നക്ഷത്രഹോട്ടലുകളിലെ നീന്തല്‍ക്കുളത്തിലും കള്ള് വിളമ്പാം. ത്രീസ്റ്റാറോ അതിനുമുകളിലോ പദവിയുള്ള ഹോട്ടലുകള്‍ക്ക് കള്ള് ചെത്തിവില്‍ക്കാന്‍ അനുമതി നല്‍കി അബ്കാരി ചട്ടത്തില്‍ ഭേദഗതിവരുത്തി. 10,000 രൂപയാണ് വാര്‍ഷികഫീസ്.

To advertise here,

ഭക്ഷണശാലയിലും നടുമുറ്റത്തും ഭക്ഷണത്തിനൊപ്പം കള്ള് നല്‍കാം. ഫാമിലി റസ്റ്ററന്റുകളില്‍ അനുമതിയില്ല. കേരള ടോഡി എന്നപേരില്‍ സംസ്ഥാനത്തിന്റെ പരമ്പരാഗത ലഹരിപാനീയമായി കള്ളിനെ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

വില ഹോട്ടലുകള്‍ക്ക് നിശ്ചയിക്കാം

ഹോട്ടല്‍വളപ്പിലെ തെങ്ങുകളില്‍നിന്നും കള്ള് ചെത്തി കലര്‍പ്പില്ലാതെ വില്‍ക്കാനാണ് അനുമതി. മധുരക്കള്ളും പുളിപ്പിച്ച കള്ളും വില്‍ക്കാം. ചെത്തിയെടുക്കുന്ന കള്ള് 48 മണിക്കൂര്‍ ഉപയോഗിക്കാനാകും. അതുകഴിഞ്ഞാല്‍ നശിപ്പിക്കണം. ഓരോദിവസും ചെത്തിയെടുക്കുന്ന കള്ളിന്റെ അളവ് രേഖപ്പെടുത്തി സൂക്ഷിക്കണം. പുറത്ത് വിറ്റാല്‍ 50,000 രൂപ പിഴ.

രാവിലെ 11 മുതല്‍ രാത്രി 11 വരെ വില്‍ക്കാം. ടൂറിസം കേന്ദ്രങ്ങളില്‍ 12 വരെയാകാം. ബാര്‍ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ഡ്രൈഡേകളില്‍ വില്‍പ്പന പാടില്ല. ചട്ടമായിട്ടും ഇതുവരെ അപേക്ഷകളൊന്നും വന്നിട്ടില്ല. ചെത്താന്‍ തുടങ്ങിയാല്‍ എല്ലാദിവസവും തെങ്ങില്‍നിന്നും കള്ളെടുക്കേണ്ടിവരും. ഇതാണ് തടസ്സമെന്ന് അറിയുന്നു.