വര്‍ഷകാല പച്ചപ്പില്‍ സൗന്ദര്യവതിയായി മലയോരത്തിന്റെ റാണി. നൂല്‍മഴയിലും ഇടവേലകളില്‍ വിരുന്നെത്തുന്ന കോടമഞ്ഞിലും നനഞ്ഞ് കുളിരണിയാന്‍ റാണിപുരത്തെത്തുന്നത് നൂറുകണക്കിന് വിനോദസഞ്ചാരികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ ഒഴുകിയെത്തുന്ന മണ്‍സൂണ്‍ വിനോദ സഞ്ചാരകേന്ദ്ര പട്ടികയില്‍ ഇടംപിടിച്ച് റാണിപുരം. മുന്‍കാലങ്ങളെ അപേക്ഷിച്ച് മണ്‍സൂണ്‍ ടൂറിസത്തിന്റെ തുടക്കത്തില്‍ തന്നെ റാണിപുരത്തെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 1049 മീറ്റര്‍ ഉയരത്തിലുള്ള മാനിമലയുടെ പച്ചപ്പും സൗന്ദര്യവും ദൂരക്കാഴ്ചയും മഴയില്‍ നനഞ്ഞ് കണ്‍കുളിര്‍ക്കെ കാണാനാണ് സഞ്ചാരികളെത്തുന്നത്. ജൂണ്‍ ഒന്നുമുതല്‍ മൂന്നാഴ്ചക്കിടെ പത്തായിരത്തോളം സഞ്ചാരികളാണ് വന്നുപോയത്. അതില്‍ ഭൂരിഭാഗവും കര്‍ണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കഴിഞ്ഞ ഞായറാഴ്ച മാത്രം 1899 സഞ്ചാരികളാണെത്തിയത്. അതില്‍ 820 പേരും കര്‍ണാടകയില്‍നിന്നുള്ളവരാണ്.
അവധി ദിനങ്ങളിലായിരുന്നു സാധാരണമായി സഞ്ചാരികള്‍ കൂടുതല്‍ എത്തിയിരുന്നത്. എന്നാലിപ്പോള്‍ അതിനും മാറ്റം വന്നതായി വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു. സഞ്ചാരികളുടെ എണ്ണത്തില്‍ വരും ദിവസങ്ങളില്‍ വര്‍ധനയുണ്ടാകും. ട്രക്കിങ്ങാണ് റാണിപുരത്തെ പ്രധാന ആകര്‍ഷണം. അതിനാല്‍ എത്തുന്നവരില്‍ ഭൂരിഭാഗവും യുവതീയുവാക്കളാണ്. മണ്‍സൂണ്‍ കാലത്തെ റാണിപുരത്തിന്റെ സൗന്ദര്യം ലോകമറിഞ്ഞതോടെയാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായത്. മുന്‍കാലത്തെ അപേക്ഷിച്ച് അട്ട ശല്യം കുറഞ്ഞതും ഗുണകരമായി. ട്രക്കിങ്ങിന്റെ സാഹസികതയും കോടമഞ്ഞിന്റെ തണുപ്പും ഇടയ്ക്കിടെ പെയ്യുന്ന മഴയും അപൂര്‍വ സസ്യങ്ങളും ചിത്രശലഭങ്ങളും ഉരഗങ്ങളും വന്യമൃഗങ്ങളുമാണ് റാണിപുരത്തിന്റെ പ്രത്യേകത.
അടിസ്ഥാന സൗകര്യങ്ങള്‍ കുറവ്
റാണിപുരത്തേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാന്‍ നടപടിയില്ലാത്തത് ദുരിതമാകുന്നു. ശൗചാലയങ്ങളുടെ കുറവ്, വിശ്രമിക്കാനുള്ള സ്ഥലപരിമിതി, വാഹന പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലമില്ലാത്തത്, മൊബൈല്‍ കവറേജ് ഇല്ലാത്തത്, യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവയടക്കം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് തടസ്സമാകുന്നുണ്ട്.
വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണശാല നിര്‍ത്തിയിട്ട് ഒരുവര്‍ഷം പിന്നിടുന്നു. അവധി ദിവസങ്ങളില്‍ സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും ആവശ്യത്തിന് സ്ഥലമില്ലാത്ത സ്ഥിതിയാണ്. നിലവില്‍ രാവിലെയും വൈകുന്നേരവും സര്‍വീസ് നടത്തുന്ന ബസുകളെ കൂടാതെ ഉച്ചയ്ക്ക് ഒരു ബസ് സര്‍വീസ് കൂടി കെഎസ്ആര്‍ടിസി പരിഗണിച്ചാല്‍ ഗുണകരമാകുമെന്ന് റാണിപുരം വനസംരക്ഷണ സമിതി മുന്‍ പ്രസിഡന്റ് പ്രസിഡന്റ് എസ്. മധുസൂദനന്‍ പറയുന്നു.
കണ്ടുമടങ്ങാം പച്ചപ്പിന്റെ കേന്ദ്രം
കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ പനത്തടിയില്‍നിന്നും പാണത്തൂരില്‍നിന്നും റാണിപുരത്തെത്താം. പനത്തടിയില്‍നിന്ന് 10 കിലോ മീറ്ററാണ് ദൂരം. കാഞ്ഞങ്ങാട്ടുനിന്ന് രാവിലെ എട്ടുമണിക്കും ഉച്ചകഴിഞ്ഞ് 2.40-നും കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പ്രവേശന സമയം. വൈകിട്ട് 5.30-നകം തിരിച്ചിറങ്ങണം. പ്ലാസ്റ്റിക്ക് കുപ്പിയടക്കമുള്ളവയ്ക്ക് നിയന്ത്രണമുണ്ട്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. വനം വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തനം.
പ്രവേശനം ഓണ്‍ലൈന്‍ വഴി നിയന്ത്രിക്കാന്‍ ആലോചന
സഞ്ചാരികള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ പ്രവേശനം ഓണ്‍ലൈനാക്കാനുള്ള ആലോചനയുമായി വനംവകുപ്പ്. ഇതോടെ ഒരേ സമയത്തെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. വനത്തിനകത്ത് ട്രക്കിങ്ങിനെത്തുന്നവര്‍ക്ക് സഞ്ചരിക്കാന്‍ നടവഴിയാണുള്ളത്. അതിലൂടെ കൂടുതല്‍ സഞ്ചാരികള്‍ കടന്ന് പോകുമ്പോള്‍ പലപ്പോഴും സൗകര്യക്കുറവ് ഉണ്ടാകുന്നുണ്ട്. അത് സമയനഷ്ടത്തിനും കാരണമാകുന്നു. വനനിയമങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ സഞ്ചാരികളെ പ്രവേശിപ്പിക്കാനും കഴിയുകയുള്ളൂ. അത് പരിഗണിച്ചാണ് പ്രവേശനം ഓണ്‍ലൈന്‍ വഴിയാക്കി സഞ്ചാരികളെ ക്രമീകരിക്കാനുള്ള ആലോചന തുടങ്ങിയത്. അതിലൂടെ വാഹന പാര്‍ക്കിങ് പ്രശ്നത്തിനും പരിഹാരം കാണാനാകുമെന്നാണ് വനംവകുപ്പ് അധികൃതര്‍ കരുതുന്നത്.
Content Highlights: Keralas Ranipuram Thriving Monsoon Tourism Amidst Infrastructure Challenges
Published: 26 Jun 2025, 10:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented