കളേഴ്‌സ് ഓഫ് ഭാരത് എന്ന സാമൂഹിക മാധ്യമപേജ് രാജ്യത്ത് കണ്ടിരിക്കേണ്ട 10 ഗ്രാമങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ അതിൽ ഉൾപ്പെട്ട പാലക്കാടൻ ​ഗ്രാമമാണ് കൊല്ലങ്കോട്. 'എ​നി​ക്ക് ​ചു​റ്റു​മു​ള്ള​ ​സൗ​ന്ദ​ര്യം​ ​എ​ന്നെ​ ​നി​ശ​ബ്ദ​നാ​ക്കു​ന്നു,​ ​ഇ​ന്ത്യ​യി​ൽ​ ​യാ​ത്ര​ ​ചെ​യ്യാ​നു​ള്ള​ ​എ​ന്റെ​ ​ബ​ക്ക​റ്റ് ​ലി​സ്റ്റ് ​ഇ​പ്പോ​ൾ​ ​നി​റ​ഞ്ഞൊ​ഴു​കു​ന്നു​' എന്നാണ് കളേഴ്സ് ഓഫ് ഭാരതിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര എഴുതിയത്. ഇതോടെ രാജ്യമെങ്ങുമുള്ള സഞ്ചാരപ്രിയർ കൊല്ലങ്കോട്ടേക്ക് ഒഴുകിയെത്തി. ഇപ്പോഴിതാ കൊല്ലങ്കോടിന്റെ ​ഗ്രാമഭം​ഗി നെഞ്ചിലേറ്റുകയാണ് മലയാളികളുടെ പ്രിയതാരം ജയസൂര്യയും. ആട്-3 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിലാണ് വ്യാഴാഴ്ച അദ്ദേഹം കൊല്ലങ്കോട് സന്ദർശിക്കാനെത്തിയത്. കൊല്ലങ്കോട്ടെത്തുന്ന ഏതൊരാളും നിശ്ചയമായും പോകുന്ന ചെല്ലൻ ചേട്ടന്റെ ചായക്കടയിലേക്കായിരുന്നു ജയസൂര്യയുടെ യാത്ര.

To advertise here,

പൂർണമായും ഓലകൊണ്ടുമേഞ്ഞ, പഴമയുടെഭം​ഗി വിളിച്ചോതുന്ന അപൂർവ കാഴ്ചയാണ് ചെല്ലൻ ചേട്ടന്റെ ചായക്കട. ചായക്കടയിലേക്ക് കടക്കണമെങ്കിൽ ഒന്നു കുനിയണം. കഴിഞ്ഞ 50 വർഷമായി ഈ ചായക്കട ഇങ്ങനെ തന്നെ നിലനിർത്തുകയാണ് ചെല്ലൻ ചേട്ടനും ഭാ​ര്യ ചെന്താമരാക്ഷി ചേച്ചിയും. ഇവിടേയ്ക്കാണ് ജയസൂര്യ എത്തിയത്. ഷൂട്ടിങ് സെറ്റിന് അടുത്തുള്ള മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലേക്ക് ഇതിന് മുൻപും യാത്രകൾ ചെയ്തിട്ടുണ്ട് ജയസൂര്യ. ഇതൊന്നും മുൻകൂട്ടി പദ്ധതിയിട്ട് പോകുന്നതല്ലെന്നാണ് അദ്ദേഹം പറയുന്നത്.

മനോഹരമായ ലൊക്കേഷനുകളിലായിരിക്കും സിനിമകൾ ചിത്രീകരിക്കുക. പക്ഷേ ഷൂട്ടിങ്ങിനുവേണ്ടി മാത്രം പോകുമ്പോൾ നമുക്കാ സ്ഥലങ്ങളുടെ ഭം​ഗി ആസ്വദിക്കാൻ പറ്റില്ല. അങ്ങനെയല്ലാതെ പോകുമ്പോഴാണ് നമ്മൾ കണ്ണുതുറന്ന് എല്ലാം കാണുക. ഷൂട്ടിങ് ഇല്ലാത്ത ദിവസമാണെങ്കിൽ ആ നാടിന്റെ ഉൾ​ഗ്രാമങ്ങളിലേക്കിറങ്ങും. നാടിന്റെ ഹൃദയഭാ​ഗം എന്ന് നമ്മൾ പറയാറില്ലേ? ​അത് വളരെ മനോഹരവുമായിരിക്കും. സു സു സുധി വാത്മീകം, ജിലേബി തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിന് പാലക്കാട് വന്നപ്പോഴും ഇതുപോലുള്ള യാത്രകൾ ചെയ്തിരുന്നു. ജയസൂര്യ പറഞ്ഞു.

ചെല്ലൻ ചേട്ടന്റെ ചായക്കടയിലേക്ക് പോയതിനെക്കുറിച്ച് ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ. "അങ്ങോട്ട് പോകുന്ന വഴി തന്നെ എന്തുമനോഹരമാണ്. ​ഗ്രാമക്ഷേത്രങ്ങളും കൊച്ചുകടകളും പോലെ നല്ല കുറേ കാഴ്ചകൾ നമുക്ക് കാണാനാവും. ​ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകൾ എന്നുപറയാം. ​ഗ്രാമങ്ങൾ വേണ്ടരീതിയിൽ പരിരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ ടൂറിസത്തിന്റെ മറ്റൊരു മേഖലയാണത്. നൊസ്റ്റാൾജിയ ടൂറിസം കൊണ്ടുവന്നാൽ നന്നാവും എന്ന് എനിക്ക് തോന്നുന്നുണ്ട്. ചെല്ലൻ ചേട്ടന്റെ ചായക്കട ഇപ്പോഴുള്ളതിൽനിന്ന് മാറ്റി വലിയൊരു ഹോട്ടലാക്കിയാൽ ഇതുപോലെ ആളുകൾ പോവുമെന്ന് തോന്നുന്നില്ല. ഇപ്പോഴുള്ള ആ ഭം​ഗി സംരക്ഷിക്കണം. നമ്മുടെ നാട്ടിൽ ഒരുപാട് സ്ഥലങ്ങൾ ഇതുപോലുണ്ട്. നല്ല കാഴ്ചകളും രുചിയുള്ള ഭക്ഷണവും തന്നെയാണ് ആളുകൾക്ക് വേണ്ടത്.

അമ്പതിലേറെ വർഷത്തെ പാരമ്പര്യമുള്ള കടയാണ് ചെല്ലൻ ചേട്ടന്റേത്. ഞങ്ങൾ ഏറ്റവും നല്ല ചായ കുടിക്കുന്നത് സെറ്റിലാണ്. സെറ്റിലെ ചായയുണ്ടാക്കുന്നയാളെ ഞങ്ങൾ വിളിക്കുന്നത് ടീ മാസ്റ്റർ എന്നാണ്. അവരൊക്കെ വർഷങ്ങളായി, നമ്മൾ സിനിമയിൽ വരുന്നതിനുംമുൻപ് ജോലി ചെയ്ത് തുടങ്ങിയവരാണ്. അതുപോലെ ​വീട്ടിലെ ചായ കുടിക്കുന്നതുപോലെയാണ് ചെല്ലൻ ചേട്ടന്റെ ചായക്കടയിൽനിന്ന് അനുഭവിക്കാനായത്."

കണ്ണിൽ കാണുന്ന കാഴ്ചകൾ ഹൃദയത്തിലാണ് സൂക്ഷിക്കേണ്ടതെന്ന പക്ഷക്കാരനാണ് ജയസൂര്യ. നേരിൽക്കാണുന്ന കാഴ്ചകളുടെ ഭം​ഗിയും എനർജിയും ഏത് ക്യാമറക്കാണ് പകർത്താനാവുക? ഇങ്ങനെയുള്ള യാത്രകളൊന്നും പ്ലാൻ ചെയ്യാറില്ല. എല്ലാം സമയം ഒത്തുവരുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും ജയസൂര്യ പറയുന്നു.

ചെറിയ ചായക്കടകളോടുള്ള ജയസൂര്യയുടെ ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മിമിക്രി പ്രോ​ഗ്രാമുകളുമായി നടക്കുന്ന കാലംമുതലേ ഉള്ള പതിവാണിതെന്ന് ജയസൂര്യ പറയുന്നു. "ജോൺ ലൂഥർ എന്ന ചിത്രത്തിന്റെ സമയത്ത് തൊട്ടടുത്തുള്ള ഒരു ചെറിയ ചായക്കടയിൽ പോയിരുന്നു. അവിടത്തെ അമ്മ ഭക്ഷണം തരികയും ചെയ്തു. അതിനേക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. അതിനുശേഷം അവിടെ ഒരുപാട് യൂട്യൂബർമാർ പോവുകയും അതിനുശേഷം അവർക്ക് നല്ലരീതിയിൽ കച്ചവടം കൂടുകയും ചെയ്തു. അത് കാണുമ്പോൾ നമുക്കും സന്തോഷമാണ്. അടുത്തിടെ ആലപ്പുഴയിൽ ഇക്കാടെ ചായക്കടയിലും പോയിരുന്നു." ജയസൂര്യയുടെ വാക്കുകൾ. 

​കൊല്ലങ്കോടിനെ ഇപ്പോൾ കാണുന്നതുപോലെ നിലനിർത്താനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് ജയസൂര്യ പറയുന്നു. ഒരു സ്ഥലത്ത് പോവുമ്പോൾ അത് വൃത്തികേടാക്കാതെ നോക്കണം. ഇക്കാര്യം മാനേജ് ചെയ്യാൻ പ്രാദേശികമായി ഒരു സംവിധാനം വേണം. ഏതൊരു സ്ഥലത്തും ഒരു പുഴയോ കായലോ വെള്ളച്ചാട്ടമോ ഉണ്ടെങ്കിൽ അത് ആ ​ഗ്രാമത്തെ മൊത്തം നിലനിർത്തുന്ന ഘടകമാണ്. ഒരു പ്രദേശത്തേക്ക് ഒരുപാടുപേരെ എത്തിക്കുന്നത് ചിലപ്പോൾ ഒരു ബീച്ച് ആയിരിക്കും. അല്ലെങ്കിൽ ഒരു പുഴയായിരിക്കും. അതുമല്ലെങ്കിൽ ആ നാടിന്റെ തനതായ രുചിയുള്ള ഭക്ഷണമായിരിക്കും. അത് നന്നായി പരിരക്ഷിക്കുക എന്നത് സഞ്ചാരികളുടേയും പ്രദേശവാസികളുടേയും ഒരുപോലുള്ള ഉത്തരവാദിത്തമാണ്. പുഴയായാലും കായലായാലും കടലും മഴയുമെല്ലാം അടുത്തുള്ള നാടെന്നത് കേരളമാണെന്നും ജയസൂര്യ പറയുന്നു. ഇടവേള കിട്ടുന്നതിനനുസരിച്ച് കൊല്ലങ്കോട്ടെ മറ്റു സ്ഥലങ്ങൾ കൂടി സന്ദർശിക്കാനാണ് ജയസൂര്യയുടെ പദ്ധതി. 

ഹിമാചൽ പ്രദേശിലെ കൽപ, മേഘാലയയിലെ മൗലിനോങ് എന്നിവയ്ക്ക് പിന്നിലായാണ് കൊല്ലങ്കോട് കളേഴ്‌സ് ഓഫ് ഭാരതിന്റെ ലിസ്റ്റിൽ ഇടംപിടിച്ചത്. ഭാ​ഷ​കൊ​ണ്ടും​ ​രു​ചി​കൊ​ണ്ടും​ ​സം​സ്‌​കാ​ര​ ​ശൈ​ലി​കൊ​ണ്ടു​മെ​ല്ലാം​ ​കേ​ര​ള​ത്തി​ലെ​ ​മ​റ്റ് ​പ്രദേശങ്ങളിൽ​ ​നി​ന്നും​ ​​വ്യ​ത്യ​സ്ത​മാ​ണ് ​കൊ​ല്ല​ങ്കോ​ട്. ഈ​ ​മേ​ഖ​ല​യി​ൽ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ക​മ്മാ​ര​ ​(​കൊ​ല്ല​ൻ​)​​​ ​സ​മു​ദാ​യ​ത്തി​ൽ​ ​നി​ന്നാ​ണ് ​ഈ പ്രദേശത്തിന് കൊ​ല്ല​ങ്കോ​ട് ​എ​ന്ന​ ​പേ​ര് ​ല​ഭി​ച്ച​തെന്നാണ് കരുതുന്നത്.​ 

1. ചിങ്ങന്‍ചിറ പ്രകൃതിക്ഷേത്രം

ആൽമരങ്ങൾ കുടവിരിച്ചപോലെ കൂട്ടമായി നിൽക്കുന്ന പ്രകൃതി ക്ഷേത്രമാണ് ചിങ്ങൻ ചിറ. കളിയാട്ടം, കുഞ്ഞിരാമായണം, ഒടിയൻ തുടങ്ങിയ സിനിമകളുടേയും സുന്ദരിയേ വാ എന്ന ആൽബത്തിന്റെയും ലൊക്കേഷൻ കൂടിയാണിവിടം. ജാതിമത ഭേദമെന്യേ എല്ലാവരും വന്ന് പ്രാർത്ഥിക്കുന്ന അപൂർവ ക്ഷേത്രമാണിത്. വീടുപണി തടസമില്ലാതെ നടക്കാനായി വീടുകളുടേയും കുട്ടികളില്ലാത്തവർ തൊട്ടിലുകളുടേയും ചെറുരൂപങ്ങൾ വഴിപാടെന്നോണം ഇവിടെ സമർപ്പിക്കാറുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ ഇവിടെ വന്ന് വള വഴിപാടായി അർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട്. സ്വന്തമായി പൂജ ചെയ്ത് അവനവന്റെ പ്രാപ്തിക്കനുസരിച്ച് കോഴിയേയോ ആടിനേയോ അറുത്ത് പാകം ചെയ്ത് ഇവിടെവച്ചുതന്നെ കഴിക്കുന്ന സമ്പ്രദായം ചിങ്ങൻചിറയുടെ പ്രത്യേകതയാണ്. ക്ഷേത്രത്തിനുപിന്നിലായി ഒരു ചിറയും കാണാം. 

2. സീതാർകുണ്ട് വെള്ളച്ചാട്ടം

ചിങ്ങൻചിറയിൽനിന്ന് നാല് കിലോമീറ്ററാണ് ഇവിടേയ്ക്കുള്ളത്. രാമായണകഥയുമായി ബന്ധമുള്ള ഇടമാണിത്. സീതാദേവി സ്‌നാനത്തിന് എത്തിയിരുന്ന ഇടം എന്നൊരു വിശ്വാസം ഈ പ്രദേശത്തെ ചുറ്റിയുണ്ട്. മഴക്കാലത്ത് പ്രത്യേക സൗന്ദര്യമാണ് വെള്ളച്ചാട്ടത്തിന്. 

3. വാമല മുരുകന്‍ ക്ഷേത്രം

കൊല്ലങ്കോട്ടെ വാമല മുരുകന്‍ ക്ഷേത്രം സിനിമകളിലൂടെ പ്രശസ്തമാണ്. ഹൃദയം സിനിമയിലും ദീപസ്തംഭം മഹാശ്ചര്യം, കുഞ്ഞിരാമായണം തുടങ്ങിയവയിലും ഇവിടമുണ്ട്. മനോഹരമായ സൂര്യോദയം ഇവിടെ വന്നാൽ കാണാനാവും.

4. മുതലമട റെയിൽവേ സ്റ്റേഷൻ

ഇങ്ങനെ ഒരു സ്റ്റേഷന്‍ മുതലമടയിലേ കാണൂ. രണ്ട് പ്ലാറ്റ്‌ഫോമിലും നിറയെ ആല്‍മരങ്ങള്‍. അവയില്‍ നിന്ന് വേരിന്‍കൂട്ടങ്ങള്‍ പടര്‍ന്ന് കാറ്റിലാടുന്നു. വെട്ടം, ആടുജീവിതം, ഹൃദയം തുടങ്ങിയ സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ മഹേഷ് ബാബുവിന്റെ ഒരു തെലുങ്ക് സിനിമയിലും മുതലമട ഇടംപിടിച്ചിട്ടുണ്ട്. മുതലമടയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മാന്തോപ്പുകളുെട നാടാണിത്. അധികം ഉയരം വെക്കാതെ മാവുകള്‍ മനോഹരമായി വെട്ടിയൊതുക്കിനിര്‍ത്തിയിരിക്കുന്നു. ​ഗ്രാമീണ വഴിയിലൂടെയുള്ള യാത്രാമധ്യേ ഇത്തരം തോപ്പുകൾ കാണാം. കേരളത്തിന്റെ മാം​ഗോ സിറ്റി എന്നും മുതലമടയെ വിളിക്കാറുണ്ട്.