പേരുപാലെ തന്നെ സുന്ദരമായ ഗ്രാമം സുന്ദരപാണ്ഡ്യപുരത്ത് ഇപ്പോള്‍ വലിയ തിരക്കാണ്. കേരളത്തിലെ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എല്ലാം ചെങ്കോട്ടയും തെങ്കാശിയും കടന്ന് ഈ ഗ്രാമത്തിലെ ചെറിയ റോഡുകളിലൂടെ ഇടതടവില്ലാതെ കടന്നുവരുകയാണ്. എല്ലാവര്‍ക്കും ഒറ്റ ആഗ്രഹം മാത്രം സുന്ദരപാണ്ഡ്യപുരത്തെ സൂര്യാകാന്തിപ്പാടങ്ങള്‍ കാണണം. അവിടെനിന്ന് ഫോട്ടോയെടുക്കണം. ഒത്താല്‍ സോഷ്യല്‍ മീഡിയായില്‍ നിറയ്ക്കാന്‍ വ്യത്യസ്ത തരത്തിലുള്ള റീല്‍സ് എടുക്കണം.

To advertise here,

എന്തു ചെയ്യാനും ഇവിടെ സൗകര്യം തരാന്‍ ഈ ഗ്രാമവാസികള്‍ ഒരുക്കമാണ്. ഒന്നു മാത്രം ഇവര്‍ പറയും. ഇവിടെ ഞങ്ങളുടെ അന്നമാണ്. കാഴ്ചകള്‍ കണ്ടോളൂ പക്ഷേ നാശമുണ്ടാക്കരുത്. ഈ കാഴ്ചകളുടെ സുന്ദരദൃശ്യങ്ങളും രാജഭരണകാലത്തെ വിശുദ്ധി ഇന്നും കാത്തു സൂക്ഷിക്കുന്ന ഒരു ഗ്രാമവും മനസ്സില്‍ നിറച്ചാകും ഇവിടെനിന്ന് തിരിച്ചു പോകുന്നത്. സുന്ദരപാണ്ഡ്യപുരം ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ആ ഗ്രാമവാസികള്‍ക്ക് ശല്യമാകാതെ ഒന്നു നിശബ്ദമായി പോയി കണ്ടാസ്വദിച്ച് വരാവുന്ന മനോഹരമായ സ്ഥലമാണിവിടം.

പൊന്‍പാടങ്ങളുടെ മനോഹാരിത

ഗ്രാമഭംഗിയില്‍ സൗന്ദരവതിയായി നില്‍ക്കുന്ന സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങളുടെ പൊന്‍കാഴ്ച എല്ലാ വര്‍ഷവും ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കൂടുതലായും ഉണ്ടാകുന്നത്. കണ്ണെത്താ ദൂരത്തോളം വര്‍ണക്കാഴ്ച നിറച്ചുള്ള സൂര്യകാന്തിപ്പാടം ഏവരുടെയും മനസ്സ് നിറയ്ക്കുന്നതാണ്. ആറ് നൂറ്റാണ്ട് മുന്‍പ് സുന്ദരപാണ്ഡ്യന്‍ എന്ന രാജാവ് ഭരിച്ച സ്ഥലമാണിവിടം. തെങ്കാശിയില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയും വളരെ മനോഹരമാണ്. ശബ്ദത്തോടു കൂടി വീശിയടിക്കുന്ന കാറ്റിന്റെ തലോടല്‍ ഏറ്റുകൊണ്ടാണ് ചെറിയ ഗ്രാമപാതയിലൂടെ പോകുന്നത്. ഒരരികില്‍ കായല്‍പോലെ കിടക്കുന്ന സ്ഥലത്തെ വെള്ളം കാറ്റില്‍ തിരമാലപോലെ ഓളംതല്ലി വരുന്നതും മറു സൈഡില്‍ കരിമ്പനകളും പച്ചക്കറികൃഷിയും നമുക്ക് മുമ്പിലുണ്ട്. സുന്ദരപാണ്ഡ്യപുരത്തും സുരണ്ടയിലും ഇവയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളിലുമായിട്ടാണ് സൂര്യകാന്തികള്‍ ഇങ്ങനെ സൂര്യനെ നോക്കി രാജകീയ ഭാവത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

നാടന്‍ തമിഴ്ഗ്രാമങ്ങള്‍

നെല്‍പ്പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍, വലിയ കാറ്റാടികള്‍, സൂര്യകാന്തിപ്പാടങ്ങള്‍, വാളേന്തിയ വീരന്‍ കാവല്‍ കൊള്ളുന്ന ക്ഷേത്രങ്ങള്‍, നിരനിരയായി നില്‍ക്കുന്ന കൂറ്റന്‍ കരിമ്പനകള്‍, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകള്‍, കുറ്റിച്ചെടികള്‍ക്കിടയിലൂടെ മേഞ്ഞുനടക്കുന്ന ആട്ടിന്‍ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികള്‍, പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും കനകാംബരപ്പൂവും തലയില്‍ ചൂടി ദാവണി ചുറ്റി കടന്നുപോകുന്ന തമിഴ്പെണ്‍കൊടികള്‍ അങ്ങനെ എത്രയോ തമിഴ് സിനിമകളില്‍ നമ്മള്‍ കണ്ട വശ്യസുന്ദരമായ പല മനോഹരകാഴ്ചകളും സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ കാണാന്‍ കഴിയും.

അന്യന്‍ പാറ

തെങ്കാശിയില്‍നിന്നു നാല് കിലോമീറ്റര്‍ അപ്പുറത്തായി റോഡരികില്‍ വലതു വശത്ത് ഒരു പാറക്കൂട്ടം കാണാം. പുലിയൂര്‍പാറ എന്നായിരുന്നു ഇതിന്റെ പഴയ പേര്. ഇന്ന് ഇത് അന്യന്‍ പാറയാണ്. ഷങ്കറിന്റെ അന്യന്‍ എന്ന സിനിമയിലെ ഗാന ചിത്രീകരണവും ഇവിടെയാണ് നടന്നത്.