വെളുത്ത തലയില്‍ക്കെട്ടും നീളന്‍ ഖമീസ് കുപ്പായവും. ഒതുക്കി മിനുക്കിയ താടി. നെഞ്ചില്‍ കുത്തിവെച്ച ചെറിയ മൈക്കുമായി പേരറിയാത്ത ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍നിന്ന് 30-കാരന്‍ ഉസ്താദ് കഥ പറഞ്ഞുതുടങ്ങും. കശ്മീര്‍ ആപ്പിള്‍ മുതല്‍ രാജസ്ഥാന്‍ ഭക്ഷണരീതിവരെ ലളിതമായ വാക്കുകളില്‍ വിവരിക്കും. വീഡിയോകള്‍ക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാര്‍. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സഞ്ചാരക്കഥപറച്ചിലിന്റെ പേരായി മാറിയിരിക്കുകയാണ് പി.ടി. മുഹമ്മദ്. കോട്ടയ്ക്കല്‍ രണ്ടത്താണി സ്വദേശി.

To advertise here,

മുടങ്ങിപ്പോയ ആദ്യയാത്ര

ഉസ്താദായ രണ്ടത്താണിയിലെ ഇസ്മായില്‍ അഹ്സനിയുടെയും റംലയുടെയും മകനായി ജനനം. നാട്ടിന്‍പുറത്തെ പഠനത്തിനുശേഷം പിതാവിന്റെ വഴി തിരഞ്ഞെടുത്തു. അങ്ങനെ 2005 മുതല്‍ 2018 വരെ കാരന്തൂര്‍ മര്‍ക്കസിലെത്തി. മതപഠനവും ഇംഗ്ലീഷില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കി. അതിനിടയില്‍ ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ് എന്നിവയിലെ താത്പര്യം തിരിച്ചറിഞ്ഞു.

പഠനത്തിനിടയില്‍ മിക്കപ്പോഴും ചെറിയ വീഡിയോകള്‍ചെയ്ത് പാഷന്‍ നിലനിര്‍ത്തി. പഠനംകഴിഞ്ഞതും മര്‍ക്കസ് നോളജ് സിറ്റിയിലെ ടൈഗ്രീസ് വാലിയില്‍ മീഡിയ തലവനായി ചേര്‍ന്നു. ഒരിക്കല്‍ ജോലിയുടെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്രയ്ക്കവസരം കിട്ടി. ഉത്തരേന്ത്യയില്‍ എവിടെയങ്കിലും ജോലിചെയ്യണമെന്ന മോഹം ഉള്ളിലുറച്ചു.

വൈകാതെ ഡല്‍ഹിയില്‍ ഡിസൈനര്‍ ജോലിക്കായി ട്രെയിന്‍ കയറി. ഉത്തരേന്ത്യയിലേക്കുള്ള ആദ്യയാത്ര. രണ്ടുവര്‍ഷത്തോളം ജോലിചെയ്തു. സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ ഫുഡ് ഓണ്‍ വീല്‍സ് എന്ന സേവനപ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. തെരുവുകളിലെ കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്ന പദ്ധതിയുടെ ഭാഗമായി. വിവിധ ഗ്രാമങ്ങളിലെത്തി കുട്ടികളുമായി സംസാരിച്ചു. ഈ വിശേഷങ്ങള്‍ ഫോട്ടോ എടുത്ത് സൂക്ഷിച്ചു. യൂട്യൂബറായ സുഹൃത്ത് നജീബ് റഹ്‌മാന്‍ ഒരിക്കലിതുകണ്ടു. ഇനിമുതല്‍ വീഡിയോകള്‍ എടുത്ത് യൂട്യൂബില്‍ പങ്കുവെക്കണമെന്ന് പറഞ്ഞു. അതില്‍നിന്നാണ് എല്ലാത്തിന്റെയും തുടക്കം.

കശ്മീരിലെ മലകയറ്റം

എന്നുംകാണുന്ന കാഴ്ചകളും മനുഷ്യരും തുടക്കത്തില്‍ വിഷയമായി. ഡല്‍ഹിയിലെ ജോലി നിര്‍ത്തി ഫുഡ് ഓണ്‍ വീല്‍സില്‍ സജീവമായി. സുഹൃത്തുക്കളുടെ സഹായത്തോടെ വീഡിയോ തുടങ്ങി. പതിയെ യാത്ര ഹരിയാണ, കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെത്തി.

അനുഭവങ്ങളില്‍ കശ്മീരിലെ മലകയറ്റം മറക്കാനാകില്ല. സുഹൃത്തിന്റെ വീട്ടില്‍ പോയതാണ്. കൂടെയുള്ള മറ്റ് ചങ്ങാതിമാരുമായി അതിനടുത്തുള്ള വലിയ മല കയറാന്‍ പോയി. അഞ്ചുമണിക്കൂര്‍ കയറിയാല്‍ ഉച്ചിയിലെത്താം. രണ്ടു മണിക്കൂര്‍ കയറിയപ്പോഴേക്കും കരുതിയ വെള്ളവും ഭക്ഷണവും തീര്‍ന്നു. തളര്‍ന്നുവീഴാറായ നേരത്ത് ഒരു വീട് കണ്ടു. വീട്ടിലാരുമില്ല. പരിചയമില്ലാത്ത വീട്ടില്‍ക്കയറി അനുവാദമില്ലാതെ വെള്ളം കുടിച്ചു. തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും കൊടുക്കാമെന്നു കരുതിയിരുന്നു. വീട്ടുകാര്‍ അന്നേരം കയറിവന്നു. ചെറിയ ഭയത്തോടെ അവരെ നോക്കിയ ഞങ്ങള്‍ വെള്ളമെടുത്തു കുടിച്ചത് പറഞ്ഞു.

ചീത്ത കേള്‍ക്കേണ്ടി വരുമോ എന്ന് ശങ്കിച്ച ഞങ്ങളോട് അതിനെന്താ നിങ്ങളുടെ കൂടി വീടാണിത് എന്നാണവര്‍ പറഞ്ഞത്. അത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. അതിഥികളെപ്പോലെ സത്കരിച്ചിരുത്തി വെള്ളവും ചായയും റൊട്ടിയും ഭക്ഷണവുമെല്ലാം തന്നു. ബാക്കി കയറാനുള്ള വെള്ളം കൂടി നല്‍കിയാണവര്‍ വിട്ടത്. അവിടുത്തെ ആതിഥേയ മര്യാദ ഹൃദയംതൊടും.

സുകൂന്‍ ഫൗണ്ടേഷന്‍

ദരിദ്രര്‍ ഒരുപാടുള്ള ഗ്രാമങ്ങളില്‍ച്ചെന്ന് ഭക്ഷണവും വിശേഷങ്ങളും പങ്കുവെക്കുന്നതിനിടെ അവരുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മനസ്സിനെ അസ്വസ്ഥമാക്കി. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍നിന്നാണ് സുകൂന്‍ (സമാധാനം എന്നാണ് ഈ അറബി വാക്കിന്റെ അര്‍ഥം) ഫൗണ്ടേഷനു തുടക്കമിടുന്നത്. ലേണിങ് സെന്റുകള്‍ തുടങ്ങി കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലെത്തിക്കാന്‍ ശ്രമിച്ചു. 60-നടുത്ത് കുട്ടികള്‍ വീതമുള്ള 30 ലേണിങ് സെന്റുകള്‍ ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടാക്കി. അധ്യാപകരും ബെഞ്ചും ഡെസ്‌കും ഉള്‍പ്പെടെയുള്ളവ അവിടെയുണ്ട്. പാട്ടത്തിനും വാടകയ്ക്കുമെടുത്ത സ്ഥലവും കെട്ടിടവുമാണുണ്ടാകുക. ഇതോടൊപ്പം വീടുകള്‍ കേന്ദ്രീകരിച്ച് മൈക്രോ ലേണിങ് സെന്ററുകളുമുണ്ട്.

പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞവര്‍ നല്‍കിയ സാമ്പത്തികസഹായത്തോടെ ഹരിയാണയിലെ സുഡാക്കയില്‍ മൂന്ന് ഏക്കര്‍ ഭൂമി വാങ്ങി. അവിടെ ആദ്യ കെട്ടിടം പൂര്‍ത്തിയാക്കി. ലേണിങ് സെന്ററിലെ മികച്ച കുട്ടികള്‍ക്ക് ഇവിടെ ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കും. ഖദീജ ലബീബയാണ് ഭാര്യ. മുഹമ്മദ് ഫര്‍ഹാന്‍, ഫാത്തിമ ബുഷ്റ എന്നിവര്‍ മക്കളാണ്.