
മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു എന്നിവർ ഡാം സന്ദർശിക്കുന്നു.
സഞ്ചാരികൾക്ക് ഇടുക്കി ആർച്ച് ഡാം ഇനി നടന്ന് കാണാം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാൽ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ വർധനവ് കണക്കിലെടുത്തും എല്ലാ സഞ്ചാരികൾക്കും ഡാം കാണാൻ അവസരം ലഭിക്കണമെന്നതും പരിഗണിച്ചാണ് സർക്കാർ കാൽ നട യാത്രികർക്ക് അനുമതി നൽകാൻ തീരുമാനിച്ചതെന്ന് ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ച് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഡാമിൽ സന്ദർശന അനുമതി നൽകിയിട്ടുള്ളതെന്നും സഞ്ചാരികൾ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് ഡാം സന്ദർശന സമയം. കാൽനട യാത്രയ്ക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബഗ്ഗികാർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ട് ബഗ്ഗി കാർ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും 3750 പേർക്കാണ് സന്ദർശനാനുമതിയുള്ളത്. 2500 പേർക്ക് ഓൺലൈൻ മുഖേന കാൽനടയാത്രക്കും, 1248 പേർക്ക് ബഗ്ഗികാർ സേവനം പ്രയോജനപ്പെടുത്തിയും ഡാം സന്ദർശിക്കാം. ഓൺലൈൻ ബുക്കിംഗിൽ യാത്രക്കാർ പൂർണമായില്ലെങ്കിൽ സ്‌പോട്ട് ടിക്കറ്റിംഗ് സംവിധാനവും പ്രയോജനപ്പെടുത്താം.
മന്ത്രി റോഷി അഗസ്റ്റിന്റെ നിരന്തര ഇടപെടലുകളെ തുടർന്നാണ് സഞ്ചാരികൾക്ക് ഇടുക്കി ഡാം നടന്ന് കാണുന്നതിന് അനുമതി ലഭിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഇബി ബോർഡ് ചെയർമാൻ, ഹൈഡൽ ടൂറിസം ഡയറക്ടർ, ഇടുക്കി ജില്ലാകളക്ടർ മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിയ നിരന്തര ചർച്ചകളെ തുടർന്നാണ് ഇടുക്കി ഡാമിൽ കാൽനട യാത്രയ്ക്ക് അനുമതി ലഭ്യമായത്.
ഇന്നലെ വരെ ബഗ്ഗി കാറുകളിൽ മാത്രമായിരുന്നു സഞ്ചാരികൾക്ക് സന്ദർശനാനുമതി നൽകിയിരുന്നത്. നിലവിൽ നവംബർ 30 വരെയാണ് സന്ദർശനാനുമതി നൽകിയിട്ടുള്ളത്. ടിക്കറ്റുകൾ www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെ നിന്നു ടിക്കറ്റ് കരസ്ഥമാക്കാം.
ഡാം പരിസരത്ത് നടന്ന ടിക്കറ്റ് വിതരണോദ്ഘാടന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനിൽ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്ടം ടിക്കറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു, ഹൈഡൽ ടൂറിസം സെന്റർ സീനിയർ മാനേജർ ജോയൽ തോമസ്, ഡാംസേഫ്റ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയർ സൈന വിവിധ രാഷ്ട്രിയ സംഘടന പ്രതിനിധികളായ റോമിയോ സെബാസ്റ്റ്യൻ, ഷിജോ തടത്തിൽ എന്നിവരും മന്ത്രിക്കൊപ്പം ഡാം സന്ദർശനം നടത്തി.
Content Highlights: Explore the majestic Idukki Arch Dam on foot! Now open for walking tours with stunning views. Book your tickets today!
Published: 07 Nov 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented