ഇന്ത്യയിലെ ആദ്യ കാർ ഫെറി ട്രെയിൻ സർവീസ് ആരംഭിക്കാൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇത് എപ്പോൾ തുടങ്ങുമെന്നോ നിരക്ക് എത്രയാണെന്നോ ഉൾപ്പെടെ കൂടുതൽ വിവരങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.  

To advertise here,

മഹാരാഷ്ട്രയിലെ കോലാടിനും ഗോവയിലെ വെർണയ്ക്കും ഇടയിൽ സ്വകാര്യ കാറുകളെയും അവയുടെ ഉടമകളെയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ഈ സർവീസ്. യാത്രക്കാർക്ക് അവരുടെ സ്വകാര്യ വാഹനങ്ങൾ ട്രെയിനിൽ കയറ്റാനും അതിനോട് ചേർന്നുള്ള പാസഞ്ചർ കോച്ചുകളിൽ യാത്ര ചെയ്യാനും സാധിക്കും. 

ഗതാഗതക്കുരുക്കും വളഞ്ഞുപുളഞ്ഞ ചുരങ്ങളും കാരണം റോഡ് മാർഗം സാധാരണയായി 20-22 മണിക്കൂർ എടുക്കുന്ന യാത്ര, ട്രെയിനിൽ വെറും 12 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാം. സാധാരണയായി ഏറെ തളർത്തുന്ന റോഡ് യാത്രയ്ക്ക് പകരം വേഗതയേറിയതും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ ഒരു ബദൽ എന്ന നിലയിൽ, ഗണേശ ചതുർഥി തിരക്കിന് മുന്നോടിയായാണ് സർവീസ് തന്ത്രപരമായി ആരംഭിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ഓ​ഗസ്റ്റ് 23 മുതലാകും സർവീസ് ആരംഭിക്കുക.

മുൻപ്, ട്രക്കുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഫെറി ട്രെയിൻ മാതൃകയിൽ, ഡ്രൈവർമാർക്ക് അവരുടെ വാഹനങ്ങൾ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വാഗണുകളിൽ കയറ്റി ഗോവയിലെത്തുന്നതുവരെ തൊട്ടടുത്തുള്ള പാസഞ്ചർ കോച്ചുകളിൽ യാത്ര ചെയ്യാം. വാഹനങ്ങൾ ബെൽറ്റിട്ട് സുരക്ഷിതമായി ഉറപ്പിക്കുകയും ഹാൻഡ്‌ബ്രേക്കുകൾ ഇടുകയും വേണം.

ഓരോ ട്രെയിനിലും പ്രത്യേകം നിർമിച്ച 20 വാഗണുകൾ ഉണ്ടാകും. ഓരോ വാഗണിലും രണ്ട് കാറുകൾ വീതം കയറ്റാം. ഇതുവഴി ഒരു യാത്രയിൽ ആകെ 40 കാറുകൾ കൊണ്ടുപോകാനാകും. എന്നാൽ, കുറഞ്ഞത് 16 വാഹനങ്ങൾ ബുക്ക് ചെയ്താൽ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കൂടാതെ, യാത്രയ്ക്കിടെ കാറുകളിൽ ഇരിക്കാൻ യാത്രക്കാർക്ക് അനുവാദമുണ്ടായിരിക്കില്ല.

7,875 രൂപയാണ് ഒരു വശത്തേക്ക് കാർ കൊണ്ടുപോകുന്നതിനുള്ള ചാർജ്. ഒരു കാറിനൊപ്പം പരമാവധി മൂന്ന് പേർക്ക് യാത്ര ചെയ്യാം. രണ്ടുപേർക്ക് 3AC-യിലും ഒരാൾക്ക് SLR കോച്ചിലും. സെക്കൻഡ് സീറ്റിങ്ങിൽ (190 രൂപ) അല്ലെങ്കിൽ 3AC കോച്ചുകളിൽ (ഒരാൾക്ക് 935 രൂപ) യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ട്രെയിൻ കോലാടിൽനിന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിക്ക് ​ഗോവയിലെ വെർണയിൽ എത്തിച്ചേരും. വാഹനം കയറ്റുന്നതിനും മറ്റ് ബോർഡിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി യാത്രക്കാർ ഉച്ചയ്ക്ക് രണ്ട് മണിയോടെ കോലാട് സ്റ്റേഷനിൽ എത്തിച്ചേരേണ്ടതാണ്.

അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും മുംബൈ, പുണെ, മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ ഗോവയിലേക്ക് യാത്ര ചെയ്യാറുണ്ട്. അതിനാൽ ഈ പുതിയ സർവീസ് ഒരു വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് സ്വകാര്യ വാഹനങ്ങളിൽ കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക്.

ഗണേശോത്സവത്തിന്റെയും മറ്റ് ഉത്സവങ്ങളുടെയും സമയത്ത് ഹൈവേകളിലുണ്ടാകുന്ന കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുക്കുമ്പോൾ, ഈ സർവീസ് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്രാസമയവും റോഡുകളിൽ കാറുകളുടെ എണ്ണവും കുറയ്ക്കും. ഒപ്പം സൗകര്യപ്രദമായ ഒരു ട്രെയിൻ യാത്രയും അനുഭവിക്കാം. യാത്രാ സമ്മർദ്ദം കുറയ്ക്കുന്നതിനപ്പുറം, ഇന്ധന ഉപയോഗവും കാർബൺ ബഹിർഗമനവും കുറയ്ക്കുന്നതിലൂടെ ഈ സർവീസ് ഒരു ഹരിത ബദൽ കൂടിയാണ് മുന്നോട്ട് വെക്കുന്നത്.