കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കും അവിടെ നിന്ന് തിരിച്ച് കന്യാകുമാരിയിലേക്കും. ഇന്ത്യയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയും തിരിച്ചും ബൈക്കിൽ.  ഏതൊരു യാത്രികനെയും കൊതിപ്പിക്കുന്ന ഈ യാത്ര പത്ത് ദിവസംകൊണ്ട് പൂര്‍ത്തിയാക്കി ഞെട്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം മംഗലപുരം സ്വദേശിയായ ബിസ്മില്ല ഖാന്‍ എന്ന പതിനെട്ടുകാരന്‍. തന്റെ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 350 ബൈക്കിലാണ്‌ ബിസ്മില്ലഖാന്‍ ഈ സ്വപ്‌നസഞ്ചാരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഈ യാത്രയിലെ ദേശീയ അന്തര്‍ദേശീയ റെക്കോഡുകള്‍ ഈ ബൈക്ക് സഞ്ചാരി മറിടകടന്നുവെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ യാത്രയും ലോകറെക്കോഡിനുള്ള പേപ്പര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കി മംഗലപുരത്തെ വീട്ടില്‍ വിശ്രമിക്കുകയാണ് ബിസ്മില്ല.

To advertise here,

പെട്ടെന്നുണ്ടായ ലോങ്ട്രിപ്പ്

യാത്രകളോടും ബൈക്കുകളോടും കുഞ്ഞുനാള് മുതലേ പ്രിയമായിരുന്നു ബിസ്മില്ലാഖാന്. 18 വയസ്സ് പൂര്‍ത്തിയായ ഉടന്‍ തന്നെ ലൈസന്‍സ് എടുത്തു. പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ ദിവസം തന്നെ മാതാപിതാക്കളുടെ സഹായത്തോടെ സ്വപ്‌ന ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയോര്‍ 350 സ്വന്തമാക്കി. തിരുവനന്തപുരം കന്യാകുമാരി പോലുള്ള യാത്രകളെല്ലാം നടത്തിയെങ്കിലും ഒരു വലിയ യാത്രയായിരുന്നു സ്വപ്നം. വളരെ പെട്ടെന്നാണ് കന്യാകുമാരി-കശ്മീര്‍ എന്ന യാത്ര പദ്ധതി രൂപപ്പെട്ടത്. വീട്ടില്‍ പോലും പറയാതെ യാത്രക്കായുള്ള പ്ലാനിങ്ങുകള്‍ നടത്തി. യാത്ര പുറപ്പെടുന്നതിന്റെ നാല് ദിവസം മുമ്പ് മാത്രമാണ് വീട്ടില്‍ അവതരിപ്പിക്കുന്നത്. മാതാപിതാക്കളായ ഷാനവാസിനും ഷെമിക്കും ആദ്യം ആശങ്കകളൊക്കെയുണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ പിന്തുണകളും തന്നു. പെട്ടെന്ന് തട്ടിക്കൂട്ടാവുന്ന തയ്യാറെടുപ്പുകളും നടത്തി റോഡിലേക്ക് കുതിക്കുകയായിരുന്നു ബിസ്മില്ല.

2023 ആഗസ്റ്റ് 4ന് മംഗലപുരം പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്ന് മാതാപിതാക്കളും ചുരുക്കം ചില നാട്ടുകാരും ചേര്‍ന്നാണ് ബിസ്മില്ലയെ യാത്രയാക്കുന്നത്. പതിനെട്ടുകാരന്‍ നടത്തുന്ന ദീര്‍ഘ ബൈക്ക് സഞ്ചാരം എന്ന നിലയില്‍ തന്നെ യാത്ര ശ്രദ്ധിക്കപ്പെടുമായിരുന്നെങ്കിലും അതിന് ശ്രമിച്ചില്ല. പലകാരണങ്ങള്‍കൊണ്ടും യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമോ എന്ന ചിന്തയായിരുന്നു അതിന് കാരണം. യാത്രയുടെ പ്ലാന്‍ പറഞ്ഞപ്പോള്‍ തന്നെ പലരും നിരുത്സാരഹപ്പെടുത്തിയിരുന്നു. സമാനമായ യാത്രകള്‍ക്കിടെ അപകടത്തില്‍പ്പെട്ട റൈഡര്‍മാരുടെ കാര്യങ്ങള്‍ പറഞ്ഞായിരുന്നു പലരും നിരുത്സാഹപ്പെടുത്തിയത്. പക്ഷെ യാത്രചെയ്യാനുള്ള ആഗ്രഹം മുറുകെപ്പിടിച്ച് മുന്നോട്ട് പോകാനായിരുന്നു ബിസ്മില്ലഖാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് അഞ്ചിന് പുലര്‍ച്ചെ ആറുമണിയോടെയാണ് കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുള്ള യാത്ര ആരംഭിച്ചത്.

അപ്രതീക്ഷിതമായി വന്ന റെക്കോര്‍ഡ് മോഹം

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ എന്‍.എച്ച് 44ലൂടെയുള്ള യാത്ര തുടക്കം മുതല്‍ തന്നെ സംഭവബഹുലമായിരുന്നു. ഏകദേശം 4,112 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. കന്യാകുമാരിയില്‍ നിന്നാരംഭിച്ച ആദ്യ ദിവസത്തെ യാത്ര അവസാനിച്ചത് ബെംഗളൂരുവിലാണ്. ഗിയേഴ്‌സ് വാങ്ങാനും മറ്റുമായി 12 മണിക്കുറോളം സമയം അവിടെ ചിലവഴിച്ചു. രണ്ടാമതെത്തിയത് ഹൈദരാബാദാണ്. അവിടെയും കുറച്ച് മണിക്കൂറുകള്‍ തങ്ങി. യാത്ര പൂര്‍ത്തിയാക്കുക എന്നത് മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്ന ലക്ഷ്യം. ഹൈദരാബാദില്‍ വെച്ച് വെറുതെ ഗൂഗിള്‍ ചെയ്തപ്പോഴാണ് റെക്കോര്‍ഡ് നേടാനുള്ള സാധ്യതകളെ കുറിച്ച് മനസ്സിലാക്കിയത്. പിന്നെ ലക്ഷ്യം അത് കൂടെയായി. ബെംഗളൂരുവിലും ഹൈദരാബാദിലും ചിലവഴിച്ച സമയം കൂടെ ഒഴിവാക്കിയിരുന്നെങ്കില്‍ വളരെ നേരത്തെ റൈഡ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു.

എന്‍.എച്ച് 44 ലെ വെല്ലുവിളികള്‍

റെക്കോഡ് മോഹമായതോടെ ട്രിപ്പിന് പുതിയ വേഗം കൈവന്നു. വെറും മൂന്ന് ദിവസം കൊണ്ട്  ഹൈദരാബാദ് നിന്ന് കശ്മീരിലെത്തി. എന്‍.എച്ച് 44 ല്‍ ട്രക്കുകള്‍ക്കിടയിലൂടെയുള്ള യാത്ര അല്‍പം കഠിനം തന്നെയായിരുന്നു. തളര്‍ന്നുപോകുമെന്ന് കരുതിയ ഇടങ്ങളിലെല്ലാം അപരിചിതര്‍ സഹായവുമായെത്തി. ഉത്തരേന്ത്യയില്‍ പശുക്കളായിരുന്നു റോഡില്‍ നേരിട്ട മറ്റൊരു വെല്ലുവിളി. നാഗ്പൂരില്‍ വെച്ച് ചിലര്‍ ഉപദ്രവിക്കാന്‍ നോക്കിയപ്പോള്‍ രക്ഷക്കെത്തിയത് കാറില്‍ സഞ്ചരിച്ചിരുന്ന മലയാളി സംഘമായിരുന്നു. ജമ്മുവില്‍ ഒരാള്‍ കണ്‍മുന്‍പില്‍ വെച്ച് ബാഗ് മോഷ്ടിച്ചപ്പോള്‍ യാത്രാക്ഷീണം കാരണം ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഒന്‍പതാം തീയതി രാത്രിയോടെയാണ്‌ ബിസ്മില്ല കാശ്മീരിലെത്തിയത്. പതിനെട്ടുകാരന്‍ നടത്തുന്ന ഓള്‍ ഇന്ത്യ ട്രിപ്പിനെ കുറിച്ചറിഞ്ഞ കശ്മീരിലെ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് ക്ഷണിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 10-ാം തീയതി കശ്മീരിന്റെ സൗന്ദര്യം ചുറ്റികറങ്ങി കണ്ടശേഷം 11-ാം തീയതി രാവിലെ ആറുമണിക്ക് ശ്രീനഗറിലെ ലാല്‍ ചോക്കില്‍നിന്ന് പുറപ്പെട്ടു. വെറും നാലുദിവസം കൊണ്ട്, ആഗസ്ററ് 15ന് പുലര്‍ച്ചെ 5.45ന് കന്യാകുമാരിയിലെത്തി. പത്ത് ദിവസം പിന്നിടാന്‍ ഏതാനും മിനിറ്റുകള്‍ കൂടെ ബാക്കിയുണ്ടായിരുന്നു അപ്പോള്‍.

കോട്ടയം മാന്നാനം കെ.ഇ.ഇ.എം.എസില്‍നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഈ 18കാരന് ഇനി എയറനോട്ടിക്കല്‍ എഞ്ചിനീയറിങ് പഠിക്കാനാണ് ആഗ്രഹം. തുടര്‍ പഠനത്തിനായി ബെംഗളൂരുവിലേക്ക് പുറപ്പടാനൊരുങ്ങുന്ന ബിസ്മില്ലയുടെ മനസ്സില്‍ ഇനിയും നിരവധി യാത്രാ പ്ലാനുകളുണ്ട്. എട്ടാം ക്ലാസുകാരിയായ ഏക സഹോദരി ബിസ്മിയേയും കൂട്ടി കാശ്മീരും കടന്നുപോകുന്ന ഒരു ബൈക്ക് യാത്രയാണ് വലിയ സ്വപ്‌നങ്ങളിലൊന്ന്.