കുമളി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്ക്. അവധി ദിവസങ്ങളിൽ ജില്ലയിലേക്കൊഴുകിയെത്തിയത് നിരവധി പേർ. ഒരിടവേളയ്ക്കുശേഷം ആദ്യമായിട്ടാണ് ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്രയധികം തിരക്കനുഭവപ്പെടുന്നത്. ഇതര സംസ്ഥാനത്തുനിന്നുള്ള സഞ്ചാരികൾക്ക് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽനിന്നുള്ളവരും വിവിധ മേഖലകളിൽ സജീവമായിരുന്നു.

To advertise here,

ക്രിസ്മസ് അവധികളുടെ ഭാഗമായി തേക്കടിയിൽ സഞ്ചാരികളുടെ വലിയ തിരക്കാണ്. ശനിയാഴ്ച മുതൽ മുഴുവൻ ബോട്ട് സർവീസുകളിലും ഇക്കോ ടൂറിസം പരിപാടികളിലും സഞ്ചാരികളുടെ നല്ല തിരക്കാണനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും തിരക്ക് കൂടാനുള്ള സാധ്യതയാണുള്ളത്. പെരിയാർ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളായ നേച്ചർ വാക്ക്, ഗ്രീൻ വാക്ക്, പെരിയാർ ടൈഗർ ട്രയൽ തുടങ്ങിയ ട്രക്കിങ് തുടങ്ങിയവയ്ക്ക് കഴിഞ്ഞ രണ്ട് ദിവസമായി നിരവധിപേരാണ് എത്തുന്നത്.

സഞ്ചാരികൾക്കായി ബാബു ഗ്രോവ്, ഇടപ്പാളയം വാച്ച് ടവർ എന്നിവിടങ്ങളിൽ താമസ സൗകര്യവും ഒരുക്കുന്നതോടെ ഇവിടെ താമസിക്കുന്നതിന് സഞ്ചാരികളുടെ വലിയ തോതിലുള്ള അന്വേഷണങ്ങളാണെത്തുന്നത്.

വാഗമണ്ണിൽ തിരക്ക്

ക്രിസ്മസ് അവധി ആഘോഷങ്ങളുടെ ഭാഗമായി വാഗമണ്ണിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൈൻമരങ്ങളുടെ മനോഹാരിതയും തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണിൽ എത്തുന്ന ഏതൊരു സഞ്ചാരിയുടെയും പ്രധാന കാഴ്ചയാണ്. മൊട്ടക്കുന്നും അഡ്വഞ്ചർ പാർക്കിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കല്യാണത്തണ്ട് കാൽവരിമൗണ്ട് തിരക്കിലാണ്

കാഞ്ചിയാർ അഞ്ചുരുളി മുനമ്പിലും കല്യാണത്തണ്ട് കാൽവരിമൗണ്ട് മലനിരകളിലും നിരവധി വിനോദ സഞ്ചാരികളാണ് കുടുംബസമേതം സന്ദർശനം നടത്തുന്നത്. സാഹസികരായ വനോദ സഞ്ചാരികളും കൂട്ടമായെത്തുന്ന റൈഡർമാർ ഉൾപ്പെടെയുള്ള സംഘങ്ങളും നഗരസഭാ പരിധിയിൽ തന്നെയുള്ള വ്യൂ പോയിന്റായ മേട്ടുക്കുഴിമെട്ടിലെത്താറുണ്ട്.

മലങ്കരയിൽ അവധി തിരക്ക്

താഴ്വാര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മലങ്കരയിൽ അവധി ദിനങ്ങളിൽ വൻ തിരക്ക്. നാലുദിവസങ്ങളിലായി മലങ്കര ടൂറിസം ഹബ്ബിൽ അവധി ആഘോഷിക്കാനെത്തിയത് രണ്ടായിരത്തിലധികം പേരാണ്. മലങ്കരയുടെ ജലസമൃദ്ധിയും വശ്യസുന്ദരമായ പ്രകൃതിയും കാണാനുള്ള സഞ്ചാരികളുടെ തിരക്ക് വരുംദിവസങ്ങളിൽ കൂടുമെന്നുറപ്പാണ്.

രാമക്കൽമേട്ടിൽ സഞ്ചാരികളുടെ കുത്തൊഴുക്ക്

രാമക്കൽമേട്ടിലും പരിസരപ്രദേശങ്ങളിലും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. രാമക്കൽമേട്, ആമപ്പാറ, കാറ്റാടിപ്പാടം, കുരുവിക്കാനം, പ്ലെയിൻപാറ എന്നിവിടങ്ങളിലാണ് സഞ്ചാരികൾ കൂട്ടമായെത്തുന്നത്.

ഓഫ് റോഡ് ജീപ്പ് സഫാരി ഉൾപ്പെടെ ആസ്വദിക്കാൻ യുവാക്കളാണ് കൂടുതലായെത്തുന്നത്. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ പ്രദേശത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറി.