
സൈക്കിള്‍യാത്രകള്‍ സുഖകരമായ ഒന്നാണ്... ആരോഗ്യകാര്യത്തിലായാലും സൈക്കിള്‍ ചവിട്ടുന്നത് ഗുണമുള്ളകാര്യമാണ്. എന്നാല്‍, സൈക്കിളില്‍ ഒരു ടൂര്‍ പോയാലോ... അതും ഇ-സൈക്കിളില്‍, കൊച്ചിയുടെ പഴമയിലേക്ക്...?
ഇന്ത്യയിലെ ഇലക്ട്രിക് വാഹനടൂറിസം രംഗത്തെ മുന്‍നിരക്കാരും ഇക്കോടൂറിസം സ്റ്റാര്‍ട്ട് അപ്പുമായ 'ബി: ലൈവ്' സൈക്കിള്‍ ടൂര്‍ സംഘടിപ്പിക്കുന്നു. സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിളുകളുടെ സഹായത്തോടെ പരിസ്ഥിതി സൗഹൃദ ടൂര്‍ പാക്കേജാണ് ഒരുക്കുന്നത്. സൈക്കിള്‍ ചവിട്ടാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇത് ബൈക്ക് ആയും ഉപയോഗിക്കാം.
വ്യത്യസ്തമായ ഈ യാത്രയിലൂടെ കൊച്ചിയെ അടുത്തറിയാന്‍ സഞ്ചാരികള്‍ക്ക് കഴിയും. സംസ്ഥാനത്തിന്റെ കലാപാരമ്പര്യം, പൈതൃകം, സംസ്‌കാരം, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയെല്ലാം ബി: ലൈവിന്റെ ടൂറിലൂടെ സഞ്ചാരികളെ പരിചയപ്പെടുത്തും.
കൊച്ചിയുടെ ഹൃദയത്തിലേക്ക്
ഫോര്‍ട്ടുകൊച്ചി എന്ന പേര് കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. ടൂറിസ്റ്റുകള്‍ അടക്കം തേടിയെത്തുന്നതും ഫോര്‍ട്ടുകൊച്ചിയെയാണ്. അതിനാല്‍, ഫോര്‍ട്ടുകൊച്ചിയുടെ തികച്ചു വ്യത്യസ്തമായ അനുഭവമാണ് ഈ ടൂറിലൂടെ ഒരുക്കുന്നത്. ചീനവല, ജൂതത്തെരുവ്, ഡച്ചുകൊട്ടാരം, ചര്‍ച്ചുകള്‍ തുടങ്ങിയ ഫോര്‍ട്ടുകൊച്ചിയിലെ ചരിത്രപ്രധാന സ്ഥലങ്ങള്‍ ടൂറിലൂടെ അനുഭവിച്ചറിയാം.
ഗോവ, പുതുച്ചേരി, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിജയകരമായ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് സംരംഭം കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

കേരളത്തിലെത്തുന്ന സഞ്ചാരികള്‍ പ്രധാനമായും സമയം ചെലവഴിക്കുന്നത് കൊച്ചി ഭാഗത്താണ്. അതിനാലാണ്, കൊച്ചി കേന്ദ്രീകരിച്ച് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് സംരംഭത്തിന്റെ സ്ഥാപകരായ സമര്‍ത്ഥ് ഖേല്‍ക്കറും സന്ദീപ് മുഖര്‍ജിയും പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലുള്ള സന്ദീപിന്റെ താത്പര്യവും ടൂറിസം മേഖലയിലുള്ള സമര്‍ത്ഥിന്റെ അറിവുമാണ് 'ബി: ലൈവ്' സംരംഭത്തിലേക്ക് നയിച്ചത്.
പരിസ്ഥിതിസൗഹൃദ യാത്ര
സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിളുകളില്‍ ഗൈഡുകളുടെ സഹായത്തോടെ പരിസ്ഥിതി സൗഹൃദ ടൂര്‍ പാക്കേജ് ആണ് 'ബി: ലൈവ്' ഒരുക്കുന്നത്. ഇതിനോടകം ഇന്ത്യയില്‍ ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ടൂറിസം മന്ത്രാലയവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭം നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ടൂറിന് പങ്കെടുക്കാന്‍ എത്തുന്നവര്‍ പ്ലാസ്റ്റിക് കവറുകളും മറ്റും കൊണ്ടുവരാന്‍ പാടില്ല. അഥവാ എന്തെങ്കിലും പ്ലാസ്റ്റിക് സാധനം കൊണ്ടുവന്നാല്‍ ടൂര്‍ കഴിഞ്ഞ് പോകുമ്പോള്‍ തിരികെ കൊണ്ടുപോകണം. പ്രകൃതിക്ക് ഒരുവിധത്തിലും കോട്ടം തട്ടരുത് എന്നത് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം കൂടിയാണ്.
മൂന്നുതരം സൈക്കിളുകളാണ് സംരംഭത്തിനുള്ളത്. ഇതില്‍ ഈസി, സിറ്റി സൈക്കിളുകള്‍ കൊച്ചിയില്‍ ലഭ്യമാണ്. അഡ്വഞ്ചര്‍ സൈക്കിളുകളുമുണ്ട്. ബി: ലൈവിന്റെ (b:live) വെബ്‌സൈറ്റ് വഴിയാണ് ടൂര്‍ ബുക്ക് ചെയ്യണ്ടത്. കൊച്ചിയിലെ പ്രധാന ഹോട്ടലുകളുമായും സഹകരണമുണ്ട്.
ടൂറിലെ സൗകര്യങ്ങള്‍
വില്ലിങ്ടണ്‍ ഐലന്‍ഡില്‍ നിന്നാണ് ടൂര്‍ ആരംഭിക്കുന്നത്. പരിശീലനം സിദ്ധിച്ച ക്യാപ്റ്റന്‍, ലഘുഭക്ഷണ പാനീയങ്ങള്‍, സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്ലിങ് ബാഗ്, കുപ്പിവെള്ളം, സേഫ്റ്റി ഗിയര്‍, പ്രാഥമിക ചികിത്സ, സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ബാക് അപ്പ് സപ്പോര്‍ട്ട് എന്നിവ ടൂറില്‍ ഉള്‍പ്പെടുന്നുണ്ട്.
ഓരോ ടൂറും ഒരു ക്യാപ്റ്റനായിരിക്കും നയിക്കുക. ക്യാപ്റ്റനായിരിക്കും ഓരോന്നും വിശദീകരിക്കുക. കൂടാതെ, സഞ്ചാരികള്‍ക്കായി തികച്ചും നാടന്‍ ഭക്ഷണമാണ് ഒരുക്കുന്നത്.
സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിളാണ് മറ്റൊരു പ്രത്യേകത. ഒറ്റ ചാര്‍ജില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കും. മള്‍ട്ടി ഡിസ്‌പ്ലേയോടു കൂടിയ ഡിജിറ്റല്‍ സ്‌ക്രീന്‍, ആക്‌സിലറേറ്റര്‍, സുരക്ഷിതമായ റൈഡിങ്ങിനുള്ള പെഡല്‍ അസിസ്റ്റ് എന്നിവ ശ്രദ്ധേയമാണ്.
11 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇലക്ട്രിക് സൈക്കിളുകള്‍ നല്‍കുന്നത്. 11 വയസ്സിന് തഴെയുള്ളവര്‍ക്ക് ഇരുചക്ര വാഹനസൗകര്യം ലഭ്യമാണ്. എന്നാല്‍, ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടതായുണ്ട്. സംരംഭത്തെ ഇത് നേരത്തെതന്നെ അറിയിക്കുകയും വേണം.മൂന്നു മണിക്കൂറാണ് ടൂര്‍ സമയം. എല്ലാ ദിവസവും രാവിലെ എട്ടു മണിക്കും വൈകീട്ട് മൂന്നു മണിക്കുമാണ് ടൂര്‍ ആരംഭിക്കുക. 2,000 രൂപയാണ് ടൂറിനായി ഒരാള്‍ക്ക് ഈടാക്കുന്നത്.
Content Highlights: E-cycle ride in Kochi Mathrubhumi Yathra
Published: 09 Mar 2020, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented