
പച്ചപ്പുനിറഞ്ഞ മനോഹരദ്വീപ്. എന്നാല്‍, ആ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയവരെ വരവേറ്റത് മൂര്‍ച്ചയേറിയ അമ്പുകളും കുന്തങ്ങളും മറ്റ് മാരകായുധങ്ങളും. ദ്വീപിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തിയ ഒരാള്‍ക്കുപോലും അവിടെയൊന്ന് കാലുകുത്താന്‍ പോലും സാധിച്ചില്ല. ആ മണ്ണിലിറങ്ങിയവരാകട്ടെ മരണം പൂകുകയും ചെയ്തു. അത്രയേറെ അപകടകാരികളായ ഈ ദ്വീപുവാസികളെ ലോകസഞ്ചാരിയായ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത് ക്രൂരരും ദയാരഹിതരുമായവര്‍ എന്നായിരുന്നു. പുറംനാട്ടുകാര്‍ക്ക് പ്രവേശനം വിലക്കപ്പെട്ട അവിടമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്.
ഇന്ത്യയുടെ അധീനതയില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍. 72 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്. പോര്‍ട്ട് ബ്ലെയറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
പുറംലോകവുമായി ബന്ധമില്ലാതെയാണ് ദ്വീപുവാസികള്‍ കഴിയുന്നത്. 2011-ലെ സെന്‍സസ് അനുസരിച്ച് 40 ഗോത്രവംശജര്‍ ഇവിടെയുണ്ടെന്നാണ് കരുതുന്നത്. ഇപ്പോഴെത്ര പേരുണ്ടെന്നതിനുള്ള വ്യക്തമായ കണക്കുമില്ല. കടലിനാല്‍ ചുറ്റപ്പെട്ട ദ്വീപില്‍ തുറമുഖങ്ങള്‍ ഒന്നും തന്നെയില്ല. പവിഴപ്പുറ്റുകളുള്ളതിനാല്‍ ബോട്ടുകള്‍ക്കോ കപ്പലുകള്‍ക്കോ കരയിലേക്കടുക്കാനും പ്രയാസമാണ്.
ആന്‍ഡമാനിലേക്ക് നിരവധി സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും അതേ ദ്വീപസമൂഹത്തിന്റെ മറ്റൊരു ഭാഗമായ നോര്‍ത്ത് സെന്റിനല്‍ സഞ്ചാരികള്‍ക്ക് ഇന്നും അന്യമായിത്തുടരുകയാണ്. വംശനാശ ഭീഷണി നേരിടുന്നവരാണ് ഇവിടത്തെ ഗോത്രവിഭാഗം എന്നതിനാല്‍ അവരുടെ സുരക്ഷയും സ്വകാര്യതയും മാനിച്ചാണ് ദ്വീപിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്. ഇനി അഥവാ ആരെങ്കിലും ദ്വീപിലെത്തിയാലും ദ്വീപ് ജനതയുടെ അമ്പുകളേല്‍ക്കുകയും ചെയ്യും. സെന്റിനല്‍ ദ്വീപില്‍ വസിക്കുന്നവരായതുകൊണ്ട് സെന്റിനെലീസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സവിശേഷമായ ജീവിതരീതി പിന്തുടരുന്നതുകൊണ്ട് ഇവിടേക്ക് പോകുന്നതിന് ഇന്ത്യാ ഗവണ്മെന്റ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദ്വീപിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആര്‍ക്കും പ്രവേശനമില്ല. ഗോത്രവര്‍ഗ സംരക്ഷണം മുന്‍നിര്‍ത്തിയാണീ തീരുമാനം.
