മുഗള്‍ ഗാര്‍ഡന്‍' എന്ന പേരില്‍ പ്രശസ്തമായ രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങള്‍ 'അമൃത് ഉദ്യാന്‍' എന്ന് പുനര്‍നാമകരണം ചെയ്തത് സമീപകാലത്താണ്. രാഷ്ട്രപതിഭവന്‍ വളപ്പിലെ പൂന്തോട്ടങ്ങള്‍ക്ക് പൊതുവായാണ് 'അമൃത് ഉദ്യാന്‍' എന്ന പേരിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും കര്‍ശന സുരക്ഷയുള്ള രാഷ്ട്രപതി ഭവനിലെ ഈ മനോഹര പൂന്തോട്ടങ്ങള്‍ കാണാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. അമൃത് ഉദ്യാന്‍ ആനുവല്‍സ് ആഘോഷങ്ങളുടെ ഭാഗമായാണ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്.
അമൃത് ഉദ്യാന്‍ സമ്മര്‍ ആനുവല്‍സ് 2024 കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്തിരുന്നു. ഓഗസ്റ്റ് 16 മുതല്‍ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച് തുടങ്ങി. ഈ സമയത്ത് പൂക്കുന്ന അപൂര്‍വ പുഷ്പങ്ങളുടെ കാഴ്ചകളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. സെപ്തംബര്‍ 15 വരെയാണ് ഇവിടെ പ്രവേശനമുണ്ടായിരിക്കുക.
ജമ്മു കശ്മീരിലെ മുഗള്‍ ഗാര്‍ഡനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗാര്‍ഡന്റെയും പിറവി. ഇംഗ്ലീഷുകാരനായ വിഖ്യാത വാസ്തുശില്പി എഡ്വിന്‍ ലുട്യന്‍സ് ആണ് ഉദ്യാനങ്ങളോടെ രാഷ്ട്രപതിഭവന്‍ രൂപകല്പനചെയ്തത്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് ഈ പൂന്തോട്ടം. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ട്യൂലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള ട്യൂലിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലെ ഏറ്റവും വലിയ ആകര്‍ഷണീയത.
ബാല്‍ വാടിക, 225 വര്‍ഷം പഴക്കമുള്ള ശീമാം മരത്തിന്റെ കഥ പറയുന്ന കുട്ടികളുടെ പൂന്തോട്ടം, ട്രീ ഹൗസ്, പ്രകൃതിയുടെ ക്ലാസ് റൂം എന്നിവയാണ് ഇത്തവണത്തെ പ്രത്യേകതകള്‍. ദേശീയ കായികദിനമായ ഓഗസ്റ്റ് 29 ന് കായികതാരങ്ങള്‍ക്കും അധ്യാപക ദിനമായ സെപ്തംബര്‍ 5ന് അധ്യാപകര്‍ക്കും മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം. അമൃത് ഉദ്യാന്‍ സന്ദര്‍ശിക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. https://visit.rashtrapatibhavan.gov.in/ എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. രാഷ്ട്രപതിഭവന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം.
സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും ഡിജിറ്റല്‍ സന്ദര്‍ശക പാസും കയ്യില്‍ കരുതണം. നോര്‍ത്ത് അവന്യൂ റോഡിന് സമീപമുള്ള രാഷ്ട്രപതി ഭവന്റെ 35-ാം നമ്പര്‍ ഗേറ്റില്‍ നിന്നാണ് പ്രവേശനം. സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷന്‍ മുതല്‍ ഗേറ്റ് നമ്പര്‍ 35 വരെ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസും ഉണ്ടായിരിക്കും.
Content Highlights: amrit udyan reopens at rashtrapati bhavan in delhi
Published: 18 Aug 2024, 02:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented