വന്യസൗന്ദര്യവുമായി പീച്ചി

To advertise here,

തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ മണലിപ്പുഴയിലെ അണക്കെട്ടാണ് പീച്ചി. ജലസേചനപദ്ധതി, ശുദ്ധജലവിതരണം എന്നിവയ്ക്കായാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. തടഞ്ഞുനിര്‍ത്തിയ വെള്ളത്തിന്റെ വന്യസൗന്ദര്യമാണ് പ്രധാന ആകര്‍ഷണം. രണ്ട് പ്രധാന ഉദ്യാനങ്ങള്‍ ഡാമിന് മനോഹാരിത കൂട്ടുന്നു. നീന്തല്‍ക്കുളത്തിന് ചേര്‍ന്നുള്ള ഓവല്‍ ഗാര്‍ഡനും സമീപത്തുള്ള പ്രധാന ഉദ്യാനവും സഞ്ചാരികള്‍ക്കു പ്രിയങ്കരമായ കാഴ്ചകളാണ്. ശാസ്ത്രകുതുകികള്‍ക്കായി ബൊട്ടാണിക്കല്‍ ഗാര്‍ഡനുമുണ്ട്. കുട്ടികളുടെ പാര്‍ക്ക്, ഡാം പൂര്‍ണമായി കാണാന്‍ കഴിയുന്ന നക്ഷത്രബംഗ്ലാവ് (പവിലിയന്‍) എന്നിവയും ശ്രദ്ധേയമാണ്. പുതുതായി ആരംഭിച്ച കുട്ടവഞ്ചിസവാരി ഏറെ ആകര്‍ഷകമാണ്.

പോരായ്മകള്‍

കഴിഞ്ഞ മഴക്കാലത്ത് ഡാം തുറന്നപ്പോള്‍ തകര്‍ന്ന ഉദ്യാനങ്ങളും ഇരിപ്പിടവും പൂര്‍ണമായും ശരിയാക്കിയിട്ടില്ല.

പ്രവേശനം

എട്ടുമുതല്‍ വൈകീട്ട് ആറുവരെ

പ്രവേശനനിരക്ക്

മുതിര്‍ന്നവര്‍ക്ക് 20 രൂപ, കുട്ടികള്‍ക്ക് 10 രൂപ

എത്താന്‍

*തൃശ്ശൂരില്‍നിന്ന് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലൂടെ 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പീച്ചി റോഡ് ജങ്ഷനിലെത്തും. അവിടെനിന്ന് എട്ട് കിലോമീറ്റര്‍ വലത്തോട്ടുപോയാല്‍ ഡാമിലെത്താം.

* തൃശ്ശൂര്‍ ശക്തന്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ ബസ് സര്‍വീസുണ്ട്

* പാലക്കാട്ടുനിന്ന് വരുന്നവര്‍ക്ക് പട്ടിക്കാട്ടുനിന്ന് പീച്ചിയിലേക്ക് ബസ് ഉണ്ട്.

* പീച്ചി ഹൗസില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. 610 രൂപയാണ് പ്രതിദിന വാടക.

placeholder
പീച്ചി അണക്കെട്ട്

ത്രില്ലടിപ്പിക്കാന്‍ ചിമ്മിനി

കാട്ടുതീയെത്തുടര്‍ന്ന് മൂന്നാഴ്ച അടച്ചിട്ട ചിമ്മിനി ഡാം വന്യജീവിസങ്കേതം ഏപ്രില്‍ ഒന്നിനു തുറക്കും. വനയാത്രയും ജില്ലയിലെ വലിയ കാര്‍ഷിക ജലസേചനപദ്ധതിയും ചിമ്മിനിയുടെ വിശേഷതകളാണ്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കുട്ടവഞ്ചിസവാരിയും ട്രക്കിങ്ങും സൈക്കിള്‍യാത്രയും ഏപ്രില്‍ ഒന്നിനു പുനരാരംഭിക്കും.

ട്രക്കിങ്ങിനു മൂന്നുപേരുള്ള സംഘത്തെയും വഞ്ചിയാത്രയ്ക്ക് നാലുപേരുള്ള സംഘത്തെയുമാണ് അനുവദിക്കുക. ക്ലൈമറ്റ് വാക്ക്, ആംഫി ട്രക്കിങ് എന്നിവയാണ് ഇത്തവണത്തെ ആകര്‍ഷണം. ആളൊന്നിന് 1000 രൂപ വരുന്ന ക്ലൈമറ്റ് ട്രക്കിങ് വനമേഖലയിലെ വ്യത്യസ്തഭാഗങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാകും.

വെള്ളത്തിലും കരയിലുമായി നടത്തുന്ന ആംഫി ട്രക്കിങ് കുട്ടവഞ്ചിയാത്രയും വനയാത്രയും ഉള്‍പ്പെടുത്തിയുള്ളതാണ്. ഒരാള്‍ക്ക് 800 രൂപയാണ് ഫീസ്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉള്‍പ്പെടെയാണ് പാക്കേജ്. ദേശീയപാതയില്‍ ആമ്പല്ലൂരില്‍നിന്ന് 27 കിലോമീറ്റര്‍ വരുന്ന ചിമ്മിനിയിലേക്ക് ഭൂരിഭാഗം വരുന്ന റോഡും മികച്ച നിലവാരത്തിലുള്ളതാണ്. വരന്തരപ്പിള്ളി മുതല്‍ പാലപ്പിള്ളി, ചിമ്മിനി വരെയുള്ള യാത്രയില്‍ ആനകളെയും മറ്റു വന്യമൃഗങ്ങളെയും കാണാമെന്നതും യാത്ര ആവേശകരമാക്കും. സമീപപ്രദേശങ്ങളായ ചൊക്കന, കുണ്ടായി ഭാഗങ്ങളിലെ വനഭംഗിയും വെള്ളച്ചാട്ടങ്ങളും ചിമ്മിനി യാത്രയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന് അടിയന്തരമായി സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം ഉപയോഗിച്ചുള്ള നിര്‍മാണം ചിമ്മിനിയില്‍ ആരംഭിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കുള്ള ടോയ്ലെറ്റ് ബ്ലോക്ക്, കഫെറ്റീരിയ എന്നിവ ഇതില്‍ ഉള്‍പ്പെടും. പുതിയ സോളാര്‍ ബോട്ടും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറും ഓണാവധിയോടെ എത്തും. ചിമ്മിനിയിലെ വനവിഭവങ്ങളും ആദിവാസി ഉന്നതികളില്‍നിന്നുള്ള ഉത്പന്നങ്ങളും ചിമ്മിനിയില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പില്‍ ലഭിക്കും.

പ്രവേശനം: എട്ടുമുതല്‍ വൈകീട്ട് 5 വരെ

പ്രവേശനനിരക്ക്: 40 രൂപ, സാധാരണ ട്രക്കിങ്: 200 രൂപ, കുട്ടവഞ്ചിസവാരി: 100 രൂപ

എത്താന്‍: ചിമ്മിനി - ദേശീയപാതയില്‍ ആമ്പല്ലൂരില്‍ നിന്ന് 27 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ചിമ്മിനിയിലെത്താം. ആമ്പല്ലൂര്‍ - വരന്തരപ്പിള്ളി - പാലപ്പിള്ളി - എച്ചിപ്പാറ - ചിമ്മിനി ബസ് റൂട്ടില്‍ ഒരു മണിക്കൂര്‍ യാത്ര.