വേട്ടയും വനോല്‍പന്നങ്ങളുമാണ് പ്രധാന ഭക്ഷണമാര്‍ഗം. കാട്ടുപന്നിയുടെ മാംസം വ്യാപകമായി ഭക്ഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലുന്ന അക്രമകാരികളായിട്ടാണ് സെന്റിനലുകളെ പൊതുവേ കണക്കാക്കുന്നത്. എന്നാല്‍ ഇവര്‍ ആക്രമിക്കുന്നത് പേടികൊണ്ടും സ്വയരക്ഷയ്ക്കുവേണ്ടിയാണെന്നും വിലയിരുത്തലുണ്ട്. കടലില്‍ തകര്‍ന്ന് കരയ്ക്കടിയുന്ന കപ്പലുകളുടെ അവശിഷ്ടങ്ങളിലെ ഇരുമ്പു കൊണ്ടുണ്ടാക്കുന്ന അമ്പുകളാണ് ഇപ്പോഴും ഇവരുടെ പ്രധാന ആയുധം. സുനാമി സാരമായി ബാധിച്ച ഈ ദ്വീപിനു സഹായമെത്തിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അവര്‍ അമ്പെയ്ത് ഓടിച്ചു. അന്ന് ഹെലികോപ്റ്ററുകള്‍ക്ക് നേരെ അമ്പെയ്യുന്ന ദ്വീപുവാസിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ചരിത്രം
ശിലായുഗ മനുഷ്യരായാണ് സെന്റിനലുകള്‍ അറിയപ്പെടുന്നത്. 60,000 വര്‍ഷത്തിലേറെയായി അവര്‍ ദ്വീപില്‍ ഏകാന്തതയിലാണ് ജീവിക്കുന്നതെന്നാണ് നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇവരുടെ ജീവിതരീതി, ഭാഷ എന്നിവയെല്ലാം ഇന്നും അജ്ഞാതമായി തുടരുകയാണ്. ദ്വീപിലെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടിഷ് പര്യവേക്ഷകനായ ജോണ്‍ റിച്ചിയാണ്. 1771-ലായിരുന്നു അത്. 1880-ല്‍ ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ മോറിസ് പോര്‍ട്മാന്‍ ഇവിടെ ആദ്യമായി കാലുകുത്തി. പഠനത്തിന്റെ ഭാഗമായെത്തിയ അദ്ദേഹത്തിന് നിരവധി ചെറുഗ്രാമങ്ങള്‍ കാണാന്‍ സാധിച്ചു. ഇവിടെനിന്ന് രണ്ട് പ്രായമുള്ള ദമ്പതികളേയും നാല് കുട്ടികളേയും പോര്‍ട്മാന്‍ പുറത്തുകടത്തി പോര്‍ട്ട് ബ്ലെയറിലെത്തിച്ചു. എന്നാല്‍ പുറംലോകത്തെ കാലാവസ്ഥയുമായി ഇണങ്ങാന്‍ സാധിക്കാതിരുന്ന വൃദ്ധദമ്പതികള്‍ മരണത്തിന് കീഴടങ്ങി. കുട്ടികളെ ദ്വീപിലേക്ക് തിരിച്ചയയ്ക്കുകയുംചെയ്തു. 1883-ല്‍ പോര്‍ട്മാന്‍ വീണ്ടും ദ്വീപ് സന്ദര്‍ശിച്ചു. 1885 ജനുവരിക്കും 1887 ജനുവരിക്കുമിടയില്‍ നിരവധി തവണ പോര്‍ട്മാന്‍ നോര്‍ത്ത് സെന്റിനല്‍ ദ്വീപ് സന്ദര്‍ശിച്ചു.
1867-മാര്‍ച്ചില്‍ ഹോംഫ്രേ എന്നയാളും ദ്വീപിലെത്തിയിരുന്നു. ഇതേവര്‍ഷം ഒരു ഇന്ത്യന്‍ കച്ചവടക്കപ്പല്‍ ദ്വീപിന് സമീപം തകര്‍ന്നിരുന്നു. 106 യാത്രക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. തകര്‍ന്ന കപ്പലില്‍നിന്ന് കരയ്ക്കുകയറിയ ഇവരെ സെന്റിനലുകള്‍ ആക്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം കടലില്‍ച്ചാടിയ യാത്രക്കാരെ പിന്നീട് റോയല്‍ നേവി രക്ഷാദൗത്യസംഘമാണ് കണ്ടെത്തിയത്.

കപ്പല്‍ച്ചേതങ്ങള്‍
1977 ലും 1981-ലും ഓരോ കപ്പലുകള്‍ ദ്വീപിന് സമീപം തകര്‍ന്നിരുന്നു. എം.വി റസ്ലി, എം.വി പ്രിംറോസ് എന്നിവയായിരുന്നു യഥാക്രമം അവ. പ്രിംറോസ് തകര്‍ന്ന് ദിവസങ്ങള്‍ക്കുശേഷം ആയുധധാരികളായ ചിലര്‍ ചേര്‍ന്ന് ബോട്ടുകള്‍ നിര്‍മിക്കുന്നത് കപ്പലില്‍ ജീവനോടെയുണ്ടായിരുന്ന ക്യാപ്റ്റന്റെ ശ്രദ്ധയില്‍പ്പെട്ടു. ഏതുനിമിഷവും ഒരാക്രമണം ഉണ്ടാവുമെന്ന് മനസിലാക്കിയ അദ്ദേഹം പ്രതിരോധത്തിനായി തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ അധികാരികളോടാവശ്യപ്പെട്ടു. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായിരുന്നതിനാല്‍ കപ്പലുകള്‍ക്ക് സെന്‍രിനല്‍ ദ്വീപിന്റെ സമീപത്തുപോലും എത്താനായില്ല. ഇതുപക്ഷേ പ്രിംറോസിന്റെ ജീവനക്കാര്‍ക്ക് മറ്റൊരുവിധത്തില്‍ ഗുണംചെയ്തു. വീശിയടിക്കുന്ന ശക്തമായ തിരമാല ദ്വീപുവാസികളെ തകര്‍ന്ന കപ്പലിന് സമീപമെത്തുന്നത് തടഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം, ഇന്ത്യന്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനുമായുള്ള (ഒഎന്‍ജിസി) കരാര്‍ പ്രകാരം ഒരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ രണ്ട് കപ്പല്‍ച്ചേതങ്ങള്‍ക്കും പിന്നാലെ സെന്റിനലുകള്‍ ഇരുമ്പിനായി തിരച്ചില്‍ നടത്തിയിരുന്നെന്ന് വിവരമുണ്ട്.
ആദ്യ സമാധാന കൂടിക്കാഴ്ച
പുറംലോകവുമായി ബന്ധപ്പെടാന്‍ യാതൊരു താത്പര്യമില്ലെന്നാണ് ഓരോ അവസരത്തിലും സെന്റിനലുകള്‍ ലോകത്തെ അറിയിച്ചിരുന്നത്. എങ്കിലും 1991-ല്‍ അതിന് ചെറിയൊരു മാറ്റമുണ്ടായി. കാരണം ആ വര്‍ഷമാണ് പുറത്തുനിന്നൊരാള്‍ക്ക് ദ്വീപുനിവാസികളുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചത്. അന്ന് ആന്ത്രോപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന ത്രിലോക്നാഥ് പണ്ഡിറ്റും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സെന്റിനലീസ് ജനതയുമായി ചെറിയ രീതിയിലെങ്കിലും ബന്ധം സ്ഥാപിച്ചെങ്കിലും അതൊന്നും പിന്നീട് എവിടെയുമെത്തിയില്ല. പ്രദേശത്തെ ജന്തു സസ്യജാലങ്ങളുടെ വൈവിധ്യം അവരെ അമ്പരപ്പിച്ചിരുന്നു. എങ്കിലും കൃത്യമായ സര്‍വേ നടക്കാത്തതിനാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. സൗത്ത് സെന്റിനലിനൊപ്പം നോര്‍ത്ത് സെന്റിനല്‍ ദ്വീപിനെയും, ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണല്‍ ആഗോളതലത്തില്‍ പ്രധാനപ്പെട്ട പക്ഷി കേന്ദ്രമായാണ് കണക്കാക്കുന്നത്. ദ്വീപിലെ കണ്ടല്‍ക്കാടുകളും പവിഴപ്പുറ്റുകളും ഇന്നും പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുകയാണ്. ദ്വീപിലേക്കുള്ള എല്ലാ സന്ദര്‍ശനങ്ങളും 1997-ഓടെ നിര്‍ത്തിവെച്ചു.

അപകടങ്ങള്‍
ദ്വീപുവാസികളുടെ അമ്പുകളും കുന്തങ്ങളും മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ സംഭവങ്ങളെക്കുറിച്ച് പറയാതെ സെന്റിനല്‍ ദ്വീപിനെക്കുറിച്ച് വിവരണം പൂര്‍ണമാവില്ല. 2006-ല്‍ സുന്ദര്‍ രാജ്, പണ്ഡിറ്റ് തിവാരി എന്നിങ്ങനെയുള്ള രണ്ട് മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്ത് അനധികൃതമായി മീന്‍പിടിക്കാനെത്തിയിരുന്നു. ഇടയ്ക്ക് ബോട്ട് തെന്നി നോര്‍ത്ത് സെന്റിനല്‍ ദ്വീപിന്റെ തീരത്തോടടുത്തു.ഇവരെ ദ്വീപുവാസികള്‍ കൊലപ്പെടുത്തുകയായിരുന്നു. ദ്വീപിന് പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് മനസിലാക്കാത്ത സെന്റിനലുകളോട് ക്രമസമാധാന പ്രശ്‌നത്തേക്കുറിച്ച് എന്ത്, എങ്ങനെ പറഞ്ഞുമനസിലാക്കും എന്നതുകൊണ്ടാവാം അന്വേഷണമൊന്നും ഉണ്ടായില്ല. കൂടാതെ ഈ രണ്ടുപേരുടെ മൃതദേഹവും വീണ്ടെടുക്കാനായില്ല.
2018-ലാണ് ദ്വീപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജോണ്‍ അലന്‍ ചൗ എന്ന 26-കാരനായ അമേരിക്കക്കാരനാണ് അന്ന് കൊല്ലപ്പെട്ടത്. ദ്വീപിലെത്തിയ ഇദ്ദേഹത്തെ കൊന്ന് മണലില്‍ കുഴിച്ചിടുകയായിരുന്നെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. സംഭവവുമായി ബനധപ്പെട്ട് അക്കാലത്ത് പുറത്തുവന്ന വാര്‍ത്തകളിലെല്ലാം ഞെട്ടിക്കുന്ന വിവരങ്ങളാണുണ്ടായിരുന്നത്.
സെന്റിനലുകള്‍ എത്രമാത്രം അപകടകാരികളാണെന്ന് അറിയാവുന്നതുകൊണ്ട് ആക്രമണത്തെ ചെറുക്കാന്‍ ഷീല്‍ഡുകളടക്കം ശരീരത്തില്‍ ഘടിപ്പിച്ചാണ് ജോണ്‍ അലന്‍ ചൗ ദ്വീപിലിറങ്ങിയത്. വൈറ്റമിന്‍ ഗുളികകളും രക്തം പെട്ടെന്ന് കട്ടപിടിക്കാനുള്ള മരുന്നുകളും ജോണ്‍ കൈയില്‍ കരുതിയിരുന്നു. ശാരീരികമായ ആക്രമണങ്ങളെ ചെറുക്കാന്‍ നെഞ്ചിലും വയറിലും ഷീല്‍ഡുകളും ധരിച്ചു. ഇതിനുപുറമേ ഗോത്രവര്‍ഗക്കാരെ സന്തോഷിപ്പിക്കാനായി ചില സമ്മാനങ്ങളും അദ്ദേഹം കൈയില്‍കരുതി. ചൂണ്ടകളും തൂവാലകളും റബര്‍ ട്യൂബുകളുമാണ് സമ്മാനമായി നല്‍കാന്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ദ്വീപിലിറങ്ങിയ ഉടന്‍ ഗോത്രവര്‍ഗക്കാര്‍ അദ്ദേഹത്തിനുനേരേ തുരുതരാ അമ്പെയ്യുകയായിരുന്നു.
കൊല്ലപ്പെട്ടതിന്റെ തലേദിവസവും ജോണ്‍ അലന്‍ ചൗവു സെന്റിനല്‍ ദ്വീപിലെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ദ്വീപിലിറങ്ങിയ ജോണിനെ ദ്വീപിലെ ഒരു ആണ്‍കുട്ടി അമ്പെയ്ത് ആക്രമിച്ചതോടെ ഇദ്ദേഹം തിരികെമടങ്ങി. ഇക്കാര്യത്തെക്കുറിച്ച് ജോണ്‍ തന്റെ ഡയറിയില്‍ കുറിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഒരു ചെറിയ കുട്ടി എനിക്ക് നേരെ അമ്പെയ്തതെന്നും, ആക്രമണത്തില്‍ തന്റെ കൈയിലുണ്ടായിരുന്ന ബൈബിളിന് കേടുപാടുണ്ടായെന്നുമാണ് അദ്ദേഹം ഡയറിയില്‍ കുറിച്ചിരുന്നത്.
സംഭവശേഷം പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അധികൃതരും സെന്റിനല്‍ ദ്വീപിന് സമീപം നിരീക്ഷണം നടത്തിയെങ്കിലും അക്രമസാധ്യത ഭയന്ന് തിരികെമടങ്ങി. ഇതോടെ ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. ഇദ്ദേഹം ദ്വീപിലെത്തിയതിനുപിന്നില്‍ അമേരിക്കക്കാരായ രണ്ടുപേരുടെ നിരന്തര സമ്മര്‍ദ്ദമാണെന്ന് ആന്‍മാന്‍ ആന്റ് നിക്കോബാര്‍ ദ്വീപ് പോലീസ് കണ്ടെത്തിയിരുന്നു. ജോണിന് വന്ന ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് അമേരിക്കക്കാര്‍ സെന്റിനല്‍സിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നതായി കണ്ടെത്തിയത്. ഇവര്‍ ദമ്പതികളാണെന്ന് മാത്രമാണ് പോലീസ് പുറത്തുവിട്ട വിവരം. ജോണിന്റെ മരണത്തിന് പിന്നാലെ ഇവര്‍ ഇന്ത്യ വിട്ടതായും പോലീസ് പറഞ്ഞു. ഇവരും ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു.
ദ്വീപില്‍ പോലീസ് പ്രവേശിക്കുന്നതും ഗോത്രവര്‍ഗക്കാരുമായി ഇടപെടാന്‍ ശ്രമിക്കുന്നതും ഇരുകൂട്ടര്‍ക്കും അപകടകരമാണെന്ന തിരിച്ചറിവില്‍ ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിക്കുകയായിരുന്നു.

ഭീഷണി നേരിടുന്ന ദ്വീപുവാസികള്‍
സെന്റിനല്‍ ദ്വീപുവാസികള്‍ വലിയ ഭീഷണി നേരിടുന്നതായാണ് ഒരു ഗോത്രാവകാശ സംഘടന അഭിപ്രായപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളാണ് ഈ ഗോത്രക്കാരെന്നാണ് സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ പറയുന്നത്. ഇവര്‍ക്ക് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള സ്വഭാവിക ശേഷിയില്ലെന്നതാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ടൂറിസം ഇവരുടെ നിലനില്‍പിന് തന്നെ ഭീഷണിയാകുകയാണെന്നും വിലയിരുത്തലുണ്ട്.
Content Highlights: Discover the mystery of North Sentinel Island, home to an isolated tribe
Published: 08 Feb 2025, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented