കേരളത്തിലെ ആളുകളുടെ ദയയേയും സ്‌നേഹത്തേയും വാനോളം പ്രശംസിച്ച് വിദേശവിനോദ സഞ്ചാരിയായ യുവതി. കേരളം എന്റെ ഹൃദയം അലിയിക്കുന്നുവെന്ന കുറിപ്പോടെയാണ് വിദേശിയായ യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ ട്രാവൽ വ്‌ളോഗറായ മരിയ ഗ്രീൻ ആണ് ഒരു കടയുടമയിൽ നിന്ന് തനിക്കുണ്ടായ ഹൃദ്യമായ അനുഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

To advertise here,

മരിയ ഗ്രീനും സുഹൃത്തും കേരളത്തിലെ ഒരു കടയിലെത്തിയ ശേഷം കുറെയേറെ സാധനങ്ങൾ വാങ്ങിയിരുന്നു. ഒരു കൊക്കകോള, രണ്ട് പ്രോട്ടീൻ ഷെയ്ക്കുകൾ, ഓറിയോ ബിസ്‌കറ്റും ലെയ്‌സും ഉൾപ്പെടെയുള്ള പലഹാരങ്ങൾ എന്നിവയെല്ലാമാണ് വാങ്ങിയത്. ഒരു യൂറോയിൽ താഴെ മാത്രമാണ് ഇത്രയും സാധനങ്ങൾ വാങ്ങിയതിന് ആ കടക്കാരൻ ഈടാക്കിയതെന്നാണ് ഗ്രീൻ പറയുന്നത്. ഇത് വിശ്വസിക്കാൻ കഴിയാത്തതാണെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.

ചില്ലറ ലഭ്യമല്ലാത്തതിനാൽ കടക്കാരൻ ചോക്ലേറ്റ് നൽകിയതും അവർ പറയുന്നുണ്ട്. 95 സെന്റ് ആയിരുന്നു ഞാൻ വാങ്ങിയ സാധനങ്ങളുടെ വില. ഞാൻ 100 ആണ് നൽകിയത്. അവരുടെ കൈയിൽ ചില്ലറ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കടയുടമ എനിക്ക് ഈ ചോക്ലേറ്റ് നൽകിയെന്നും ഗ്രീൻ പറയുന്നു. കേരളത്തിലെ ആളുകളെല്ലാം വളരെ ദയയുള്ളവരും സ്‌നേഹമുള്ളവരുമാണെന്നാണ് ഗ്രീൻ തന്റെ വീഡിയോയിൽ പുകഴ്ത്തുന്നത്.

ഇന്ത്യ എന്നെ അദ്ഭുതപ്പെടുത്തിയെന്നും ഈ രാജ്യത്തുടനീളം യാത്ര ചെയ്യുന്നത് വലിയ സന്തോഷമാണെന്നും ഗ്രീൻ അടുത്തിടെ മറ്റൊരു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നെന്നും ഓർക്കുന്ന കുറേയേറെ ഓർമകൾ ഇന്ത്യ നൽകി, തിരക്കുകളിൽ നിന്ന് ദയയിലേക്കുള്ള ഈ യാത്രകൾ ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ഇന്ത്യയോട് വിടപറയുന്നത് ഞങ്ങൾ പ്രതീക്ഷിച്ചതിലും ഏറെ പ്രയാസമായിരുന്നുവെന്നാണ് ഗ്രീൻ തന്റെ വീഡിയോയിൽ പറയുന്നത്.

ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ ഇതിൽ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് സ്വാഗതമെന്നും, ഇതാണ് യഥാർഥ കേരളാ സ്റ്റോറിയെന്നും, നിങ്ങൾക്ക് ഈ സ്ഥലം ഇഷ്ടപ്പെട്ടതിൽ സന്തോഷമെന്നും നിങ്ങൾ പഴയ കൊച്ചി കാണാൻ പോകണം അവിടെ ധാരാളം കാര്യങ്ങൾ നിങ്ങൾക്ക് കാണാനുണ്ടെന്നുമെല്ലാമാണ് വീഡിയോയിലുള്ള കമന്റുകൾ.