ഒരു വര്‍ഷം എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്...! മാറി വന്ന ഋതുക്കള്‍ക്കനുസരിച്ച് വീണ്ടും സൂര്യകാന്തിപ്പാടങ്ങളുടെ ചാരുത നുകരാനുള്ള വിനോദ സഞ്ചാരികളുടെ പ്രയാണം തുടങ്ങുന്നു. തെന്മല - ആര്യങ്കാവ് വഴി തമിഴ് നാട്ടിലേക്കിപ്പോള്‍ കേരളത്തില്‍നിന്നുള്ള വണ്ടികളുടെ തിരക്ക് വര്‍ധിച്ചു വരികയാണ്. അതെ, ചെങ്കോട്ട പിന്നിട്ടാല്‍ ആയ്ക്കുടിയിലും അച്ചന്‍ പുതൂരും ഒക്കെ ഇപ്പോള്‍ സൂര്യകാന്തിപ്പാടങ്ങളുടേയും ജമന്തിപ്പാടങ്ങളുടേയും എണ്ണം കൂടി വരികയാണ്. നയനമനോഹരവും ചേതോഹരവുമായ വിസ്മയക്കാഴ്ചകളാല്‍ അവ നമ്മെ മാടി വിളിക്കുന്നു. ഈ മനോഹര കാഴ്ചകള്‍ കണ്ട് തിരികെയെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം കമ്പിളിയിലും സാമ്പാര്‍ വടകരയിലുമൊക്കെ പാടങ്ങളില്‍ നിറഞ്ഞുനിന്ന വിവിധങ്ങളായ പൂക്കളുടേയും പച്ചക്കറികളുടേയും മറ്റ് കൃഷികളുടേയും ഓര്‍മകളിലേയ്ക്ക് മനസ്സ് അറിയാതെ ഊളിയിട്ടുപോകുന്നു.
സമയം രാവിലെ എട്ടിനോടടുക്കുന്നു. രാവിലെ മുതല്‍ മഴ ചന്നംപിന്നം പെയ്തുകൊണ്ടിരിക്കുകയാണ്. ഇടവപ്പാതിക്കു പ്രതീക്ഷിച്ച മഴ ഇനിയും കിട്ടിയിട്ടില്ല എന്നുവേണം പറയാന്‍. മഴച്ചാറ്റല്‍ നീണ്ടപ്പോള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്ത ദിവസം തെറ്റിപ്പോയോ എന്നും സംശയിക്കാതിരുന്നില്ല. എന്നിരുന്നാലും ആര്യങ്കാവ് ചുരമിറങ്ങി 'എസ് വളവും' കഴിഞ്ഞ് പുളിയറയെത്തിയാല്‍പ്പിന്നെ മഴയില്ല എന്നറിയാമായിരുന്നു. തന്നെയുമല്ല, ആറ്റുനോറ്റ് കിട്ടിയ ഒരവധി ദിവസവും. എന്തായാലും പുറപ്പെടുക തന്നെ. പൂക്കളുടേയും പച്ചക്കറികളുടേയും ആ പറുദീസയെക്കുറിച്ച് അത്രയ്‌ക്കേറെ കേട്ടിരിക്കുന്നു. ഊഹം ശരിയാണ്. കോട്ടവാസലും കടന്ന് താഴേക്കിറങ്ങിയപ്പോള്‍ ചുറ്റിനും നിറയുന്ന ഗിരിശൃംഗങ്ങള്‍. ഒരര്‍ത്ഥത്തില്‍ അതുതന്നെയാണ് കേരളത്തിന്റെ അനുഗ്രഹവും. മഴ മേഘങ്ങളെ അതിര്‍ത്തി കടക്കാതെ തടഞ്ഞുനില്‍ക്കുകയാണവര്‍. ഇടവപ്പാതി തമിഴ്‌നാട്ടില്‍ വലുതായി ലഭിക്കുക പതിവില്ല. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷമാണ് അവിടങ്ങളില്‍ പെയ്യാറ് പതിവ്. എന്നിരുന്നാലും ശോഷിച്ച തങ്ങളുടെ ജലസ്രോതസ്സുകള്‍വച്ചും പവിഴം വിളയിക്കുന്നവരാണ് അവിടത്തെ കര്‍ഷകര്‍. ഉപഭോഗ സംസ്‌കാരം രൂഢമൂലമായ കേരളം പച്ചക്കറികള്‍ക്കായും മറ്റും അമിതമായി ആശ്രയിക്കുന്നതും ഈ അയല്‍ സംസ്ഥാനത്തെത്തന്നെ. സാമ്പാര്‍ വടകര, ശങ്കരന്‍കോവില്‍, സുന്ദരപാണ്ഡ്യപുരം എന്നീ സൂര്യകാന്തിപ്പൂക്കള്‍ക്കും ജമന്തിപ്പൂക്കള്‍ക്കും പല തരത്തിലെ പച്ചക്കറികള്‍ക്കും പേരുകേട്ട തെങ്കാശി മാവട്ട(ജില്ല)ത്തിലെ സ്ഥലങ്ങളിലേയ്ക്കാണ് യാത്ര പ്‌ളാന്‍ ചെയ്തിരിക്കുന്നത്.
റോഡിനിരുവശങ്ങളിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന തേക്ക് മരത്തോട്ടങ്ങളാണ് ആദ്യം കണ്ടത്. കേരളത്തിലേതുപോലെ തലയെടുപ്പുള്ള വന്‍വൃക്ഷങ്ങളല്ല ഇവിടെയുള്ളത്. നിരന്തരം വീശിക്കൊണ്ടിരിക്കുന്ന കാറ്റിലുലയുന്ന അവ അധികം ഉയരം വയ്ക്കുക പതിവില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ തേക്ക് കൃഷിക്കാരും വനം വകുപ്പും തമിഴ്‌നാട്ടില്‍നിന്നുള്ള തേക്കിന്റെ വിത്ത് സാധാരണ മുളപ്പിക്കാനായി വാങ്ങാറുമില്ല. തെന്മലയും കഴിഞ്ഞ് വണ്ടി ചെങ്കോട്ടയും റോഡിലെ കമാനവും കഴിഞ്ഞ് സൊറണ്ട റൂട്ടിലേയ്ക്ക് കടന്നു. ഇലത്തൂര്‍, ആയ്ക്കുടി, കമ്പിളി കഴിഞ്ഞ് ഏഴുകിലോമാറ്ററോളം പോയാല്‍ സാമ്പാര്‍വടകരയായി. മഴക്കാറുകളില്ലാത്ത തെളിഞ്ഞ ആകാശത്ത് പാറി നടക്കുന്ന മേഘങ്ങള്‍. താഴ്ത്തിയിട്ട ഗ്‌ളാസ്സുകളിലൂടെ ചെറിയ മുരള്‍ച്ചയോടെ അകത്തേയ്ക്ക് വീശിയടിക്കുന്ന കാറ്റിനും തണുപ്പ് കുറവാണ്.
മണി പത്ത് കഴിഞ്ഞിട്ടും വെയിലുറച്ചിരുന്നില്ല. വഴിയില്‍ അധികവും കേരള രജിസ്‌ട്രേഷനുള്ള കാറുകളും എസ്.യു.വികളുമാണ്. ഇടയ്ക്ക് രണ്ടും മൂന്നും പേര്‍ കയറിയ ഇരുചക്രവാഹനങ്ങളും കടന്നുപോകുന്നുണ്ട്. അത് തമിഴ്‌നാടിന്റെ സവിശേഷതയാണ്. പണ്ടൊക്കെ ടി.വി.എസ് കമ്പനിയുടേയും മറ്റും മോപ്പിഡുകളുമായിരുന്നു നിരത്തുകളില്‍ ഭൂരിഭാഗവും. പാതയോരങ്ങളിലെ വലിയ ആല്‍മരങ്ങളും പുളിമരങ്ങളും കരിമ്പനകളും വേപ്പുമൊക്കെ വിരിക്കുന്ന നിഴലില്‍ പലയിടത്തും വണ്ടികള്‍ ഒതുക്കിനിറുത്തിയിരിക്കുന്നു. യാത്രക്കാര്‍ അതിലിരുന്ന് പ്രാതല്‍ കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. സൂര്യകാന്തിപ്പൂക്കള്‍ക്കു പുറമേ വിവിധങ്ങളായ പൂക്കളും പച്ചക്കറിക്കൃഷിയും ഉള്ളത് ശങ്കരന്‍കോവിലിലാണിപ്പോഴെന്ന് അക്കൂട്ടത്തില്‍ പരിചയപ്പെട്ടവര്‍ പറഞ്ഞു.

പിന്നെയും മുന്നോട്ട് നീങ്ങുമ്പോള്‍ സൂര്യകാന്തിപ്പാടങ്ങള്‍ കണ്ടുതുടങ്ങി. റോഡരികിലെ പാടങ്ങള്‍ക്കു കാവലായി നില്‍ക്കുന്ന കര്‍ഷകര്‍. പാടത്തേയ്ക്ക് ചാലുവെട്ടി വെള്ളം തിരിച്ചുകൊണ്ടിരുന്ന അവര്‍ കേരള വണ്ടികള്‍ വന്നുനില്‍ക്കുന്നതുകണ്ട് റോഡരികിലേയ്ക്ക് വന്നു. പാടത്തിറങ്ങി ചിത്രങ്ങള്‍ എടുത്തോട്ടെ എന്നുചോദിച്ചപ്പോള്‍ നിഷ്‌കരുണം വിലക്കുകയായിരുന്നു. അവരുടെ പെരുമാറ്റത്തിലെ ധാര്‍ഷ്ട്യം കണ്ടപ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് തോന്നിയത്. പിന്നെ അറിയാവുന്ന തമിഴില്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ ചൂണ്ടിക്കാണിച്ചുതന്നു. വിനോദ യാത്രികര്‍ ചവിട്ടി മെതിച്ചും പിഴുതുമിട്ട ചെടികളെ. പൂക്കള്‍ അടര്‍ത്തിയെടുത്ത തലയില്ലാത്ത സസ്യങ്ങളെ. പകലും പാടങ്ങള്‍ക്ക് കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ തങ്ങളെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളുടെ കേരള മനസ്സിലും ചെറിയ മനസ്താപം ഉയിരെടുക്കാതിരുന്നില്ല എന്നതാണ് സത്യം.
ഉച്ചഭക്ഷണം കഴിഞ്ഞു. തമിഴ്‌നാടിലെ മസാല കൂട്ടിയ ബിരിയാണിയായിരുന്നു. നല്ല എരിവ്. അതും കഴിഞ്ഞ് സൂര്യകാന്തി പൂക്കള്‍ക്കുപുറമെ മറ്റ് കൃഷികളും കൂടിക്കാണാനായി ഇടതുതിരിഞ്ഞ് ശങ്കരന്‍ കോവിലിലേയ്ക്ക് ശേന്തമരം വഴി മുപ്പത്തിഅഞ്ച് കിലോമീറ്റോളം വീണ്ടും യാത്ര. കയറ്റിറക്കങ്ങളില്ലാത്ത വീതിയേറിയ പാതയിലൂടെ കാറോടുമ്പോള്‍ വഴികാട്ടാനെന്നോണം മുന്നില്‍ നീലവിഹായസ്സില്‍ ഒപ്പം തിരക്കിട്ടോടുന്ന വെണ്‍മേഘക്കെട്ടുകള്‍ തിരക്ക് നന്നെ കുറവാണ്. വല്ലപ്പോഴും എതിരെ ഒരു ബസ്സോ ട്രക്കോ ലോറിയോ കടന്നുപോയാലായി. വഴിയരികില്‍ വണ്ടി നിറുത്തി ലഘുഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ആവോളം സ്ഥലവും സാവകാശവും.
യാത്രയ്ക്കിടയില്‍ വലതുവശത്ത് നിറയെ ചോളപ്പാടങ്ങളാണിപ്പോള്‍ കാണുന്നത്. പുഷ്പിച്ചു കഴിഞ്ഞ ഇളം കതിരുമുതല്‍ പാകമെത്തിയതുവരെയുള്ള ധാന്യച്ചെടികള്‍ വരെ. വീശിയടിക്കുന്ന കാറ്റിന്റെ മൂളലിനൊപ്പം ഊയലാടുന്ന ചോളക്കതിരുകളുടെ നയന മനോഹരമായ കാഴ്ച. കിണറുകളിലെ പമ്പുസെറ്റില്‍ നിന്നും ചീറ്റുന്ന വെള്ളം ഇടയ്ക്കുവെട്ടിയ ചാലുകളിലൂടെ പാടങ്ങളിലേയ്ക്ക് ഒഴുകുന്നുണ്ട്. പാടങ്ങളുടെ വിസ്തൃതിയ്ക്കപ്പുറം ദൂരക്കാഴ്ചയില്‍ അതിരിട്ടു നില്‍ക്കുന്ന സഹ്യന്റെ ശിഖരങ്ങള്‍ക്കു കീഴെ നിരകളായി സ്ഥാപിച്ചിരിക്കുന്ന വലിയ കാറ്റാടി യന്ത്രങ്ങള്‍. തെളിഞ്ഞ നീലാകാശത്തെ കീറി മുറിച്ചുകൊണ്ട് വലിയ മുഴക്കത്തോടെ നെടുങ്കന്‍ പങ്കച്ചിറകുകള്‍ കാറ്റുപിടിച്ച് കറങ്ങിക്കൊണ്ടിരിക്കുന്നു. കാറ്റിലും ചേതനയറ്റ് ചത്തിരിക്കുന്ന പങ്കകളുമായി ഇടയ്ക്ക് ചില യന്ത്രങ്ങള്‍. വരണ്ട ആ കാറ്റില്‍നിന്നു വൈദ്യുതി ഉത്പാദനത്തിനുള്ള വലിയ സാധ്യതകളും അവര്‍ വസൂലാക്കുന്നുണ്ട്. പാടശേഖരങ്ങളിലങ്ങിങ്ങായി കായ്ഫലമുള്ള തെങ്ങുകളും കരിമ്പനകളും ഇടവിട്ട് കാണാം. ചില പാടങ്ങളില്‍ ഉഴുതുകൊണ്ടിരിക്കുന്ന ട്രാക്ടറുകളും നനവു മാറാത്ത അടിമണ്ണിനോടൊപ്പം പുറത്തുവരുന്ന മണ്ണിരകളേയും കീടങ്ങളേയും തിന്നുന്നതിനായി മത്സരിക്കുന്ന വെള്ളക്കൊറ്റികളേയും കാണാം.
ശങ്കരന്‍കോവില്‍ എത്തുമ്പോള്‍ വെയിലുറച്ചിരുന്നു. എന്നിട്ടും ഞങ്ങള്‍ കാറിലെ ഗ്‌ളാസ്സുയര്‍ത്തിയില്ല. ശരിക്കും വീശിയടിക്കുന്ന കാറ്റിലും ഞങ്ങള്‍ക്ക് വിയര്‍ക്കുന്നുണ്ടായിരുന്നു. നിനച്ചിരിക്കാതെ കാറ് പെട്ടെന്ന് ബ്രേക്കിട്ടുനിന്നു. തത്രപ്പെട്ട് നോക്കുമ്പോള്‍ വീതിയേറിയ റോഡു നിറഞ്ഞ് വലിയ നീങ്ങുന്ന ആട്ടിന്‍പറ്റമാണ്. കൂടെ ബീഡി പുകച്ചുകൊണ്ട് യജമാനന്റെ പ്രൗഢിയിൽ മുഷിഞ്ഞ ഷര്‍ട്ടും കൈലിയും പാറിപ്പറന്ന മുടിയുമായി ചെറുപ്പം വിടാത്ത ഒരു ഇടയനും. ഒച്ചവച്ചെത്തിയ ആട്ടിന്‍ പറ്റം ഞങ്ങളുടെ കാറിനെ ചുറ്റിക്കടന്ന് ഇടതുവശത്തെ കൊയ്തു കഴിഞ്ഞ പാടത്തേയ്ക്കിറങ്ങി അവിടെ അവശേഷിച്ചിരുന്ന കുഞ്ഞന്‍ മുകുളങ്ങള്‍ നുണയാന്‍ തുടങ്ങി. ആട്ടിന്‍പറ്റത്തിന്റെ കാവലാള്‍ തിളയ്ക്കുന്ന വെയിലിലും പുകച്ചുരുളുകള്‍ ഊതിപ്പറപ്പിച്ചുകൊണ്ട് ഗൗരവം വിടാതെ മുഖവുമായി റോഡരികത്ത് അവറ്റകളെ നോക്കിയിരിപ്പായി. പിന്നേയും നീങ്ങുമ്പോള്‍ റോഡിനിരുവശവും വറ്റിയുണങ്ങിയ ജലാശയങ്ങളും മുള്‍ച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാടുകളുമാണ്. കുളങ്ങളിലെ വെള്ളത്തിന് പായല്‍ നിറഞ്ഞ് നല്ല പച്ചനിറമാണ്. റോഡുകളില്‍ അതിരിട്ട് നില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങളെ കണ്ടപ്പോള്‍ ഓര്‍മ്മകള്‍ ചെറുപ്പകാലങ്ങളില്‍ കേട്ട പനകളില്‍ പാര്‍ക്കുന്ന യക്ഷിക്കഥകളിലേയ്ക്ക് ഊളിയിട്ടുപോകുന്നു.
അമരയ്ക്ക കൃഷിയും വെണ്ടയും ഉള്ളിയും എള്ളും ഒക്കെ ഇവിടങ്ങളില്‍ വ്യാപകമാണ്. റോഡിന്റെ വശത്തുതന്നെയുള്ള തക്കാളിത്തോട്ടങ്ങളില്‍ മൃദുഫലങ്ങളുടെ ഭാരം പേറി നിലംപറ്റി കിടക്കുന്ന ചെടികളില്‍ ഇടയ്ക്കിടയ്ക്ക് പഴുത്ത കായകള്‍. വഴിയരികിലെ ഇത്തിരിത്തണലില്‍ ചെറിയ ഉള്ളിയുടെ വലിയ ശേഖരവുമായി ആവശ്യക്കാരെക്കാത്ത് വഴിക്കണ്ണും നട്ടിരിക്കുന്ന ഒരു കച്ചവടക്കാരന്‍. ഇരുചക്രവാഹനത്തില്‍ വെട്ടിയെടുത്ത ഇളം വാഴയിലക്കെട്ടുകളുമായി മാര്‍ക്കറ്റിലേയ്ക്ക് പോകുന്ന മറ്റൊരാള്‍. വഴിയരികില്‍ സൈക്കിളുകളൊതുക്കി വച്ച് പനങ്കായ്കളില്‍ നിന്നുള്ള നൊങ്കുകളും 'പതനീര്‍' എന്നറിയപ്പെടുന്ന 'അക്കാനി' വില്‍ക്കുന്ന കച്ചവടക്കാര്‍. കുമ്പിള്‍ കൂട്ടിയ പനയോലകളില്‍ പകര്‍ന്നുതന്ന പതനീ(ര്‍) വാങ്ങിക്കുടിച്ചപ്പോള്‍ ചുണ്ണാമ്പ് പോലെ എന്തോ ഒന്നിന്റെ ചവര്‍പ്പായിരുന്നു മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നി. സമയം നീളുമ്പോള്‍ പതനീര്‍ വളിച്ച് അരുചി വരാതിരിക്കാനാണ് ചുണ്ണാമ്പ് ചെറുതായി ചേര്‍ക്കുന്നതെന്ന് പറഞ്ഞറിഞ്ഞു.
പരുത്തിത്തോട്ടങ്ങളും കുറവല്ല. പരുത്തിച്ചെടുകള്‍ ആദ്യം തിരിച്ചറിയാന്‍ ലേശം ബുദ്ധിമുട്ടി. ചില തോട്ടങ്ങളിലെ ഉണങ്ങിത്തുടങ്ങിയ ചെടികളില്‍ മൂപ്പെത്തിയ പരുത്തിക്കായ പൊട്ടിവിരിഞ്ഞുനില്‍ക്കുന്നത് കണ്ടപ്പോഴാണ് സംശയം മാറിയത്. ഇടയ്ക്ക് വാഴയും തെങ്ങും ചേര്‍ന്ന ഇടവിളത്തോട്ടങ്ങളും കണ്ടു. അതിനുമപ്പുറം കരിഞ്ഞുണങ്ങിയ ഇലകളുമായി വിളവെത്തി നില്‍ക്കുന്ന ചെറിയ പൂവന്‍ വാഴത്തോട്ടം. മണ്ണിനെ സ്‌നേഹിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍. ഓരോ ഇഞ്ച് സ്ഥലവും കൃഷിയ്ക്ക് ഉപയുക്തമാക്കാന്‍ ബദ്ധശ്രദ്ധരാണവര്‍. കുറച്ചപ്പുറത്തായി മുളക് കൃഷിയിറക്കിയ പാടങ്ങള്‍. ചിലയിടങ്ങളില്‍ മുളക് കൃഷിക്ക് ഇടവിളയെന്നോണം നട്ടിരിക്കുന്ന അഗസ്തിച്ചീരയുടെ തൈകള്‍. പുത്തന്‍ കൃഷിമിശ്രിതങ്ങളും നടീല്‍ രീതികളും പരീക്ഷിക്കുകയാണെന്ന് തോന്നുന്നു. അധികം അകലെയല്ലാതെ ഒരു വേപ്പിന്‍ മരത്തോട്ടവും കണ്ടു. എന്നാലിവിടെ കേരളത്തിലെ മാതിരി വേപ്പുമരങ്ങള്‍ തഴച്ചുവളരുന്നില്ല എന്ന വ്യത്യാസം.

