മഞ്ഞുമൂടിയ പര്‍വതങ്ങളും, പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും, സ്ഫടികം പോലെ തെളിഞ്ഞ തടാകങ്ങളും നിറഞ്ഞ കശ്മീര്‍ 'ഭൂമിയിലെ സ്വര്‍ഗം' എന്നാണറിയപ്പെടുന്നത്. കശ്മീര്‍ താഴ്വരയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദാല്‍ തടാകം. ദാല്‍ തടാകത്തിലെ ഹൗസ്‌ബോട്ടുകളില്‍ ഒരു ദിവസമെങ്കിലും താമസിക്കാതെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ണമാവില്ലെന്നാണ് പൊതുവെ പറയാറ്. സീസണ്‍ പോലും നോക്കാതെ കശ്മീരിലേക്ക് വണ്ടി കയറുന്ന ഓരോ സഞ്ചാരിക്കും ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദാല്‍ തടാകത്തിലെ ശിക്കാരകള്‍ സമ്മാനിക്കുന്നത്.
എന്നാല്‍ ദാലിലെത്തി ശിക്കാരകള്‍ വിളിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. മുന്‍പരിചയമില്ലെങ്കില്‍ ഏജന്റുകള്‍ വഴിയും മറ്റും പറ്റിക്കപ്പെടാനും അമിതമായ തുക ഈടാക്കാനുമെല്ലാമുള്ള സാധ്യതയുണ്ട്. ഇത്തരത്തില്‍ പറ്റിക്കപ്പെട്ടവരും നിരവധിയാണ്. എന്നാലിപ്പോഴിതാ ഈ പ്രതിസന്ധിക്ക് മികച്ച ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍. ജലഗതാഗത രംഗത്തേക്ക് കൂടി കടന്നുവന്ന് തങ്ങളുടെ ആപ്പില്‍ ശിക്കാര ബുക്കിങ് ഓപ്ഷന്‍ കൂടെ ഉള്‍പ്പെടുത്തിയിരിക്കയാണ് ഊബര്‍.
ഇനി ഊബര്‍ ആപ്പ് വഴി ശിക്കാര ബുക്ക് ചെയ്ത് സ്വസ്ഥമായി യാത്ര ആസ്വദിക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിമിതകാലത്തേക്കാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തുന്നത്. ഇറ്റലിയിലെ വെനീസ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊബര്‍ വഴി ജലഗതാഗത ബുക്കിംഗ് നടത്താനാകും. കശ്മീരില്‍ നിലവില്‍ ഏഴ് ശിക്കാരകളാണ് ഊബറുമായി സഹകരിക്കുന്നത്. യാത്രികര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ശിക്കാര ബുക്ക് ചെയ്യാനാകും. ഇതിനായി ശിക്കാര ഉടമകളില്‍ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്നും ഊബര്‍ വ്യക്തമാക്കി.
നിലവില്‍ നാലായിരത്തിലേറെ ശിക്കാരകളാണ് ദാല്‍ തടാകത്തില്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ ശിക്കാരകളെ വൈകാതെ ആപ്പില്‍ ഉള്‍പ്പെടുത്തും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റൈഡുകളാണ് ഊബര്‍ വഴി ബുക്ക് ചെയ്യാനാകുക. 15 ദിവസം മുന്‍പ് വരെ ശിക്കാരകള്‍ ബുക്ക് ചെയ്യാം. പരമാവധി നാല് പേര്‍ക്കാണ് ഒരു റൈഡില്‍ കയറാനാകുക. കശ്മീരില്‍ മഞ്ഞു വീഴ്ചയോട വിന്റര്‍ ടൂറിസം സജീവമാകുകയാണ്. ഈ സമയത്ത് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താനാകും.
Content Highlights: uber launches asias first shikara ride service on dal lake
Published: 02 Dec 2024, 08:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented