കട്ടപ്പന: വേനലിൽ ഇരട്ടയാർ ഭാഗത്തുനിന്ന് അഞ്ചുരുളി തുരങ്കത്തിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ തുരങ്കമുഖത്ത് ചിത്രമെടുത്ത് വിനോദ സഞ്ചാരികൾ. വേനലവധിക്കാലം ആയതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും അഞ്ചുരുളിയിൽ എത്തുന്നത്. വിവിധ ജില്ലകളിൽനിന്നും സംസ്ഥാനത്തിന്റെ പല സ്ഥലത്തുനിന്നും സഞ്ചാരികൾ എത്തുന്നുണ്ട്.

To advertise here,

മഴയുള്ളപ്പോൾ തുരങ്കമുഖത്തേക്ക് പോകുന്നത് ഏറെ അപകടകരമാണ്. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ സഞ്ചാരികൾ ജലാശയത്തിൽ പതിച്ചേക്കാം. എന്നാൽ, നീരൊഴുക്ക് കുറഞ്ഞതോടെ തുരങ്കമുഖത്തേക്ക് ഭയമില്ലാതെ ആളുകൾ എത്തുന്നുണ്ട്. മുൻപ് തുരങ്ക മുഖത്തുനിന്നും ജലാശയത്തിലേക്കുള്ള വെള്ളച്ചാട്ടത്തിന് കുറുകേ സുരക്ഷയ്ക്കായി കൈവരികൾ കാഞ്ചിയാർ പഞ്ചായത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ, ശക്തമായ ഒഴുക്കിൽ കൈവരികൾ തകർന്നു.

വെള്ളച്ചാട്ടത്തിന് ഉള്ളിലേക്ക് സഞ്ചാരികൾ കയറുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഉള്ളിലേക്ക് അധികം കയറിയാൽ വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ളവ അപകടഭീഷണി ഉയർത്താം. കൂടാതെ തുരങ്കത്തിന് ഉള്ളിലേക്ക് ഏറെ ചെന്നുകഴിഞ്ഞാൽ ദിശ മനസ്സിലാക്കാനും ബുദ്ധിമുട്ടാകും.

മുൻവർഷങ്ങളിൽ ഇത്തരത്തിൽ കുടുങ്ങിയവരെ അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. വർഷം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ജലാശയവും തുരങ്കത്തിൽനിന്ന് ജലാശയത്തിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടവും അകലെ കാണുന്ന വിവിധ തുരുത്തുകളും ഒക്കെയാണ് അഞ്ചുരുളിയുടെ പ്രധാന ആകർഷണങ്ങൾ. മഴക്കാലത്തും പതഞ്ഞൊഴുകുന്ന അഞ്ചുരുളി വെള്ളച്ചാട്ടം ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്.