
വിമാനങ്ങളോ ഗൂഗിൾമാപ്പോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്ത് രാജ്യങ്ങളുടെ അതിർവരമ്പുകൾ താണ്ടി സഞ്ചരിച്ച അത്ഭുത സഞ്ചാരിയാണ് ഇബ്ൻ ബത്തൂത്ത. അദ്ദേഹത്തിന്റെ വാക്കുകൾ കടം കൊണ്ടാൽ, യാത്രകൾ ആദ്യം നിങ്ങളിൽ മൗനം നിറയ്ക്കും, പിന്നീടത് നിങ്ങളെ കഥകൾകൊണ്ട് മൂടും. മഞ്ഞ് മൂടിയ ആൽപ്സിലൂടെയുള്ള ഞങ്ങളുടെ യാത്രയും കഥകൾകൊണ്ട് മൂടിയതാണ്.
ആൽപ്സിലെ പേരുകേട്ട ഒരു കൊടുമുടിയാണ് ഷിൽത്തോൺ. ആ കൊടുമുടിയിലേയ്ക്കാണ് യാത്ര. മാമരം കോച്ചും കൊച്ചുവെളുപ്പാൻ കാലത്തേ ഞങ്ങൾ യാത്ര ആരംഭിച്ചു. ട്രാമിലും ട്രെയിനിലും, കേബിൾ കാറിലുമായായി മൂന്നുമണിക്കൂർ യാത്രയുണ്ട്. പ്രവർത്തിദിനമായതിനാൽ റെയിൽവേ സ്റ്റേഷനിൽ സാമാന്യം നല്ല തിരക്കുണ്ട്. ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ പ്ലാറ്റ്ഫോമിൽ പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.

ഇന്റർലാക്കാൻ ഓസ്റ്റിൽ ഇറങ്ങി മറ്റൊരു ട്രെയിൻ എടുത്ത് മലയടിവാരത്തുള്ള ലൗട്ടർബ്രൂണൻ താഴ്‌വരയിൽ എത്തണം. ഇന്റർലാക്കനിൽ നിന്നും ലൗട്ടർബ്രൂണൻ വരെയുള്ള ട്രെയിൻയാത്രയിലെ വഴിയോരക്കാഴ്ചകൾ അതിമനോഹരമാണ്. ലൗട്ടർ എന്ന ജർമ്മൻ പദത്തിന് മലയാളത്തിൽ അർത്ഥം ഉച്ചത്തിൽ എന്നും, ബ്രൂണൻ എന്നാൽ ജലധാര എന്നുമാണ്. ഇടിമിന്നൽ പോലെ മിന്നി ജ്വലിച്ച് ഒഴുകുന്ന 72 വെള്ളച്ചാട്ടങ്ങൾ ഉള്ള ഈ താഴ്‌വര അറിയപ്പെടുന്നത് വെള്ളച്ചാട്ടങ്ങളുടെ താഴ്‌വര എന്നാണ്. ഈ വെള്ളച്ചാട്ടങ്ങൾ ഉണ്ടാക്കുന്ന ശബ്ദഗാംഭീര്യം കൊണ്ടാണ് ഈ താഴ്‌വരയ്ക്ക് ലൗട്ടർബ്രൂണൻ എന്ന പേര് കിട്ടാൻ കാരണം. ഇവിടെ നിന്നാണ് ഞങ്ങൾ ഷിൽത്തോൺ കൊടുമുടിയിലേയ്ക്കുള്ള കയറ്റം ആരംഭിക്കുന്നത്.

ലൗട്ടർബ്രൂണനിൽ നിന്നും 1486 മീറ്റർ ഉയരത്തിലാണ് ഗുർട്ട്ഷാൽപ്. അങ്ങോട്ടേയ്ക്കുള്ള കേബിൾ കാറിലാണ് അദ്യം കയറേണ്ടത്. ലൗട്ടർബ്രൂണനിൽ നിന്നുള്ള കേബിൾ കാറും മ്യൂറനിൽ നിന്നുള്ള റെയിൽവേയും തമ്മിൽ ഗുർട്ട്ഷാൽപിൽ സംയോജിക്കുന്നു. ഗുർട്ട്ഷാൽപിൽ നിന്ന് പത്ത് കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു കൊച്ചു ട്രെയിനിലാണ് മ്യൂറെൻ പർവ്വതഗ്രാമത്തിലേയ്ക്കുള്ള യാത്ര. ഇടയിൽ 1578 മീറ്റർ ഉയത്തിൽ വിന്റർഎഗ്ഗ് എന്നൊരു സ്റ്റേഷനുണ്ട്. സ്കീയിങ്ങിന് മാത്രമായി വന്ന ധാരാളം പേർ ട്രെയിനിൽ കയറിയിട്ടുണ്ട്. അവരെല്ലാം വിന്റർഎഗ്ഗ് സ്റ്റേഷനിൽ ഇറങ്ങി. ഈ പ്രദേശങ്ങളെല്ലാം സ്കീയിങ് ഏരിയകളാണ്. അവിടത്തെ കാഴ്ചകൾ കാണാനായി ഞങ്ങളും കൂടെയിറങ്ങി. ചുറ്റും തലനരച്ച മലകൾ. മഞ്ഞിൽ മൂടിയ താഴ്‌വര. എങ്ങും പാൽക്കടൽ പോലെ.

