
ഐസോൾ(മിസോറം): മലകളുടെ നാടായ മിസോറമിലേക്ക് ആദ്യമായി ട്രെയിനെത്തുകയാണ്. സംസ്ഥാനത്തെ 51 കിലോമീറ്റർ നീളമുള്ള ബൈറാബി-സൈരാങ് റെയിൽപ്പാതയാണ് പൂർത്തിയായത്. ഈ പാത നിർമിക്കാനായി റെയിൽവേക്ക് 200 കിലോമീറ്റർ റോഡ് നിർമിക്കേണ്ടിവന്നു. കാടിനുള്ളിലെ പാതയ്ക്കായി തുരങ്കങ്ങളും പാലങ്ങളും നിർമിക്കാനുള്ള യന്ത്രസാമഗ്രികൾ എത്തിക്കാനാണ് ഇത്രയും റോഡുകൾ നിർമിച്ചത്.
വിസ്മയം ബൈറാബി-സൈരാങ് റെയിൽപ്പാത
പത്തു വർഷം നീണ്ട ശ്രമത്തിനൊടുവിലാണ് ബൈറാബി-സൈരാങ് റെയിൽപ്പാത പൂർത്തിയാക്കിയത്. റെയിൽവേയുടെ എൻജിനിയറിങ് വിസ്മയമായി മാറിയ പാതയുടെ പകുതി ദൂരത്തിലേറെയും പാലങ്ങളും തുരങ്കങ്ങളുമാണ്. ഒറ്റപ്പെട്ട മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുകൂടി ട്രെയിനുകളെത്തിക്കാനുള്ള പദ്ധതിക്ക് ഊർജ്ജംപകരുന്നതാണ് ബൈറാബി-സൈരാങ് പാതയുടെ നിർമാണം.
റെയിൽപ്പാതയുടെ അലൈൻമെന്റ് കടന്നുപോകുന്ന ഭൂരിഭാഗം സ്ഥലങ്ങളിലേക്കും റോഡ് ബന്ധമില്ലായിരുന്നു. നിർമാണസ്ഥലത്തേക്ക് പാലങ്ങളും തുരങ്കങ്ങളും നിർമിക്കാനുള്ള അത്യാധുനിക ഉപകരണങ്ങൾ എത്തിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. തുടർന്ന് പുതിയ റോഡുകൾ നിർമിച്ച് നദിക്കരകളിലേക്കും കുന്നിൻമുകളിലേക്കും യന്ത്രങ്ങളെത്തിച്ചു. യാതൊരു സൗകര്യവുമില്ലാത്ത കാടുകളിലേക്ക് ജോലിക്കെത്താൻ ആദ്യഘട്ടത്തിൽ തൊഴിലാളികളും മടിച്ചു.

തുരങ്കങ്ങളുടെ പാത, പാലങ്ങളുടെയും
മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിലേക്കും ആദ്യമായി ട്രെയിനെത്തുകയാണ്. മലകളെയും താഴ്‌വാരങ്ങളെയും ബന്ധിപ്പിക്കുകയെന്ന വെല്ലുവിളി തുരങ്കങ്ങളും സമാന്തരമായി പാലങ്ങളും തീർത്താണ് മറികടന്നത്. 2014-ലാണ് പദ്ധതി ആരംഭിച്ചത്. ഓരോ വർഷവും നാലു മാസം മാത്രമാണ് പണി നടന്നതെന്ന് വടക്കുകിഴക്കൻ ഫ്രണ്ടിയർ റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടുന്നു. മഴയും മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയുമായിരുന്നു തടസ്സം.
പാതയുടെ 12.83 കിലോമീറ്റർ ദൂരം മലകൾക്കകത്തുകൂടിയുള്ള തുരങ്കങ്ങളാണ്. 48 തുരങ്കങ്ങളാണുള്ളത്. ഇതിൽ ഏറ്റവും വലിയ തുരങ്കത്തിന് 1.37 കിലോമീറ്റർ ദൂരമുണ്ട്. സൈരാങ് റെയിൽവേസ്റ്റേഷനു സമീപം നിർമ്മിച്ച ക്രങ് പാലത്തിന് 114 മീറ്റർ ഉയരമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പാലമാണിത്. 55 വലിയ പാലങ്ങളും 87 ചെറുപാലങ്ങളുമാണ് നിർമിച്ചിട്ടുള്ളത്. റോഡുകൾ മുറിച്ചുകടക്കുന്ന അഞ്ച് മേൽപ്പാലങ്ങളും ആറ് അടിപ്പാലങ്ങളുമുണ്ട്. ഹോർതോകി, കാൻപൂയി, മാൽഖാങ്, സായിരങ് എന്നിവയാണ് പുതിയ പാതയിലെ നാല് റെയിൽവേ സ്റ്റേഷനുകൾ.

ഒരു കിലോമീറ്ററിന് 100 കോടി രൂപ
5021.45 കോടി രൂപയാണ് റെയിൽപ്പാതയുടെ നിർമാണച്ചെലവ്. അതായത്, ഒരു കിലോമീറ്ററിന് 100 കോടിയോളം രൂപ. നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ നിരവധി തൊഴിലാളികളുടെ ജീവൻ നഷ്ടമായിരുന്നു. ഭാവിയിൽ മണ്ണിടിച്ചിൽ പരമാവധി ഒഴിവാക്കുന്ന തരത്തിലാണ് നിർമാണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
മിസോറമിന്റെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് റെയിൽവേ വഴിയുള്ള ബന്ധിപ്പിക്കൽ. അസമിലെ സിൽച്ചാറിൽനിന്നാണ് മിസോറമിലേക്ക് നിത്യോപയോഗസാധനങ്ങൾ അടക്കമുള്ളവ എത്തുന്നത്. സിൽച്ചാറിൽനിന്ന് റോഡ് മാർഗം ഐസ്വാളിലെത്താൻ പത്ത് മണിക്കൂറോളം വേണം. എന്നാൽ, ട്രെയിനിൽ മൂന്നു മണിക്കൂർ മതി. ഗുവാഹാട്ടിയിൽനിന്ന് 13 മണിക്കൂറും. റോഡ് മാർഗം ഗുവാഹാട്ടിയിൽനിന്ന് 24 മണിക്കൂറാണ് യാത്രാദൂരം.
റെയിൽവേ വരുന്നതോടെ ചരക്കുനീക്കം കൂടുതൽ സുഗമമാവുകയും കൂടുതൽ വിനോദസഞ്ചാരികൾ എത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്‌റ്റംബർ പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി റെയിൽപ്പാത രാജ്യത്തിനു സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നാഗാലൻഡ്, മണിപ്പുർ, മേഘാലയ, സിക്കിം തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Content Highlights: Mizoram gets its first railway line! The 51KM Bairabi-Sairang rail project
Published: 04 Sept 2025, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented