മുദ്രനിരപ്പില്‍നിന്ന് ഒന്നരമണിക്കൂര്‍ കൊണ്ട് ഹൈറേഞ്ചില്‍ എത്താവുന്ന ലോകത്തിലെ അപൂര്‍വം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. അവധിദിനങ്ങളുടെ ആലസ്യമാസ്വദിക്കാന്‍ സ്വദേശികളും കോടമഞ്ഞിന്റെ തണുപ്പുതേടി വിദേശികളുമായി രണ്ടരലക്ഷംപേരാണ് പ്രതിവര്‍ഷം പൊന്മുടി സന്ദര്‍ശിക്കാനെത്തുന്നത്. കോടമഞ്ഞിന്റെ തണുപ്പുതേടി പൊന്മുടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുകയാണ്. ഡിസംബര്‍ അവസാന ആഴ്ചയില്‍ ആരംഭിച്ച് ജനുവരി അവസാനത്തോടെയാണ് പൊന്മുടി ടൂറിസം പാക്കേജ് നടപ്പാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി കെ.ടി.ഡി.സി. നിര്‍മിച്ച ആധുനിക സൗകര്യമുള്ള 15 കോട്ടേജുകള്‍ ഇത്തവണ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. സാധാരണക്കാരനും പ്രാപ്യമായ നിലയിലാണ് കോട്ടേജുകളുടെ നിരക്ക് നിര്‍ണയിച്ചിരിക്കുന്നത്. പ്രതിമാസം പൊന്മുടിയിലേക്കു കടന്നുപോകുന്ന വാഹനഫീസ് ഇനത്തില്‍ വനംവകുപ്പിന് ഒന്നരലക്ഷം രൂപവരെ വരുമാനമുണ്ട്. വനംസംരക്ഷണസമിതിയും പൊന്മുടി പോലീസും ടൂറിസം വകുപ്പും സംയുക്തമായാണ് ഇത്തവണ പൊന്മുടി ടൂറിസം പാക്കേജിന് ഏകോപനം നല്‍കുന്നത്.

വള്ളിക്കുടിലുകളും വെള്ളച്ചാട്ടങ്ങളും മനംമയക്കും

സമുദ്രനിരപ്പില്‍നിന്ന് 610 മീറ്റര്‍ ഉയരത്തില്‍ക്കിടക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിക്ക് സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യമാണുള്ളത്. കല്ലാറിലെ ഉരുളന്‍ കല്ലുകളില്‍ നിന്നുമാണ് പൊന്മുടിയുടെ സൗന്ദര്യം തുടങ്ങുന്നത്. കല്ലാറിലെ കാട്ടരുവികളും വള്ളിപ്പടര്‍പ്പുകളുമാണ് പൊന്മുടിയുടെ പ്രവേശനകവാടം. പശ്ചിമഘട്ട മലനിരകളില്‍ നിബിഡ വനസൗന്ദര്യം ആസ്വദിക്കാവുന്ന സ്വാഭാവിക നിബിഡവനവും പൊന്മുടിതന്നെ. കാട്ടരുവികളും മലമടക്കുകളും പിന്നിട്ട് 22-ഹെയര്‍പിന്നുകളും കടന്നു ചെന്നെത്തുന്ന അപ്പര്‍ സാനിട്ടോറിയം മനസ്സിന് നല്‍കുന്ന ആനന്ദം വലുതാണ്.

Waterfalls

പേപ്പാറയും മങ്കയവും

പൊന്മുടി യാത്രയ്‌ക്കെത്തുന്ന സഞ്ചാരികള്‍ യാത്രയ്ക്കായൊരുങ്ങുമ്പോള്‍ പേപ്പാറയും മങ്കയവും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. രാവിലെ ഇടിഞ്ഞാര്‍ മങ്കയം ഇക്കോടൂറിസം കേന്ദ്രത്തിലെത്തി ചെമ്മുഞ്ചിമലനിരകളില്‍ നിന്നെത്തുന്ന തണുത്ത വെള്ളത്തില്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ ആവോളം ആസ്വദിച്ച് കുളിച്ചശേഷം ഇവിടെ പ്രാതല്‍ കഴിക്കാം. കാഴ്ചകളുടെ വസന്തം ആസ്വദിച്ച് രണ്ടുമണിക്കൂര്‍ ചെലവിട്ടാല്‍ പിന്നെ യാത്ര നേരേ കരമനയാറിന്റെ സൗന്ദര്യമായ പേപ്പാറ ഡാമിലേക്ക്. ഒന്നരമണിക്കൂര്‍ യാത്രയേ ഇതിനുവേണ്ടതുള്ളൂ. ഉച്ചഭക്ഷണം കരുതുകയാണെങ്കില്‍ കരമനയാറിന്റെ തീരത്തു കഴിക്കാം. പ്രത്യേകം തയ്യാറാക്കിയ മുളവള്ളങ്ങളും മരത്തിനുമുകളിലെ ഹട്ടുകളും ഇവിടെയുണ്ട്. ഇവിടെ പവര്‍ഹൗസ് സന്ദര്‍ശനത്തിന് അവസരവുമുണ്ട്. ഉച്ചവിശ്രമത്തിനുശേഷം പേപ്പാറയില്‍നിന്നു യാത്ര നേരേ പൊന്മുടിയിലേക്ക് വേണ്ടിവരുന്ന സമയം ഒരുമണിക്കൂര്‍. ചെന്നെത്തുന്നത് സഹ്യശൃംഗമായ പൊന്മുടിയിലേക്ക്. ഒറ്റദിവസം കൊണ്ടുതന്നെ കാനനഭംഗിയും കാട്ടാറിന്റെ സൗന്ദര്യവും ആധുനിക പവര്‍സ്റ്റേഷനും കണ്ടുമടങ്ങാന്‍ ജില്ലയില്‍ ഇതുപോലെ മറ്റൊരിടമില്ല. യാത്ര അവസാനിച്ചുകഴിഞ്ഞാല്‍ ആരുംപറയും സഫലമീ യാത്ര.

പ്രവേശനം ഇങ്ങനെ

പ്ലാസ്റ്റിക്ക്, മദ്യം എന്നിവ പൂര്‍ണമായി ഒഴിവാക്കേണ്ടതുണ്ട്. ഇവ ഒഴിവാക്കുന്നതിനായി ചെക്ക് പോസ്റ്റുകളില്‍ പരിശോധനയുണ്ട്. രാവിലെ 8.30-മുതല്‍ വൈകീട്ട് 5.30-വരെയാണ് പ്രവേശനം. രാത്രി 7.00-ന് മുന്‍പായി പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തില്‍ നിന്നും തിരിച്ചിറങ്ങണം കുട്ടികള്‍ക്ക് 10-ഉം, മുതിര്‍ന്നവര്‍ക്ക് 30-രൂപയുമാണ് പ്രവേശന ഫീസ്. കെ.ടി.ഡി.സി.യുടെ കോട്ടേജുകള്‍ ആവശ്യമുള്ളവര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ജനുവരി 15-മുതല്‍ കെ.എസ്.ആര്‍.ടി.സി. ബസിലെത്തുന്നവരില്‍നിന്നു പ്രവേശന ഫീസ് ഈടാക്കും.

ഇനിയും വികസനം അകലെ

സഞ്ചാരികള്‍ എത്തുമ്പോഴും പൊന്മുടിക്ക് ടൂറിസം വികസനം ഇനിയും അന്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പൊന്മുടിയുടെ വികസനത്തിനായി 200-കോടി വകയിരുത്തിയിരുന്നു. എങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. കേബിള്‍കാര്‍ ഉള്‍പ്പെടെയുള്ള വികസന സാദ്ധ്യതകളാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുമരാമത്തിന്റെ നിയന്ത്രണത്തില്‍ പണി നടക്കുന്ന ഗസ്റ്റ്ഹൗസിന്റെ നിര്‍മാണം ഏഴുവര്‍ഷമായി ഇഴഞ്ഞുനീങ്ങുകയാണ്.

Content Highlights: Ponmudi Eco Tourism Center, Thiruvananthapuram Tourism, Kerala Tourism, Ponmudi Package