ഇന്ന് ലോക വിനോദസഞ്ചാരദിനം

അഞ്ചുരുളി മുനമ്പിലെത്തിയ സഞ്ചാരികൾ
കട്ടപ്പന: കാഴ്ചകളുടെ കലവറയായ അഞ്ചുരുളി മുനമ്പ് സഞ്ചാരികള്‍ക്ക് മേയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വനംവകുപ്പ് തുറന്നുനല്‍കിയത്. ഇന്ന് ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. മുമ്പ് അടഞ്ഞുകിടന്നപ്പോള്‍ ഇവിടം ലഹരി-മദ്യപാനസംഘങ്ങള് താവളമാക്കിയിരുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍കൂടിയാണ് പ്രദേശം വനംവകുപ്പ് നിയമപരമായി തുറന്നു നല്‍കിയത്. സഞ്ചാരികള്‍ ഏറെ എത്തിത്തുടങ്ങിയതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. ശരാശരി 200 സഞ്ചാരികള്‍ ദിവസവും എത്തുന്നുണ്ട്. വിവാഹസംഘങ്ങളുടെ ഷൂട്ടിങ്. സേവ് ദ ഡേറ്റ് ഷൂട്ടിങ് എന്നിവയുമായും ഇവിടേക്ക് നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. 40 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് 20 രൂപ. ഫോട്ടോ ഷൂട്ടിനെത്തുന്നവര്‍ 500 രൂപ അധികം നല്‍കണം.
കാണാം കാഴ്ചകള്‍
അഞ്ചുരുളി മുനമ്പില്‍ മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ചരിത്രം വിളിച്ചോതുന്ന മുനിയറകളുടെ അവശേഷിപ്പുകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അഞ്ചുരുളി ജലാശയത്തിന്റെ തെക്കേക്കരയിലാണ് മുനമ്പ് സ്ഥിതിചെയ്യുന്നത്.കട്ടപ്പന കാഞ്ചിയാര്‍ പള്ളിക്കവലയില്‍നിന്ന് പേഴുംകണ്ടം റോഡില്‍ കൂടി രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേക്കിന്‍കൂപ്പ് എത്തും. അവിടെയാണ് മുനമ്പിലേക്കുള്ള പ്രവേശനകവാടം. പിന്നീട് സഞ്ചാരികളെ ആദ്യം ആകര്‍ഷിക്കുന്നത് കാനനപാതയാണ്. ഏകദേശം മുക്കാല്‍ കിലോമീറ്ററോളം വനത്തിലൂടെ കാല്‍നടയായി സഞ്ചരിക്കണം. പ്രകൃതി ഒരുക്കിയ നിരവധി കൗതുകങ്ങള്‍ കണ്ടുകൊണ്ടുള്ള യാത്ര ഏറെ ആസ്വാദ്യകരമാണ്. അഞ്ചുരുളി തുരങ്കത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും ഇടുക്കി വന്യജീവി സങ്കേതത്തിന്റെ വിവിധ ഭാഗങ്ങളും 'കരടിയള്ള്' എന്നറിയപ്പെടുന്ന ഗുഹയുമെല്ലാം ഇവിടത്തെ കാഴ്ചകളാണ്.കരടിയള്ള് ഗുഹയിലേക്ക് സഞ്ചാരികള്‍ക്ക് എത്താനായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
വേണം മികച്ച പാത
വനത്തിന് നടുവില്‍ ബീച്ചിന് സമാനമായ അന്തരീക്ഷമുള്ള അഞ്ചുരുളി മുനമ്പില്‍ സഞ്ചാരികള്‍ ഏറെ എത്തുമ്പോഴും കാഞ്ചിയാര്‍ പള്ളിക്കവല മുതല്‍ മുനമ്പ് വരെ രണ്ടു കിലോമീറ്റര്‍ നീളുന്ന റോഡിലെ കുഴിയടക്കാന്‍ നടപടിയില്ല.ഇതോടെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളും ദുരിതത്തിലാണ്.മഴപെയ്തുകഴിഞ്ഞാല്‍ കുഴിയുടെ വലുപ്പം അറിയാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്ന സഞ്ചാരികളും നാട്ടുകാരും അപകടത്തില്‍പെടുന്നതും പതിവാണ്.
കാഞ്ചിയാര്‍ പഞ്ചായത്തിന്റെ അധീനതയിലാണ് റോഡുള്ളത്. റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.കരാര്‍ എടുത്ത വ്യക്തിയുടെ ഉപേക്ഷയാണ് റോഡ് നിര്‍മാണം വൈകുന്നതിന് കാരണം. കരാറുകാരനെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
കങ്കാണിക്കൊക്കയുടെ വശ്യസൗന്ദര്യം
വാഗമണ്‍: തണുപ്പും കോടമഞ്ഞും വകവെക്കാതെ കങ്കാണി കൊക്ക കാണാന്‍ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്നു.വാഗമണ്‍ ടൗണില്‍ നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെ കൈതപതാലിലാണ് ഈ മനോഹരമായ വ്യൂ പോയിന്റ്.കാലങ്ങളായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ് ഈ പ്രദേശം.പാലാ, ഈരാറ്റുപേട്ട പട്ടണങ്ങളുടെ വിദൂര ദൃശ്യം ഇവിടെ നിന്ന് കാണാം. കോടമഞ്ഞും മലനിരകളും താഴ്വരകളും ചേര്‍ന്നുള്ള കാഴ്ച സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് നല്‍കുന്നത്.പണ്ട് എസ്റ്റേറ്റ് കാങ്കാണി വീണുപോയ കൊക്ക ആയതു കൊണ്ടാണ് കങ്കാണി കൊക്ക എന്ന പേര് ലഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാഴ്ചകള്‍ മനോഹരം, പക്ഷേ, ശ്രദ്ധ വേണം
മനോഹരമായ കാഴ്ചകള്‍ക്ക് പേരുകേട്ട സ്ഥലമാണെങ്കിലും ഇവിടെ സുരക്ഷാ വേലികളില്ലാത്തത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതുവരെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. മഞ്ഞും കാറ്റും നിറഞ്ഞ കാലാവസ്ഥയില്‍ സഞ്ചാരികള്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം ഇവിടെ സമയം ചെലവഴിക്കാന്‍.
Published: 26 Sept 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented