വേനലവധി ആരംഭിച്ചതോടെ ജടായുപ്പാറയിലെ കാഴ്ചകള്‍ കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്കാണ്. ലോകത്തെ ഏറ്റവുംവലിയ പക്ഷിശില്പമാണ് പാറമുകളില്‍ സഞ്ചാരികള്‍ക്ക് ആവേശമേകി നിലകൊള്ളുന്നത്. പാറമുകളിലേക്കുള്ള കേബിള്‍ കാര്‍ യാത്രയും ത്രില്ലടിപ്പിക്കുന്ന അനുഭവമാണ്. കുട്ടികള്‍ക്ക് കളിക്കോപ്പുകളും 12 ഡി തിയേറ്ററും എര്‍ത്ത്‌സെന്ററിലുണ്ട്. 

To advertise here,

പ്രത്യേക കൗണ്ടറിലൂടെ ടിക്കറ്റ് ലഭിക്കും. രാവണന്റെ വെട്ടേറ്റു നിലംപതിച്ച ജടായുവിന് ശ്രീരാമന്‍ മോക്ഷം നല്‍കിയ സ്ഥലമാണിതെന്നാണ് വിശ്വാസം. ജീവന്‍ വെടിയുംമുന്‍പ് പാറയില്‍ കൊക്കുകൊണ്ട് ഉരസിയപ്പോഴുണ്ടായ കൊക്കരണി എന്നറിയപ്പെടുന്ന ജലസ്രോതസ്സ് ഇവിടെയുണ്ട്. പാറമുകളില്‍ വടക്കേ ഇന്ത്യന്‍ മാതൃകയില്‍ നിര്‍മിച്ച ശ്രീരാമക്ഷേത്രവും കാണാം. പാറമുകളില്‍ വാനരയൂട്ടും നിത്യേനയുണ്ട്.

ടിക്കറ്റ് നിരക്ക്

ഫെസ്റ്റിവല്‍ സീസണായ ഏപ്രില്‍ ഒന്‍പതുമുതല്‍ 20 വരെ 610 രൂപയും സാധാരണ ദിവസങ്ങളില്‍ 555 രൂപയുമാണ് (കേബിള്‍ കാര്‍) നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പത്തുശതമാനം ഇളവുണ്ട്. നടപ്പാത വഴിയുള്ള യാത്രയ്ക്ക് ഫെസ്റ്റിവല്‍ സീസണില്‍ 355 രൂപയും സാധാരണ 325 രൂപയുമാണ് നിരക്ക്.

വഴി

കൊല്ലത്തുനിന്ന് 37 കിലോമീറ്റര്‍ ദൂരമാണ് ജടായു ടൂറിസം സെന്ററിലേക്ക്. കണ്ണനല്ലൂര്‍, പൂയപ്പള്ളി, ആയൂര്‍, ചടയമംഗലം വഴിയും കൊല്ലം പാരിപ്പള്ളി, പള്ളിക്കല്‍, ചടയമംഗലം വഴി എംസി റോഡിലൂടെയും എത്താം. കൊട്ടാരക്കരയില്‍നിന്ന് ബസിലും എളുപ്പത്തിലെത്താം. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് സന്ദര്‍ശനസമയം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആറുവരെ.

കാണാം കല്ലടത്തണ്ണി വെള്ളച്ചാട്ടം

ജടായു എര്‍ത്ത് സെന്ററില്‍നിന്ന് ഏഴുകിലോമീറ്റര്‍ ദൂരെയുള്ള കല്ലടത്തണ്ണിയും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു. ഇത്തിക്കരയാറിന്റെ ഒരുഭാഗത്ത് ഹന്ന എസ്റ്റേറ്റ്. മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴ. നാലുവശത്തും പച്ചപ്പും കാട്ടുവള്ളികളും ഇടതൂര്‍ന്നു നില്‍ക്കുന്ന അപൂര്‍വമരങ്ങളും.ഇവിടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം. ഫോട്ടോ ഷൂട്ടിനും പറ്റിയ ഇടം. ഇതിനടുത്തുള്ള വട്ടത്തില്‍ തങ്ങള്‍ കബറിസ്താന്‍ സകല മതസ്ഥരുടെയും ആരാധനാകേന്ദ്രമാണ്.

ചടയമംഗലം-പള്ളിക്കല്‍ പാതയില്‍ പോരേടം കല്ലടത്തണ്ണി പാലത്തിനടുത്തുനിന്ന് 600 മീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിലെത്താം. കോട്ടുക്കല്‍ ഗുഹാക്ഷേത്രമാണ് അടുത്തുള്ള മറ്റൊരു കാഴ്ച. ജടായുപ്പാറയിലെത്തുമ്പോള്‍ ഇതുകൂടി കാണാം. 10 കിലോമീറ്ററാണ് ദൂരം.