മഞ്ഞുമൂടിയ പര്‍വതങ്ങളും, പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും, സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും നിറഞ്ഞ കശ്മീര്‍ 'ഭൂമിയിലെ സ്വര്‍ഗം' എന്നാണറിയപ്പെടുന്നത്. കശ്മീര്‍ താഴ്വരയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദാല്‍ തടാകം. ദാല്‍ തടാകത്തിലെ ഹൗസ്ബോട്ടുകളില്‍ ഒരു ദിവസമെങ്കിലും താമസിക്കാതെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ണമാവില്ലെന്നാണ് പൊതുവെ പറയാറ്. സീസണ്‍ പോലും നോക്കാതെ കശ്മീരിലേക്ക് വണ്ടി കയറുന്ന ഓരോ സഞ്ചാരിക്കും ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദാല്‍ തടാകത്തിലെ ശിക്കാരകള്‍ സമ്മാനിക്കുന്നത്. ശിക്കാരയില്‍ സഞ്ചരിക്കുമ്പോള്‍ മഞ്ഞ് നിറഞ്ഞ പര്‍വതങ്ങള്‍ക്കിടയിലൂടെ സൂര്യാസ്തമയത്തിന്റെ കാഴ്ച അതിമനോഹരമാണ്. എന്നാലിപ്പോള്‍ ദാല്‍ തടാകത്തിലെ ശിക്കാരയാത്ര അത്ര എളുപ്പത്തില്‍ സാധ്യമാകില്ലെന്നാണ് കശ്മീരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

To advertise here,

കശ്മീരിലേക്കും പ്രത്യേകിച്ച് ശ്രീനഗറിലേക്കുമുള്ള സഞ്ചാരി പ്രവാഹം വര്‍ധിച്ചതാണ് കാരണം. നിലവിലെ സാഹചര്യത്തില്‍ ഒരു മാസം മുന്‍പെങ്കിലും ബുക്ക് ചെയ്താല്‍ മാത്രമേ ദാല്‍ തടാകത്തിലെ ഹൗസ് ബോട്ടുകളില്‍ കയറാന്‍ സാധിക്കുകയുള്ളു. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നതില്‍ ഹൗസ് ബോട്ടുകള്‍ക്കായുള്ള കാത്തിരിപ്പ് നീളാനാണ് സാധ്യത. ദാല്‍ തടാകക്കരയിലെത്തി ഹൗസ് ബോട്ട് കിട്ടാതെ നിരാശരായി മടങ്ങുന്ന സഞ്ചാരികളുടെ എണ്ണം നിരവധിയാണ്. ഈ തിരക്ക് അറിയാതെ ഹൗസ് ബോട്ടുകള്‍ എളുപ്പത്തില്‍ കിട്ടുമെന്ന് കരുതിയാണ് പലരും ബുക്ക് ചെയ്യാതെ ഇവിടെയെത്തുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് വര്‍ധിച്ചതാണ് കശ്മീരിലേക്ക് സഞ്ചാരി പ്രവാഹമുണ്ടാകാന്‍ കാരണമായത്. നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും തണുപ്പുള്ള നഗരങ്ങളിലൊന്നാണ് ശ്രീനഗര്‍. ഈ തണുപ്പ് ആസ്വദിക്കാനും ദാല്‍ തടാകത്തിലെ ഹൗസ് ബോട്ട് യാത്രക്കുമായി പതിനായിരങ്ങളാണ് ശ്രീനഗറിലേക്ക് ഓരോ ദിവസവും എത്തുന്നത്. സഞ്ചാരികള്‍ക്ക് ഹൗസ്‌ബോട്ടുകളും ശിക്കാരകളും നേരത്തെ ബുക്ക് ചെയ്യാനുള്ള അവസരം ശ്രീനഗര്‍ ഹൗസ് ബോട്ട് അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഒരു മാസം മുന്‍പ് ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ അവസരം ലഭിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദാല്‍ തടാകം ശ്രീനഗറിന്റെ 'കിരീടത്തിലെ രത്‌ന'മെന്നാണ് അറിയപ്പെടുന്നത്. ഫ്‌ളോട്ടിങ് മാര്‍ക്കറ്റുകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിന് പുറമെ ഒഴുകുന്ന പൂന്തോട്ടങ്ങളും ഒഴുകുന്ന പോസ്‌റ്റോഫീസുമെല്ലാം ഈ തടാകത്തിലുണ്ട്. 26 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വ്യാപ്തി. ഹൗസ് ബോട്ടിങ്, ശിക്കാര യാത്രകള്‍ ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. ഹൗസ് ബോട്ടുകളില്‍ ഒരു രാത്രി താമസിക്കാനുള്ള അവസരവുമുണ്ട്. ദാല്‍ തടാകത്തിന്റെ കരയിലാണ് ഇന്ദിരാ ഗാന്ധി ടുലിപ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ദാല്‍ തടാകം ഐസ് മൂടി കിടക്കുന്നതിനാല്‍ ശിക്കാര യാത്രകള്‍ നടക്കാറില്ല.