ബെംഗളൂരു: കോവിഡ് കാലത്തിനുശേഷം ബെംഗളൂരു ബെന്നാർഘട്ട ബയോളജിക്കൽ ദേശീയ പാർക്കിൽ എറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് കഴിഞ്ഞവർഷം. ഇതോടെ 2025-2026 വർഷത്തിൽ 64.23 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് നേടിയത്. കർണാടകയ്ക്കുപുറമേ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ തിരക്കായിരുന്നുവെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ സൂര്യസെൻ പറഞ്ഞു.

To advertise here,

കഴിഞ്ഞ രണ്ടുവർഷമായി പാർക്ക് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയാണ്. 2024-’25-ൽ, ഏകദേശം 21.24 ലക്ഷം പേരാണ് പാർക്ക് സന്ദർശിച്ചത്. 2025-’26-ൽ ഏപ്രിൽ വരെ ഇത് 22.40 ലക്ഷം പേരായി.

ടിക്കറ്റ് വരുമാനത്തിനുപുറമേ മൃഗങ്ങളെ ദത്തെടുക്കുന്നതിനും സംരക്ഷണത്തിനും പൊതുജന സംഭാവനയിലൂടെയുള്ള വരുമാനത്തിലും വൻ കുതിപ്പാണെന്ന് സൂര്യസെൻ പറഞ്ഞു. 2024-’25-ൽ ഈ വിഭാഗത്തിൽ പാർക്കിന് 53 ലക്ഷം രൂപ ലഭിച്ചു. അടുത്തവർഷം, ഇത് 80.83 ലക്ഷമായി വർധിച്ചു. ഏകദേശം 30 ലക്ഷത്തിന്റെ അധികവരുമാനമാണ് ഒരു വർഷം കൊണ്ടു നേടാനായത്. വന്യജീവി സംരക്ഷണത്തിന് സംഭാവന നൽകാനുള്ള പൊതുജനങ്ങളുടെ അവബോധവും സന്നദ്ധതയും കൂടിയതായാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്.

ഓരോവർഷവും സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധന മൃഗശാലയുടെ വരുമാനം കൂടാനും കാരണമായി. വരുമാനം കൂടിയതോടെ സന്ദർശകർക്ക് കൂടുതൽ സൗകര്യവും കാഴ്ചയും ഒരുക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് സൂര്യസെൻ അറിയിച്ചു. വൈവിധ്യമാർന്ന മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുവരുന്നതിനുമുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് വന്യമൃഗങ്ങളെ കാണാനും കാടിന്റെ ഭംഗി ആസ്വദിക്കാനുമായി 25 മീറ്റർ ഉയരത്തിൽ നിരീക്ഷണടവർ നിർമിക്കാൻ പദ്ധതിയുണ്ട്. രോഹിണി നിലേകനി ഫിലാന്ത്രോപ്പീസ് (ആർ.എൻ.പി.എഫ്.) എന്ന സംഘടനയുടെ സഹായത്തോടെ അഞ്ചുകോടി രൂപ ചെലവിലാണ് ടവർ യാഥാർഥ്യമാക്കുക. 70 പേർക്കുവരെ നിന്ന് കാഴ്ചകൾ കാണാൻ സാധിക്കുന്ന തരത്തിലുള്ള ടവറിന്റെ നിർമാണം അടുത്ത മാസം ആദ്യം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.