മഞ്ഞിലെ കളികൾ അറിയില്ലെങ്കിലും മറ്റുള്ളവർ കളിക്കുന്നത് കണ്ടുനിൽക്കാൻ നല്ല രസം. ഈ അന്തരീക്ഷത്തിന് പറ്റിയ നല്ലൊരു റെസ്റ്റോറന്റും ഇവിടെയുണ്ട്. ഇനിയും മലമുകളിലേയ്ക്ക് പോകാനുള്ളതുകൊണ്ട് വിന്റർഎഗ്ഗിൽ നിന്നും ഞങ്ങൾ അടുത്ത സ്റ്റേഷനായ മ്യൂറെനിലേക്ക് തിരിച്ചു. ഗുർട്ട്ഷാൽപിനും മ്യൂറെനും ഇടയിലുള്ള യാത്ര 12 മിനിറ്റേ ഉള്ളെങ്കിലും അതൊരു റൊമന്റിക് യാത്ര തന്നെയാണ്. സഞ്ചാരികൾക്ക് ഐഗർ, മോൻഷ്, യുങ്ങ്ഫ്രാവ് മലകളിലെ തുഷാര കാഴ്ചകൾ സമ്മാനിച്ച് മനം കവരുന്ന ഒരു സ്വപ്നയാത്ര. സ്വിറ്റ്സർലാൻഡിലെ വൺഡേ ടിക്കറ്റാണ് നിങ്ങൾ എടുത്തിരിക്കുന്നതെങ്കിൽ മ്യൂറെൻ വരെ മറ്റൊരു ടിക്കറ്റിന്റെ ആവശ്യമില്ല.

ഷിൽത്തോൺ കൊടുമുടിയുടെ അടിവാരത്തുള്ള ഒരു സ്വിസ് പർവ്വതഗ്രാമമാണ് മ്യൂറെൻ. 1650 മീറ്റർ ഉയരത്തിൽ മലമടക്കുകളുടെ മടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ ഗ്രാമം, പെട്രോൾ ഡീസൽ കാർ രഹിതമാണ്. സർവ്വസമ്പൂർണ്ണ കാഴ്ചാ വിസ്മയവുമായി ഏകദേശം 52 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന അഴകുള്ള ഈ ഗ്രാമം ശൈത്യകാലത്തും വേനൽക്കാലത്തും സഞ്ചാരികളെ ആകർഷിക്കുന്നു. ഈ ഗ്രാമത്തിലെ അന്തേവാസികളുടെ എണ്ണം 500-ൽ താഴെയാണെങ്കിലും, ഹോട്ടലുകളും ഹോംസ്റ്റേകളുമൊക്കെയായി 2000 ത്തിലധികം ടൂറിസ്റ്റുകളെ താമസിപ്പിക്കുവാനുള്ള സൗകര്യം മലമടക്കിലെ ഈ ഗ്രാമത്തിലുണ്ട്.

നല്ല സൂര്യപ്രകാശമുള്ളപ്പോൾ മലകയറുകയാണെങ്കിൽ മലമുകളിൽ നിന്ന് വിദൂര കാഴ്ചകൾ നന്നായി കാണാം. സൂര്യൻ നന്നായി കത്തി ജ്വലിക്കുന്നുണ്ടെങ്കിലും ഉച്ചയോട് അടുത്തിട്ടും സൂര്യരശ്മികൾക്ക് ഇപ്പോഴും തണുപ്പ് തന്നെ. അതുകൊണ്ട് സൗജന്യമായി സൂര്യൻ തരുന്ന വിറ്റാമിൻ ഡി, ശൈത്യകാലം തീരും വരെ ഞങ്ങളൊക്കെ മരുന്നുകടയിൽ നിന്ന് കാശ് കൊടുത്ത് വാങ്ങിയാണ് സേവിക്കുന്നത്. മഞ്ഞ് കാണാനൊക്കെ നല്ല രസമാണ്. പക്ഷേ സ്ഥിരം അനുഭവിച്ചാൽ അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ. മകരമാസത്തിലെ ചെറു കുളിരിൽ കരിയില കൂട്ടി തീ കായുന്നവർക്ക് അറിയില്ലല്ലോ ഇവിടത്തെ തണുപ്പിന്റെ കാഠിന്യവും ഇടുന്ന ഡ്രസ്സുകളുടെ എണ്ണവും ഷൂസിന്റെ കട്ടിയും. ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ കാവലിരിക്കുന്ന നമ്മുടെ സൈനികരെ സമ്മതിക്കണം.

മ്യൂറെനിൽനിന്നും 2677 മീറ്റർ ഉയരത്തിലുള്ള ബിർഗിലേയ്ക്കാണ് ഞങ്ങൾ ഇനി പോകുന്നത്. അവിടെ നിന്ന് ജയിംസ് ബോണ്ട് 007 സിനിമ ഷൂട്ട് ചെയ്ത ഷിൽത്തോൺ കൊടുമുടിയിലെ 360 ഡിഗ്രി കറങ്ങുന്ന പിസ് ഗ്ലോറിയ റെസ്റ്റോറന്റിലേയ്ക്കും. മല നിറുകയിൽ മഞ്ഞിന്റെ ധവളാഭയിൽ കണ്ണഞ്ചിപ്പിക്കുന്ന പർവ്വതങ്ങളും കൊടുമുടികളും താഴ്‌വരകളും ഇഴുകിച്ചേർന്ന് കണ്ണും കരളും കോൾമയിർകൊള്ളിക്കുന്ന കൗതുക കാഴ്ചയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ ആകാം.
(തുടരും)
Content Highlights: swiss alps, schilthorn summit, murren village travel
Published: 15 Mar 2022, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented