കേരളത്തിന്റെ ടൂറിസംമേഖല ഉണര്‍വിന്റെ പാതയിലാണ്. കഴിഞ്ഞവര്‍ഷം രണ്ടേകാല്‍ കോടിയോളം ആഭ്യന്തരവിനോദസഞ്ചാരികളും ഏഴരലക്ഷത്തോളം വിദേശ വിനോദസഞ്ചാരികളും കേരളത്തിലെത്തിയെന്നാണ് കണക്ക്. കോവിഡനന്തര കേരളത്തില്‍, ടൂറിസം മേഖലയില്‍ വളര്‍ച്ച കൈവരിച്ചെങ്കിലും മലബാറിന്റെ വിനോദസഞ്ചാര മേഖലയില്‍ വേണ്ടത്ര മുന്നേറ്റമുണ്ടായിട്ടില്ല. അടിസ്ഥാനസൗകര്യവികസനത്തിന്റെ അപര്യാപ്തത മലബാറിന്റെ വികസനക്കുതിപ്പിനെ പതിറ്റാണ്ടുകളോളം പിന്നോട്ടടിച്ചിരുന്നു.

To advertise here,

എന്നാല്‍, കരിപ്പൂരിനുപുറമേ കണ്ണൂര്‍ വിമാനത്താവളവും യാഥാര്‍ഥ്യമായതോടെ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. ദേശീയപാത 66-ഉം, കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയും പൂര്‍ത്തിയാകുന്നതോടെ മലബാറിലെ വിനോദസഞ്ചാരത്തിന് കൂടുതല്‍ സാധ്യത കൈവരും.

പുതിയകാലത്ത് ടൂറിസം മേഖലയ്ക്കും വൈവിധ്യവത്കരണം ആവശ്യമാണ്. തനത് രുചികളുടെയും കലകളുടെയും സംസ്‌കാരത്തിന്റെയും നേരനുഭവങ്ങള്‍ നല്‍കുന്ന 'എക്‌സ്പിരിയെന്‍ഷ്യല്‍ ടൂറിസ'ത്തിനും സാധ്യതകളുണ്ട്. ചാലിപ്പുഴയിലെയും ഇരുവഞ്ഞിപ്പുഴയിലെയും ഓളങ്ങളില്‍ ആവേശം തീര്‍ക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് അന്താരാഷ്ട്ര പ്രശസ്തി നേടിക്കഴിഞ്ഞു. ഇതേമാതൃകയില്‍ മലബാറിലെ മറ്റുജില്ലകളിലെ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകളും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങാണ് ടൂറിസം മേഖലയില്‍ ട്രെന്‍ഡ്. ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെ മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ പ്രിയപ്പെട്ട വെഡ്ഡിങ് ഡെസ്റ്റിനേഷനാണ് കേരളം. ഇതിലൂടെ ടൂറിസംമേഖലയില്‍ മികച്ച വരുമാനം കണ്ടെത്താന്‍ സാധിക്കും. വയനാടിന്റെ ഭൂപ്രകൃതിയും ബേക്കലിലെ കടല്‍ത്തീരങ്ങളുമെല്ലാം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന് യോജിച്ചതാണ്. അഡ്വഞ്ചര്‍ ടൂറിസത്തിനും സാധ്യതയേറെ.

സാഹസിക ജലവിനോദങ്ങളും ട്രക്കിങ്ങും സ്‌കൈ അഡ്വഞ്ചറുമെല്ലാം മലബാറിലുണ്ടെങ്കിലും ആളുകളിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. അഡ്വഞ്ചര്‍ ടൂറിസത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മലബാറിന്റെ ടൂറിസം സാധ്യതകളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള വേദിയായി മാറും 'മാതൃഭൂമി ഗേറ്റ് വേ ടു മലബാര്‍ കോണ്‍ക്ലേവ്'.