ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായതെന്ന് യു.എസ്.എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയുണ്ടായ ചെറിയ തീപ്പിടിത്തം പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥരായ റോയല്‍ കരീബിയന്‍ കമ്പനി പ്രതിനിധി വ്യക്തമാക്കി. എന്നാല്‍ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല
അപകടത്തെ തുടര്‍ന്ന് കപ്പലിലെ വൈദ്യുതി ബന്ധത്തിന് തകരാറുണ്ടായെന്നും എന്നാല്‍ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം തീപ്പിടുത്തത്തിന്റെ കാരണമോ എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നോ കപ്പലിന്റെ കൃത്യമായ ലൊക്കേഷനോ കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. അമേരിക്കയിലെ മയാമിയില്‍ നിന്നാണ് കപ്പല്‍ ആദ്യയാത്ര പുറപ്പെട്ടത്. ക്രൂസ് മാപ്പറിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ മെക്‌സിക്കോയിലാണ് കപ്പലുള്ളത്.
അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. 20 നിലകളുള്ള കപ്പലിന് 365 മീറ്ററാണ് നീളം. ഭാരം 2,50,800 ടണ്‍. പരമാവധി 7600 യാത്രക്കാരെ ഉള്‍ക്കൊള്ളും. 2350 ജീവനക്കാരുണ്ട്. ആഡംബരങ്ങള്‍ കുത്തിനിറച്ച കപ്പലിന്റെ നിര്‍മ്മാണ രീതിയ്‌ക്കെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ കപ്പലിലുണ്ട്. അമ്പതോളം സംഗീതജ്ഞരും ഹാസ്യാവതാരകരുമുണ്ട്. ഫിന്‍ലന്‍ഡിലെ തുര്‍ക്കുവില്‍ 900 ദിവസമെടുത്താണ് കപ്പല്‍ പണിതത്. ഏകദേശം 16,624 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ദ്രവീകൃത പ്രകൃതിവാതകമാണ് ഇന്ധനം.
തീര്‍ത്തും പ്രകൃതിസൗഹൃദമാണ് കപ്പലിന്റെ രൂപകല്പന എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. ടൈറ്റാനിക്കിനേക്കാള്‍ അഞ്ചു മടങ്ങാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ഭാരം. 46,328 ടണ്‍ ആയിരുന്നു ടൈറ്റാനിക്കിന്റെ ഭാരം. നീളം 882 അടിയും. ന്യൂയോര്‍ക്ക് സിറ്റിയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 52 അടിയുടെ കുറവ് മാത്രമാണ് കപ്പലിനുള്ളത്. 1,250 അടിയാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ നീളം. ഐക്കൺ ഓഫ് ദ സീസിന് 1,196 അടി നീളവും 2,50,800 ടൺ ഭാരവുമുണ്ടെന്നാണ് കണക്ക്.
എട്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന 20 നിലകപ്പലില്‍ കോക്ടെയില്‍ ബാര്‍ അടങ്ങിയ നീന്തല്‍ക്കുളങ്ങള്‍, ലൈവ് ഡിജെ പരിപാടികള്‍, മനുഷ്യനിര്‍മിത വെള്ളച്ചാട്ടം, കടലിലെ ഏറ്റവും വലിയ വാട്ടര്‍പാര്‍ക്ക് അടക്കം ഒരുക്കിയിട്ടുണ്ട്. 55 അടി വിസ്തൃതിയിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. 40 ബാറുകള്‍, റസ്റ്റോറന്റുകള്‍, കാസിനോ, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഗെയിമിങ് റൂം, ജിം, ലക്ഷ്വറി സ്പാ, കുട്ടികള്‍ക്ക് പ്രത്യേക പാര്‍ക്കുകള്‍, ഹെയര്‍ സലൂണ്‍, തീയേറ്ററുകള്‍, ആകാശ നടപ്പാത, കടല്‍ കാഴ്ചകള്‍ കണ്ടു നടക്കാന്‍ കപ്പല്‍ വശങ്ങളില്‍ നടപ്പാത, പൂന്തോട്ടങ്ങള്‍, ഐസ് സ്‌കേറ്റിങ്, പുറത്തെ കാഴ്ചകള്‍ കാണുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന സീലിങ്ങുകളും ജനാലകള്‍, 55 അടിയില്‍ ഒരുക്കിയിരിക്കുന്ന അക്വാ ഡോം തുടങ്ങിയവ അടങ്ങുന്നതാണ് കപ്പല്‍. ഒരേ സമയം 1300ഓളം പേര്‍ക്ക് ഇരുന്ന് ആസ്വദിക്കാന്‍ പാകത്തിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. ഭക്ഷണ പ്രേമികളായവര്‍ക്ക് വിവിധ രാജ്യങ്ങളിലെ വിവിധ ഭക്ഷണവിഭവങ്ങളും കപ്പലില്‍ ലഭ്യമാണ്.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് 1542 ഡോളറാണ് യാത്രയ്ക്കായി ഈടാക്കുന്നത്. ഏകദേശം 1,28,251 ഇന്ത്യന്‍ രൂപ.
Content Highlights: fire breaks out on world’s largest cruise ship icon of the seas
Published: 28 Jun 2024, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented