ലോകത്തിലെ ഏറ്റവും വലിയ യുദ്ധഭൂമിയായ സിയാച്ചിന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ സൈന്യത്തിന്റെ കര്‍ശന നിയന്ത്രണത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്ന് (Glacier) കൂടിയായ സിയാച്ചിന്‍ സന്ദര്‍ശനം വിനോദ സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ എളുപ്പത്തിലാകും.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇനിമുതല്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ബേസ് ക്യാമ്പ് സന്ദര്‍ശിക്കാന്‍ സൈന്യത്തിന്റെ അനുമതി പത്രമോ എന്‍.ഒ.സിയോ ആവശ്യമില്ല. സിയാച്ചിന്‍ യുദ്ധഭൂമിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച രാജ്യത്തിന്റെ ധീരജവാന്മാര്‍ക്കുള്ള സ്മാരകം കൂടിയാണ് സിയാച്ചിന്‍ ബേസ് ക്യാമ്പ്.
അതേസമയം ജില്ലാ ഭരണകൂടം വിനോദസഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന ടൂറിസ്റ്റ് ഫീസ് തുടര്‍ന്നും കൊടുക്കേണ്ടി വരും. ലഡാക്ക് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് സൈന്യം ഈ സുപ്രധാന അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ത്യ പാക് നിയന്ത്രണരേഖയ്ക്ക് സമീപം ഹിമാലയത്തിലെ കിഴക്കന്‍ കാരക്കോറത്തില്‍ സ്ഥിതി ചെയ്യുന്ന ഹിമാനിയാണ് സിയാചിന്‍ . സമുദ്രനിരപ്പില്‍ നിന്ന് 5753 മീറ്റര്‍ (18,875 അടി) ഉയരത്തിലാണ് സിയാച്ചിന്‍ സ്ഥിതി ചെയ്യുന്നത്. എഴുപത് കിലോമീറ്ററോളമാണ് ഈ ഗ്ലേസിയറിന്റെ നീളം. ഇന്ത്യന്‍ സൈന്യത്തിന്റെ ത്രസിപ്പിക്കുന്ന പോരാട്ട കഥകളുറങ്ങുന്ന സിയാച്ചിന്‍ മലനിരകള്‍ ഹിമാലയത്തിന്റെ മനംമയക്കുന്ന കാഴ്ചകളാലും സമ്പന്നമാണ്. മൈനസ് 50 ഡിഗ്രി വരെ താപനില എത്തുന്ന ഇവിടത്തേക്കുള്ള യാത്ര പോലും അത്രത്തോളം സാഹസികത നിറഞ്ഞതാണ്. കാശ്മീരിലെ തന്നെ ഏറ്റവും തണുത്തുറഞ്ഞ പ്രദേശമാണിത്.
ധ്രുവേതര മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിമാനിയാണ് സിയാച്ചിന്‍. തന്ത്രപ്രധാന മേഖലയായതിനാല്‍ കനത്ത കാവലിലാണ് പ്രദേശമുള്ളത്. ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ് സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും ഇവിടെ തന്നെയാണ്. 1984 ഏപ്രില്‍ 13ന് ഓപ്പറേഷന്‍ മേഘദൂത് എന്ന സൈനിക ഓപ്പറേഷനിലൂടെയാണ് സിയാച്ചിന്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാവുന്നത്.
Content Highlights: Indian tourists can now visit Siachen Glacier Base Camp without any special permits
Published: 28 May 2023, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented