ദീര്‍ഘദൂര യാത്രയ്ക്കിടെ ഭക്ഷണം വാങ്ങാനോ മറ്റോ ട്രെയിനില്‍നിന്ന് പുറത്തിറങ്ങിയ നിങ്ങള്‍ കയറുംമുമ്പ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയാല്‍ എന്തു സംഭവിക്കും? നിങ്ങളുടെ ലഗേജും വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും ഈ സമയത്ത് ട്രെയിനുള്ളില്‍ ആയിരിക്കാം. മിക്ക യാത്രക്കാരെയും പരിഭ്രാന്തരാക്കുന്ന സാഹചര്യമാണിത്. ഈ സമയത്ത് ജീവന്‍പോലും അപകടത്തിലാകുംവിധം ട്രെയിനില്‍ ഓടി കയറേണ്ടതുണ്ടോ? ഒരിക്കലും അത് ചെയ്യരുത്. നിങ്ങള്‍ കയറാതെ ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ ലഗേജിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇത്തരം സന്ദര്‍ഭങ്ങളില്‍ റെയില്‍വേ അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്?

To advertise here,

1. നിങ്ങളുടെ ലഗേജ് 'അണ്‍അക്കമ്പനീഡ്' എന്ന് രേഖപ്പെടുത്തി സൂക്ഷിക്കും

ട്രെയിന്‍ നഷ്ടപ്പെടുകയും നിങ്ങളുടെ ബാഗുകള്‍ അതില്‍ ഉണ്ടാവുകയും ചെയ്താല്‍ റെയില്‍വേ ജീവനക്കാര്‍ അതിനെ ഔദ്യോഗികമായി ഉടമസ്ഥനില്ലാത്ത ലഗേജ് (unaccompanied luggage) എന്ന് രേഖപ്പെടുത്തും. യാത്രയുടെ അവസാനത്തില്‍ ലഗേജ് ഇറക്കുകയും അത് ഗാര്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കുകയും ചെയ്യും. ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ അത് പാഴ്‌സല്‍ അല്ലെങ്കില്‍ ലഗേജ് ഓഫീസിലേക്ക് അയയ്ക്കും. അവിടെ ആരെങ്കിലും വന്ന് ഏറ്റെടുക്കുന്നതുവരെ അത് സുരക്ഷിതമായി സൂക്ഷിക്കും. ഉടമസ്ഥനില്ലാത്ത ഓരോ ലഗേജിന്റെയും വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ഉടമയെത്തി തിരിച്ചറിയല്‍ രേഖയും ടിക്കറ്റും നല്‍കി അത് കൈപ്പറ്റുന്നതുവരെ ഒന്നും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യും.

2. യാത്രക്കാരന്‍ സംഭവം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

ട്രെയിന്‍ നഷ്ടപ്പെട്ടാല്‍ ഉടനടി അത് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ്  ആദ്യം ചെയ്യേണ്ടത്. ഇറങ്ങിയ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ പോയി പിഎന്‍ആര്‍ നമ്പര്‍, ട്രെയിനിന്റെ പേര്, കോച്ച് നമ്പര്‍, ബാഗിന്റെ വിവരങ്ങള്‍ തുടങ്ങിയവ നല്‍കുക. അധികൃതര്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അടുത്ത സ്റ്റേഷനിലോ ട്രെയിനിലെ ഗാര്‍ഡിനെയോ അറിയിക്കും. 139 എന്ന നമ്പറില്‍ വിളിക്കുകയോ റെയില്‍ മദദ് ആപ്പ് വഴി പരാതി നല്‍കുകയോ ചെയ്യാം. വേഗത്തിലുള്ള റിപ്പോര്‍ട്ടിങ് ബാഗ് കണ്ടെത്താന്‍ കഴിയാത്തവിധം ദൂരെ എത്തുന്നതിന് മുമ്പ് അത് ടാഗ് ചെയ്യാനും സുരക്ഷിതമാക്കാനും സഹായിക്കും.

3. റെയില്‍വേ അധികൃതര്‍ ലഗേജ് കണ്ടെത്തി സുരക്ഷിതമാക്കും

പരാതി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) വാണിജ്യവിഭാഗം ജീവനക്കാരും തുടര്‍ നടപടി സ്വീകരിക്കും. ലഗേജ് കണ്ടെത്താന്‍ അവര്‍ ലക്ഷ്യസ്ഥാനത്തോ വഴിയിലുള്ള സ്റ്റേഷനുകളിലോ ബന്ധപ്പെടും. ലഗേജ് കണ്ടെത്തിയാല്‍ അത് ട്രെയിനില്‍നിന്ന് സുരക്ഷിതമായി എടുത്ത് പാഴ്‌സല്‍ ഓഫീസില്‍ സില്‍ചെയ്ത് സൂക്ഷിക്കും. ഉടമ വന്ന് കൈപ്പറ്റുന്നതുവരെ അത് നിരീക്ഷണത്തിലായിരിക്കും.

4. റെയില്‍വേ ലഗേജ് തിരികെയെത്തിക്കും

പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ നിങ്ങളുടെ ലഗേജ് തിരികെ എത്തിക്കുകയും ചെയ്യും. ഇതിനായി സാഹചര്യം വിശദീകരിച്ച് പാഴ്‌സല്‍ അല്ലെങ്കില്‍ ലഗേജ് ഓഫീസില്‍ രേഖാമൂലം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. രേഖകളിലൂടെ ഉടമസ്ഥാവകാശം പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സ്ഥലത്തേക്ക് പോകുന്ന മറ്റൊരു ട്രെയിനില്‍ പാഴ്‌സല്‍ ലഗേജായി റീബുക്ക് ചെയ്യും. ഇതിന് ചെറിയ ഫീസോ ചരക്കുകൂലിയോ നല്‍കേണ്ടിവരും. റൂട്ടിന്റെ ലഭ്യതയനുസരിച്ച് ഈ പ്രക്രിയയ്ക്ക് 24 മുതല്‍ 72 മണിക്കൂര്‍ വരെ സമയമെടുക്കും. അയച്ചുകഴിഞ്ഞാല്‍, ലഗേജ് എത്തിയെന്ന് സ്ഥിരീകരിച്ച് പാഴ്‌സല്‍ ഓഫീസില്‍നിന്ന് സന്ദേശമോ കോളോ ലഭിക്കും.

ലഗേജ് ട്രാക്ക് ചെയ്യാന്‍ കഴിയുമോ?

യാത്രക്കാര്‍ക്കുവേണ്ടി തത്സമയ ട്രാക്കിംഗ് സംവിധാനം നിലവില്‍ ഇല്ലെങ്കിലും റെയില്‍വേ പാഴ്‌സല്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ ലഗേജിന്റെ വിശദമായ രേഖകള്‍ സൂക്ഷിക്കുന്നുണ്ട്. നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ ലഗേജ് അദികൃതര്‍ക്ക് കണ്ടെത്താന്‍ കഴിയും. റെയില്‍ മദദില്‍നിന്ന് ലഭിക്കുന്ന നമ്പര്‍ ഉപയോഗിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാം. അല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തെ പാഴ്‌സല്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. ലഗേജില്‍ എപ്പോഴും പേര്, പിഎന്‍ആര്‍, കോണ്‍ടാക്റ്റ് നമ്പര്‍ എന്നിവ ടാഗ് ചെയ്യുന്നത് ഉറപ്പാക്കുന്നത് ഏറെ പ്രയോജനംചെയ്യും.

നഷ്ടപരിഹാരം ലഭിക്കുമോ?

നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ ലഗേജിന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരെ അനുവദിക്കുന്നു എന്നാണ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. ലഗേജിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടുണ്ടോ, ബുക്കിംഗ് സമയത്ത് അതിന് ബാധകമായ ചാര്‍ജുകള്‍ അടച്ചിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും തുക. ബുക്കിംഗ് തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ക്ലെയിം ഫയല്‍ ചെയ്യണം.

എങ്ങനെ ക്ലെയിം ഫയല്‍ ചെയ്യാം

1. ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കുക: ബുക്കിംഗ് തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കണം; അല്ലെങ്കില്‍, കാലഹരണപ്പെട്ടതിനാല്‍ അവ നിരസിക്കപ്പെട്ടേക്കാം.

2. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കുക: ഇന്ത്യന്‍ റെയില്‍വേയുടെ ക്ലെയിം പോര്‍ട്ടല്‍ വഴിയോ അടുത്തുള്ള സ്റ്റേഷനിലോ  ക്ലെയിം ഫയല്‍ ചെയ്യാം.

3. ആവശ്യമായ രേഖകള്‍ ചേര്‍ക്കുക: അപേക്ഷയോടൊപ്പം യഥാര്‍ത്ഥ റെയില്‍വേ രസീത് (RR) അല്ലെങ്കില്‍ പാര്‍സല്‍ വേബില്‍ (P.W.) പോലുള്ള രേഖകള്‍ ഉള്‍പ്പെടുത്തുക.

4. ആവശ്യമെങ്കില്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക: കാലതാമസങ്ങള്‍ക്കോ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്കോ ബന്ധപ്പെട്ട സോണല്‍ റെയില്‍വേയുടെ അഡീഷണല്‍ ജനറല്‍ മാനേജറെയോ (A.G.M.) അല്ലെങ്കില്‍ ജനറല്‍ മാനേജറെയോ (G.M.) സമീപിക്കുക.