ജൂണ്‍ 21-നാണ് ബ്രസീലിയന്‍ ഹൈക്കറും പ്രശസ്ത നര്‍ത്തകിയുമായ ജൂലിയാന മാരിന്‍സ് ഇന്തൊനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പര്‍വതനിരയായ ഗുനുങ് റിന്‍ജാനിയിലെ പാറക്കെട്ടുകളില്‍ വീണ് മരിച്ചത്. നാലുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ജൂലിയാനയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായത്. പര്‍വതാരോഹണത്തിന് പോകുന്നതിന് മുമ്പ് ജൂലിയാന തന്റെ അമ്മയ്ക്ക് അയച്ച വൈകാരികമായ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

To advertise here,

നിങ്ങളോട് യാത്ര പറയുന്നതിനോളം കഠിനമായ യാതൊരു പ്രതിസന്ധികളെയും ഞാന്‍ അഭിമുഖീകരിക്കുന്നില്ല. അത്രയേറെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കും യാത്ര പറയുന്നത് അങ്ങേയറ്റം ഹൃദയഭേദകമാകുന്നത്. യാത്ര ചോദിക്കുമ്പോള്‍ നിങ്ങള്‍ക്കും സഹോദരിക്കുമുണ്ടാകുന്ന വിഷമം എന്നെ ആശങ്കപ്പെടുത്തുന്നു. മറ്റൊരു പ്രതിസന്ധികളും എന്നെ ബാധിക്കാറില്ലെന്നായിരുന്നു ജൂലിയാന തന്റെ അമ്മയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. 

ഏത് പ്രശ്‌നങ്ങളേയും സധൈര്യം അഭിമുഖീകരിക്കുകയും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ യാത്ര ചെയ്യുകയും ചെയ്ത ഒരു സ്ത്രീയാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ ഞാനും അങ്ങനെ തന്നെയാണ്. വളരെയേറെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമാണ് എനിക്ക് പൂര്‍ത്തിയാക്കാനുള്ളത്. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ ഭയമില്ലാതെ സഞ്ചരിക്കാന്‍ എനിക്ക് കരുത്തേകുന്നത് നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് ഞാന്‍ നന്ദിയും സ്‌നേഹവും ഉള്ളവളായിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. 

ഇന്തൊനേഷ്യന്‍ അധികൃതര്‍ നല്‍കിയ വിശദീകരണം അനുസരിച്ച് പര്‍വതനിരയില്‍ നിന്ന് 490 അടി താഴ്ചയിലേക്കാണ് ജൂലിയാന വീണത്. പുലര്‍ച്ചെ 6.30-ആയിരുന്നു അപകടമെന്നുമാണ് വിവരം. അപകട വിവരം അറിഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആ മേഖലയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥയും കൊടുങ്കാറ്റുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചത്. നാലുദിവസത്തിന് ശേഷമാണ് ജൂലിയാനയെ പുറത്തെത്തിച്ചത്.  

മരണത്തിന് പിന്നാലെ തന്നെ ജൂലിയാനയുടെ കുടുംബാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. സംഭവം അറിഞ്ഞയുടനെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കൂടുതല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ ജൂലിയാനയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. രക്ഷാപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് ജൂലിയാനയ്ക്ക് നേരിടേണ്ടിവന്നതെന്നാണ് അവരുടെ ബന്ധുക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചിരിക്കുന്നത്. 

ഇത്തരത്തില്‍ ഒരു അപകടമുണ്ടായെന്ന് അറിഞ്ഞ് ഏഴ് മണിക്കൂറിനുള്ളിലെങ്കിലും രക്ഷപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നുവെങ്കില്‍ ജൂലിയാന ഇപ്പോഴും ജീവനോടെ ഇരിക്കുമായിരുന്നു. അവള്‍ കൂടുതല്‍ പരിഗണന അര്‍ഹിച്ചിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ഒരു ബ്രസീലിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജൂലിയാന അര്‍ഹിക്കുന്ന നീതി തേടിയുള്ള നിയമപോരാട്ടത്തിന് ഞങ്ങള്‍ ഒരുങ്ങുകയാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നു.