ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി. പ്രപഞ്ചത്തിന്റെ സുന്ദരമായ ക്യാന്‍വാസില്‍ വിരിയുന്ന ചായക്കൂട്ട്. ഒരേ സമയം മനോഹരവും ഭയാനകവുമായ ഒരു കാഴ്ച. ഭൂമിയും സൂര്യനുംചേര്‍ന്ന് ഭൂമിയുടെ ഇരുധ്രുവങ്ങളിലുമായി ഒരുക്കിയ വര്‍ണവിസ്മയമാണിത്. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്താനുമായി നിരവധി പേര്‍ നോര്‍വെ, സ്വീഡന്‍, ഐസ്‌ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ പോവാറുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായി നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാനായതിന്റെ സന്തോഷത്തിലാണ് സിനിമാ താരം അഹാന കൃഷ്ണ. ഐസ്‌ലന്‍ഡില്‍ നിന്നാണ് അഹാന നോര്‍ത്തേണ്‍ ലൈറ്റ്‌സ് കണ്ടത്.

To advertise here,

ഐസ്‌ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും അഹാന സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐസ്‌ലന്‍ഡ് എന്നാല്‍ 'ഐസ്' മാത്രം നിറഞ്ഞൊരു സ്ഥലമെന്നാണ് കുട്ടിക്കാലത്ത് കരുതിയത്, ഇവിടെ എത്തിയപ്പോഴാണ് കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ സാധിച്ചതെന്നും അഹാന വീഡിയോയില്‍ പറയുന്നു.

മലനിരകള്‍, ബ്ലാക്ക് സാന്‍ഡ് ബീച്ച്, അരുവികള്‍ എല്ലാത്തിലും ഉപരി നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന വിസ്മയവും ആസ്വദിക്കാന്‍ സാധിച്ചു. വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണണം എന്നുള്ളത്. പന്ത്രണ്ടു ദിവസങ്ങള്‍ തുടര്‍ച്ചയായി കാത്തിരുന്ന ശേഷമാണ് ആ കാഴ്ച കാണാനായത്. ഐസ്‌ലന്‍ഡ് സമയം മാര്‍ച്ച് മുപ്പത്തൊന്നിന് രാത്രി 12:50 നും 2:30 നും ഇടയിലായിരുന്നു നോര്‍ത്തേണ്‍ ലൈറ്റ്‌സ് തെളിഞ്ഞത്. ഇനിയും ഈ കാഴ്ച കാണാന്‍ താനെത്തുമെന്നും അഹാന പോസ്റ്റില്‍ പറഞ്ഞു. നടിമാരായ സാനിയ ഇയ്യപ്പന്‍, പാര്‍വതി, അന്ന ബെന്‍ തുടങ്ങിയവര്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന വിസ്മയം

പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനില്‍ നിന്നു വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്. നോര്‍വെ, സ്വീഡന്‍, ഐസ്ലന്‍ഡ്, ക്യാനഡ, ഫിന്‍ലന്‍ഡ്, ഗ്രീന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കാണാന്‍ സാധിക്കുക. മിക്കവാറും സ്ഥലങ്ങളിലെല്ലാം വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് ഈ കാഴ്ച ലഭ്യമാവുക. ദക്ഷിണധ്രുവത്തില്‍ അറോറ ഓസ്ട്രേലിസ് (Aurora Australis) എന്നും ഉത്തരധ്രുവത്തില്‍ അറോറ ബോറിയാലിസ് (Aurora Borealis) എന്നുമാണ് ധ്രുവദീപ്തി അറിയപ്പെടുന്നത്.