കൃഷിവിളകളുടെ വൈവിധ്യം കണ്ട് പലപ്പോഴും അമ്പരന്നുപോയി. ഒരര്‍ത്ഥത്തില്‍ അതും ഒരു വിപണനതന്ത്രമാണ്. അതിലുപരി സുരക്ഷിതമായ അതിജീവന മാര്‍ഗ്ഗവും. ഒരേ തരം കൃഷിയുത്പന്നങ്ങള്‍, പ്രത്യേകിച്ച് പച്ചക്കറികള്‍ തന്നെ ഒരു സീസണില്‍ മര്‍ക്കറ്റിലെത്തിയാല്‍ (glut) അവയുടെ വില കാര്‍ഷിക വിപണിയില്‍ മൂക്കുകുത്തുന്നത് സാധാരണമാണ്. പ്രത്യേകിച്ച് അധികനാള്‍ സൂക്ഷിച്ചുവയ്ക്കാനാകാത്ത പച്ചക്കറികളുടെ (അവയ്ക്ക് ഷെല്‍ഫ് ലൈഫ് തീരെക്കുറവായിരിക്കുമല്ലോ) കാര്യത്തില്‍. തന്നെയുമല്ല ഏറെ വിസ്തൃതങ്ങളായ പാടങ്ങളില്‍ ഒരേ ജാതി പച്ചക്കറികള്‍ തന്നെ ആവര്‍ത്തിച്ച് വളര്‍ത്തുന്നത് അത്തരത്തിലെ വിളകളെ ബാധിക്കുന്ന കീടങ്ങള്‍ കണക്കറ്റ് പെറ്റ് പെരുകുന്നതിനും വഴി വയ്ക്കും. അതുകൊണ്ടുതന്നെ വൈവിധ്യങ്ങളായ പച്ചക്കറികള്‍ പലയിടങ്ങളിലായി കൃഷി ചെയ്യുന്നതിലൂടെ അത്തരത്തില്‍ സംജാതമായേക്കാവുന്ന അസന്ദിഗ്ദ്ധാവസ്ഥ വലിയ ഒരളവില്‍ ഒഴിവാക്കാനാകുകയും ചെയ്യും.
വഴിയരികില്‍ പരിചിതമല്ലാത്ത ഒരിനം പൂക്കളുടെ പാടം കണ്ടപ്പോള്‍ വണ്ടി നിറുത്തി. രണ്ടുവരി തെങ്ങുകള്‍ക്കിടയിലൂടെ പാടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കാനായി കീറിയ ചാല്‍ ഉണങ്ങി വരണ്ടുകിടക്കുന്നു. അതിലൂടെ നടന്ന് തോട്ടത്തിലെത്തി. പൂക്കള്‍ എല്ലാം പൂര്‍ണ്ണമായും വിരിഞ്ഞിട്ടില്ല. അതെന്താണെന്നു സമീപത്തായി കണ്ട കര്‍ഷകനോട് തിരക്കിയപ്പോള്‍ 'ശേവല്‍പ്പൂവ്' എന്നായിരുന്നു മറുപടി. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് 'കോഴിപ്പൂവെ'ന്ന് (cocks comb) നാട്ടില്‍ അറിയപ്പെടുന്ന പൂവ് ആയിരുന്നു അത്. ഹാരത്തിനും പൂമാലയ്ക്കും മറ്റുമാണ് മുഖ്യമായും അവ ഉപയോഗിക്കുന്നതെന്ന് പറഞ്ഞറിഞ്ഞു. അപ്പോഴേയ്ക്കും സൂര്യന്‍ ഉച്ചസ്ഥായിയിലെത്തി കഴിഞ്ഞിരുന്നു. അധികനേരം പുറത്ത് നില്‍ക്കാനാവുന്നില്ല. പ്രകൃതിയും അന്തരീക്ഷവുമൊക്കെ ആസ്വദിക്കുന്നത് പിന്നത്തേയ്ക്ക് മാറ്റി വച്ച് കാറിന്റെ സൈഡ് ഗ്‌ളാസ്സുകളുയര്‍ത്തി എ.സി. ഓണ്‍ ചെയ്തു.


