മൂന്നു മാസത്തിനുശേഷം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് സന്ദര്‍ശനം പുനരാരംഭിച്ചത്. വൈകീട്ട് നാലരവരെ ഇരുന്നൂറോളം പേര്‍ അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു. അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത് എല്ലാവരും അറിഞ്ഞുവരുന്നതേയുള്ളൂ. അതിനാല്‍ വ്യാഴാഴ്ച സന്ദര്‍ശകര്‍ കുറവായിരുന്നു. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബഗ്ഗികാര്‍ യാത്രയ്ക്കും പണം നല്കണം; ടിക്കറ്റ് നിരക്ക് കൂട്ടി
പുതുക്കിയ ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ്. മുന്‍പ് കുട്ടികള്‍ക്ക് 20-ഉം മുതിര്‍ന്നവര്‍ക്ക് 40 രൂപയുമായിരുന്നു. എന്നാല്‍, അന്ന് ബഗ്ഗികാറിന് പ്രത്യേകം പണം നല്‍കണമായിരുന്നു. പുതിയ നിരക്കില്‍ ബഗ്ഗി കാറിന്റെ ചാര്‍ജും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അണക്കെട്ടിന്റെ പ്രവേശനകവാടത്തിന് വെളിയില്‍ പുതിയ ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ചു. ടിക്കറ്റ് ലഭിക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. അണക്കെട്ടിനടുത്തേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. ബഗ്ഗികാറുകളിലൂടെയാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നടന്നുകാണുവാന്‍ അനുവാദമില്ല. പഴയ നാലു ബഗ്ഗികാറുകള്‍ കൂടാതെ പുതിയതായി രണ്ടെണ്ണംകൂടി എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രണ്ടെണ്ണംകൂടി എത്തും. അപ്പോള്‍ എട്ടു ബഗ്ഗികാറുകളുണ്ടാകും. പഴയ ബഗ്ഗികാറില്‍ എട്ടുപേര്‍ക്കും പുതിയതില്‍ 13 പേര്‍ക്കും യാത്രചെയ്യാന്‍ കഴിയും.
സന്ദര്‍ശനം വെള്ളാപ്പാറ വഴി
വെള്ളാപ്പാറ വഴിമാത്രമേ സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. അണക്കെട്ടിനു സമീപമുണ്ടായിരുന്ന കച്ചവടക്കാരെ ഗസ്റ്റ് ഹൗസിനു സമീപത്തേക്കുമാറ്റി. ടിക്കറ്റ് കൗണ്ടറിനുസമീപം സന്ദര്‍ശകരുടെ മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗുകള്‍ തുടങ്ങിയവ സൂക്ഷിക്കുവാനുള്ള ക്ലോക്ക് റൂം സ്ഥാപിച്ചിട്ടുണ്ട്. രണ്ടാമത്തെ കൗണ്ടറിനു സമീപമാണ് ടിക്കറ്റ് നല്‍കുന്നത്.
പരിശോധനയ്ക്ക് കൂടുതല്‍ പോലീസുകാരെ നിയമിച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്. ലഗേജുകള്‍ ഒന്നും കൊണ്ടുപോകാന്‍ അനുവദിക്കില്ല. വൈകീട്ട് 4.30 വരെ മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിലക്കിയത് ഇതിന്
സുരക്ഷാ പാളിച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് െസപ്റ്റംബര്‍ 11-ന് അണക്കെട്ടിലേക്കുള്ള സന്ദര്‍ശനം വിലക്കിയത്. ഒരാള്‍ അണക്കെട്ടില്‍ കയറി ഉയരവിളക്കുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടറുകള്‍ ഉയര്‍ത്തുന്ന ഉരുക്കുവടത്തില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്. ജൂലായ് 22-ന് നടന്ന സംഭവം ഒന്നരമാസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്.
Content Highlights: Idukki and Cheruthoni dams open to visitors
Published: 22 Dec 2023, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented