമാക്കുന്നത്.

ഇൻഫോപാർക്കിന് സമീപത്തായി സ്മാർട്ട്‌സിറ്റിയോടു ചേർന്നും ഒരു മെട്രോ സ്റ്റേഷനുണ്ട്.

ഇൻഫോപാർക്ക് ലക്ഷ്യമിട്ട് വാട്ടർമെട്രോയ്ക്കായി നേരത്തേ പദ്ധതി തയ്യാറാക്കിയതാണ്. എന്നാൽ നിർമാണം ഇതുവരെ തുടങ്ങാനായിട്ടില്ല. ഈ റൂട്ടിലുള്ള കോഴിച്ചിറ ബണ്ട് മാറ്റേണ്ടിവരുമെന്നതിനാൽ പദ്ധതിക്കെതിരേ എതിർപ്പുയർന്നിരുന്നു. ഇതേത്തുടർന്ന് സർക്കാർ ഒരു ഘട്ടത്തിൽ പദ്ധതി ഉപേക്ഷിച്ചതാണ്. ഐ.ടി. മേഖലയിൽ നിന്ന് ആവശ്യമുയർന്നതിന്റെ പശ്ചാത്തലത്തിൽ പദ്ധതി വീണ്ടും നടപ്പാക്കാൻ തീരുമാനിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ ഇനിയും വേഗത്തിലായിട്ടില്ല.

വൈറ്റില മൊബിലിറ്റി ഹബ്ബിൽനിന്ന് കാക്കനാട് ചിറ്റേത്തുകരയിലേക്കുള്ള സർവീസ് ഇൻഫോപാർക്കിലേക്ക് കൂടി നീട്ടുന്നതിനാണ് പദ്ധതി. നിലവിൽ ഇൻഫോപാർക്കിലേക്ക് കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുമെല്ലാം സർവീസ് നടത്തുന്നുണ്ട്. ഇതിനൊപ്പം മെട്രോയും വാട്ടർ മെട്രോയുമെല്ലാം എത്തുന്നത് കാക്കനാട് മേഖലയിലേക്കുള്ള ഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കും. 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരാണ് ഇൻഫോപാർക്കിലുള്ളത്. നിലവിലെ നിർമാണങ്ങൾകൂടി പൂർത്തിയാകുമ്പോൾ ജീവനക്കാരുടെ എണ്ണം പിന്നെയും വർധിക്കും.

ബഗ്ഗി സർവീസ്
ഇൻഫോപാർക്ക് കാംപസിന് പുറത്താണ് ബസ് സ്റ്റോപ്പ്. ഇവിടെനിന്ന് കാംപസിനകത്തേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനായി ഒരു ബഗ്ഗി ഇൻഫോപാർക്കിലുണ്ട്. മെട്രോ യാഥാർഥ്യമാകുമ്പോൾ മെട്രോ സ്റ്റേഷനിൽനിന്ന് ഐ.ടി. കാംപസുകളിലേക്കും ബഗ്ഗി സർവീസിന് പദ്ധതിയുണ്ട്. ഇതിനായി കൂടുതൽ ബഗ്ഗി വാങ്ങും.

രണ്ടാംഘട്ടം മെട്രോ സ്റ്റേഷനുകൾ ഇവ
1. പാലാരിവട്ടം ജങ്ഷൻ 2. ആലിൻചുവട് 3. ചെമ്പുമുക്ക് 4. വാഴക്കാല 5. പടമുകൾ 6. സിവിൽ സ്റ്റേഷൻ ജങ്ഷൻ 7. കൊച്ചിൻ സെസ് 
8. ചിറ്റേത്തുകര 9. കിൻഫ്ര പാർക്ക് 10. ഇൻഫോപാർക്ക് 11. സ്മാർട്ട്‌സിറ്റി