ഇന്ത്യൻ റെയിൽവേയുടെ യാത്രാ സൗകര്യങ്ങളെ പ്രശംസിച്ച് ബ്രിട്ടീഷ് ദമ്പതികൾ. നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച മാർഗമാണ് ഇന്ത്യൻ റെയിൽവേയെന്നാണ് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. തങ്ങളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി ഇന്ത്യയിലുടനീളം യാത്ര ചെയ്യുകയാണ് ദമ്പതികൾ. കുട്ടികളുമായി എത്തുന്നവരോട് ഇന്ത്യയിലുള്ളവർ കാണിക്കുന്ന അതിരറ്റ സ്‌നേഹത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു. 'രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി ഇന്ത്യയിൽ യാത്ര ചെയ്തപ്പോഴുള്ള അനുഭവങ്ങൾ' എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹാസൽ ലിൻഡ്‌സെ, മാർട്ടിൻ ബെയ്‌ലി എന്നീ ദമ്പതികളാണ് മകൻ അലക്‌സാണ്ടറുമൊത്ത് യാത്ര ചെയ്തത്. ഏറ്റവും മികച്ച അനുഭവം കുഞ്ഞിനോടൊപ്പമുള്ള ട്രെയ്ൻ യാത്രയായിരുന്നുവെന്ന് അവർ പറയുന്നു. 'ഞ്ങ്ങൾക്ക് ട്രെയിൻ യാത്രൾ വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ മകൻ അലക്‌സാണ്ടർ ജനിച്ചപ്പോഴും അവനും ഈ യാത്ര ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഏറ്റവും മികച്ച മാർഗം ഇന്ത്യൻ റെയിൽവേ തന്നെയാണ്. ട്രെയിനുകൾ മിക്കവാറും കൃത്യസമയത്ത് ഓടുന്നുണ്ട്. മൊബൈൽ ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും വളരെ എളുപ്പമാണ്. ചില റെയിൽവേ സ്റ്റേഷനുകളിൽ നല്ല തിരക്കുണ്ടാകാറുണ്ട്. എങ്കിലും ലിഫ്റ്റുകളും ചുമട്ടുതൊഴിലാളികളും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ഞങ്ങളുടെ അടുത്ത് വലിയൊരു ബാഗേജ് തന്നെയുണ്ടായിരുന്നു.'-അവർ വീഡിയോയിൽ പറയുന്നു.
ഈ യാത്രയ്ക്കിടയിലെ ബഹളങ്ങൾക്കിടയിലാണ് കുഞ്ഞ് സുഖമായി ഉറങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. 'ഞങ്ങൾ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോഴും മട്ടൻ ബിരിയാണി കഴിച്ചു കൊണ്ടിരിക്കുമ്പോഴുമെല്ലാം അവൻ ബേബി കാരിയറിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. കാണുന്നവരെല്ലാം കുഞ്ഞിനോട് വിശേഷങ്ങൾ ചോദിക്കും. അവരെല്ലാം കുഞ്ഞിനെ എടുത്ത് ലാളിക്കും. ഇതെല്ലാം വളരെ പോസിറ്റീവായാണ് കാണുന്നത്.'-ലിൻഡ്‌സെ പറയുന്നു. റസ്റ്ററന്റുകളിൽ പോകുമ്പോൾ കുഞ്ഞിന് കിടക്കാനായി മനോഹരമായി ചെറിയ തൊട്ടിലുകൾ മേശയ്ക്കരികിൽ എത്തിച്ചുതരാറുണ്ടെന്നും ദമ്പതികൾ പറയുന്നു.
ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം മുഴുവൻ വേണമെന്നാണ് പറയാറുള്ളത്. ഇന്ത്യ അത്തരമൊരു ഗ്രാമമാണ്'-എന്നായിരുന്നു ഒരു പ്രതികരണം. 'നിങ്ങൾ അമൃത്സർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇതുവരെ പോയിട്ടുണ്ടോ? നിങ്ങൾ അങ്ങനെ പദ്ധതിയിടുന്നുണ്ടെങ്കിൽ, നിങ്ങളെ സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു! നിങ്ങളുടെ ഇന്ത്യാ യാത്ര ആസ്വദിക്കൂ.'എന്നാണ് മറ്റൊരാൾ കുറിച്ചത്.
Content Highlights: Indian Railways is highly recommended for families with infants., The couple highlighted the welcoming nature of Indian culture toward babies.,
Published: 16 May 2026, 01:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented