വാഗമണ്ണില്‍ പാരാഗ്ലൈഡിങ് ആസ്വദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തിലാണ് മന്ത്രി പറന്നത്. വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്യുറസി കപ്പ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി പാരാഗ്ലൈഡിങ്ങും നടത്തിയത്. 

To advertise here,

വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നല്‍കും. ടൂറിസം രംഗത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളില്‍ ഒന്നാണ് സാഹസിക ടൂറിസം. ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ് ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് സംഘടിപ്പിച്ചത്.