ലോകത്തില്‍ ഏറ്റവുമധികം സഞ്ചാരികളെ സ്വീകരിക്കുന്ന ദ്വീപുകളിലൊന്നാണ് ഹവായ്. ഹവായിലെ ബീച്ചുകളില്‍ ഉല്ലസിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികളും കുറവാണ്. നീലാകാശം, അതിലും നീലനിറത്തില്‍ നീണ്ടുപരന്നു കിടക്കുന്ന കടല്‍, പൊതുവേ പ്രശാന്തമായ കാലാവസ്ഥയും ചുറ്റുപാടുകളും. വെക്കേഷന്‍ ചിലവഴിക്കാന്‍ ലോകത്തെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകളിലൊന്നാണ് ഹവായ്. അതില്‍ പ്രധാനപ്പെട്ട ദ്വീപുകള്‍ ഹവായ്, മാവി, ഒവാഹു, ക്വവായ്, എന്നിവയാണ്.

To advertise here,

എന്നാല്‍ ഭാവിയിലെ ഹവായ് യാത്രകക്ക് ചെലവേറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമിതമായ ടൂറിസത്തിന്റെ പ്രതിസന്ധികള്‍ നേരിടുന്ന ഹവായ് വിനോദ സഞ്ചാരികളെ നിയന്ത്രിക്കായി തീരുമാനിച്ചിരിക്കുകയാണ്. 

ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്താനാണ് ദ്വീപ് അധികൃതരുടെ തീരുമാനം. ഗ്രീന്‍ ഫീ എന്ന പേരില്‍ ഏര്‍പ്പെടുത്തുന്ന ഈ നികുതി 50 ഡോളറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹവായിയുടെ പ്രകൃതി സമ്പത്തുകളെ സംരക്ഷിക്കലാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. ദ്വീപുകളിലെ അതിമനോഹരമായ ബീച്ചുകളിലേക്ക് ഉണ്ടാകുന്ന സഞ്ചാരി പ്രവാഹം നിയന്ത്രിക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

പത്ത് ലക്ഷത്തോളം സഞ്ചാരികളാണ് ഓരോ വര്‍ഷവും തങ്ങളുടെ ദ്വീപുകളിലേക്ക് എത്തുന്നതെന്ന് ഹവായി ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ വ്യക്തമാക്കി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതോടൊപ്പം മറ്റ് വിഷയങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വരുന്ന സഞ്ചാരികളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുകയെന്നതും ലക്ഷ്യമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

15 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കാണ് ഈ നികുതി നല്‍കേണ്ടി വരിക. ഇതിലൂടെ 400-500 മില്യണ്‍ ഡോളറിന്റെ അധിക വരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സഞ്ചാരികള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയോ അവരെ ഹവായ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കലോ തങ്ങളുടെ ലക്ഷ്യമല്ലെന്നാണ് ഗ്രീന്‍ ഫീസിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്.

നേരത്തെ ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ബാര്‍സലോണ നിലവിലുള്ള ടൂറിസം നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അമിത ടൂറിസത്തെ തുടര്‍ന്ന് സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനും ഗുണമേന്മയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമാണ് ബാര്‍സലോണ നികുതി വര്‍ധിപ്പിച്ചത്.