രു ചായകുടിക്കാൻ ആരെങ്കിലും ചായത്തോട്ടം ഒരുമിച്ച് വാങ്ങുമോ? ഇന്ത്യൻ ചായയുടെ ഒളിത്താവളമായ ഡാർജിലിങ് മലനിരകളിലെ ഗ്രാമങ്ങളിൽച്ചെന്ന് ഒരു ചായ കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഉറ്റസുഹൃത്തിന് സംശയം. ചായ തേടി അതിന്റെ മടയിൽത്തന്നെ പോവുന്നതല്ലേ ചങ്ങായി അതിന്റെ ത്രില്ല് എന്ന ചൂടൻ മറുപടിയിൽ ആ ചോദ്യം ആറിത്തണുത്തു. ഹിമവാന്റെ കാവലിൽ, ഡാർജിലിങ്ങിന്റെ തണുപ്പിൽ വളരുന്ന തേയിലയുടെ രുചി നുകരാൻ അങ്ങ് സിലിഗുഡിയിലേക്ക് വണ്ടികയറുമ്പോൾ ചായയൊരു മധുരവികാരമായി മനസ്സിൽ കുടിപാർത്തുകഴിഞ്ഞിരുന്നു.

To advertise here,
placeholder
തേയില നുള്ളി... | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

ലോകത്ത് ഏറ്റവുമധികം ഉയരത്തിൽ വളരുന്ന തേയില ഡാർജിലിങ്ങിലാണ്. ഈ മലനിരയോടുതൊട്ട് സിലിഗുഡിയിലും കർസോങ്ങിലും ജയാൽഗുരിയിലുമൊക്കെയായി പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ. സിലിഗുഡിയിലെ ടീ ബോക്സ് കമ്പനി ഉണ്ടാക്കുന്ന ചായപ്പൊടിക്ക് വില കിലോയ്ക്ക് 1,80,000 രൂപയാണ്. ലോകത്ത് ഏറ്റവുമധികം വിലയുള്ള ചായപ്പൊടി. ഇതൊരു കവിൾ കുടിച്ചാൽ വായിൽ നൂറുപൂക്കളുടെ സുഗന്ധം വിരിയുമത്രേ. ഭൗമസൂചികാ പദവിയുള്ള ലോകത്തെ ഏക തേയിലയുണ്ടാക്കുന്നതും ഡാർജിലിങ് മലനിരകളിലാണെന്നറിഞ്ഞപ്പോൾ യാത്രയ്ക്ക് കനലുകൂടി. പണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് നല്ല തേയിലയുണ്ടാക്കാൻ ബ്രിട്ടീഷുകാർ തുടങ്ങിയ തേയിലക്കൃഷി ഇന്ന് ലോകത്തെ ഏറ്റവും വിലയും രുചിയുമേറിയ ചായത്തോട്ടമായി മാറിയ ചരിത്രം ഒന്ന് തിരഞ്ഞപ്പോഴേക്കും കൊച്ചിയിൽനിന്ന് കൊൽക്കത്തെ വഴി ബാഗ്ഡോഗ്രയ്ക്കുള്ള ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നു.

സിലിഗുഡിപോയി പെട്ടെന്നൊരു ചായകുടിക്കാൻ മറ്റൊരു ആകർഷണം കൂടെയുണ്ടായിരുന്നു എന്നതാണ് രഹസ്യം. ചായപ്രേമികൾക്കായി ഇന്ത്യൻ റെയിൽവേ ഈ തേയിലത്തോട്ടങ്ങളിലൂടെ സ്പെഷ്യൽ ട്രെയിൻ ഓടിക്കുന്നുണ്ട്. ഇന്ത്യയിൽ ഏത് റെയിൽവേസ്റ്റേഷനിൽ ചെന്നിറങ്ങിയാലും കേൾക്കുന്ന "ചായേ ചായേ' വിളിയാണ് റെയിൽവേയുടെ പേരിൽ ഓർമയിൽ സൂക്ഷിക്കുന്നതെങ്കിൽ ഇവിടെയിതാ നമ്മളെ ക്ഷണിച്ചുകൊണ്ടു പോയി റെയിൽവേതന്നെ ചായ വാങ്ങിത്തരുന്നു. അതിനായി ഒരു പ്രത്യേക ട്രെയിൻ ഓടിക്കുന്നു എന്നുകൂടെ കേട്ടതോടെ ആ ചായ യാത്രയ്ക്ക് ഞങ്ങൾ വെള്ളം തിളപ്പിക്കാൻ വെച്ചിരുന്നു.

placeholder
സിലി​ഗുഡിയിലെ തന്തൂരിച്ചായ | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

പശ്ചിമബംഗാളിലൊരു വടക്കൻ ബംഗാളുണ്ടെന്ന് മനസ്സിലായത് ബാഗ്ഡോ​ഗ്ര എയർപോർട്ടിൽ ചെന്നിറങ്ങിയപ്പോഴാണ്, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിമാനത്താവളം ഡാർജിലിങ്ങിലേക്കും സിലിഗുഡിയിലേക്കുമുള്ള പ്രധാന പ്രവേശനമാർഗമാണ്. പുറത്തിറങ്ങിയപ്പോൾത്തന്നെ നല്ലൊരു തണുപ്പുവന്ന് വരവേറ്റു. അതിന് കൂട്ടൊരു ചായയാവട്ടെ എന്നുറപ്പിച്ച് പുറത്ത് ആദ്യം കണ്ട ചായക്കടയിൽത്തന്നെ കയറി. ചെറിയ കപ്പിൽ മുന്നോട്ട് നീട്ടിയ ചായയ്ക്ക് കടുപ്പവും മധുരവും ഒരുപോലെ ചേർന്ന് പ്രത്യേക രുചിപരന്നു. എല്ലാം അലിയിച്ച് കളയുന്ന സ്വാദ്.

ഇവിടെനിന്ന് പതിനേഴ് കിലോമീറ്ററാണ് സിലിഗുഡിയിലേക്ക്, പടിഞ്ഞാറൻ ബംഗാളിന്റെ നാൽക്കവലയെന്നാണ് സിലിഗുഡിയെ വിളിക്കാറ്. ബംഗാളെന്നാൽ കൊൽക്കത്തയും ട്രാഫിക് ജാമുകളും ടാഗോറും മാത്രമെന്ന് ചിന്തിക്കുന്നവർക്ക് ഇതൊന്നുമല്ലാതെ ചായയ്ക്കുവേണ്ടി ജീവിക്കുന്ന ഒരു വടക്കൻ ബംഗാളുണ്ടെന്ന് അറിയുമ്പോൾ കൗതുകം വിടരും.

placeholder
ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

സിലിഗുഡിയിലെ ചായപ്പകൽ

പൗരാണികത നിറഞ്ഞു നിൽക്കുന്ന ഒരു നഗരം. ബാഗ്ഡോ​ഗ്രയിൽനിന്ന് സിലിഗുഡിയിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ നഗരച്ഛായ അടുത്തേക്ക് കയറിവരുന്നു. റോഡരികിൽ നിറയെ തേയിലപ്പാടങ്ങൾ. അത് മുറിച്ചൊഴുകുന്ന ടാർ റോഡ്. ഇവിടെ ബസ്സിൽ സഞ്ചരിക്കുന്നതാണ് ആദായകരമെന്ന് കേട്ടതുകൊണ്ടാണ് വിമാനത്താവളത്തിന് പുറത്തിറങ്ങി ബസ് പിടിച്ചത്. മൂന്നുകിലോ മീറ്റർ ദൂരമുണ്ട് പ്രധാനപാതയിലേക്ക്, അത്രയും ദൂരം ഒരു മോട്ടോർസൈക്കിൾ റിക്ഷയിൽ കേറി. നൂറുരൂപയ്ക്ക് റിക്ഷക്കാരൻ ബസ് സ്റ്റോപ്പിലെത്തിച്ചുതന്നു. ടാക്സി കുറച്ച് ചെലവേറിയതാണ്. ഓൺലൈൻ ടാക്സികൾ ഇവിടെയെത്തിയിട്ടില്ല. പക്ഷേ, ഷെയർ ടാക്സിയാണെങ്കിൽ സഞ്ചാരച്ചെലവ് പാതിയിൽ നിൽക്കും,

അരമണിക്കൂർ കഴിയുമ്പോഴേക്കും സിലിഗുഡി നഗരദൃശ്യങ്ങൾ മുന്നിലെത്തി. കൊൽക്കത്തയെപ്പോലെ റിക്ഷാവണ്ടികളും മോട്ടോർസൈക്കിൾ റിക്ഷകളും നിറഞ്ഞയിടം, ഗതാഗതക്കുരുക്കിന് ഒട്ടും പഞ്ഞമില്ല. ഇവിടത്തെ വെയിലിന് തിളക്കമുണ്ടെങ്കിലും ഒട്ടും ചൂടില്ല. വഴിയരികിലെങ്ങും ഫർണിച്ചർ കടകളാണ്. ഈ നഗരത്തിന്റെ മറ്റൊരു പ്രത്യേകതയാണിത്. മൂന്ന് ടി.കളുടെ നഗരമെന്ന് സിലിഗുഡിയെ വിളിക്കാറുണ്ട്, ടൂറിസം, ടീ, ടിമ്പർ, എല്ലാം ഒത്തുവരുന്നൊരു വലിയ ടീ നഗരം.

placeholder
ഇ-റിക്ഷയിൽ ഒരു നഗരസവാരി | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

സിലിഗുഡി ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾതന്നെ മദ്രാസ് കഫേ കണ്ടു. ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ ബോർഡ് കണ്ട് കേറി നോക്കുമ്പോൾ കൗണ്ടറിലിരിക്കുന്ന കുട്ടേട്ടൻ കായംകുളത്തുകാരൻ. അദ്ദേഹത്തിന്റെ മുത്തശ്ശൻ തുടങ്ങിയ ഈ ഹോട്ടലാണ് സ്ഥലത്തെ മലയാളികളുടെ പ്രധാന സംഗമകേന്ദ്രം, പത്തറുപത് മലയാളി കുടുംബങ്ങൾ ഇവിടെയുണ്ടെന്ന് കുട്ടേട്ടൻ പറഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യ ഒരു ചൂടുചായയു മായി മുന്നിലെത്തി.

ഡാർജിലിങ് തേയിലയുടെ പ്രധാന വിപണന കേന്ദ്രമാണ് സിലിഗുഡി. ഇന്ത്യയിൽ വളരുന്ന ചൈനീസ് ചായയെന്നാണ് വിദേശികൾ ഇവിടത്തെ തേയിലയെ വിളിക്കുന്നത്. വൈൻ പോലെ ഈ ചായ രുചിച്ച് കുടിക്കാമെന്ന് രണ്ടാമത്തെ ചായക്കപ്പിൽ പഞ്ചസാര വീഴുമ്പോഴേക്കും ഉറപ്പിച്ചിരുന്നു. ഇവിടത്തെ തേയിലയ്ക്ക് ചെറിയ ഇലയാണ്, ചൈനീസ് തേയിലയുടെ അടയാളം. 

1800-കളിലാണ് ഡാർജിലിങ് മലനിരകളിൽ തേയിലച്ചെടികൾ വളർന്ന് തുടങ്ങുന്നത്. ബ്രിട്ടീഷുകാർ ചായയിലെ ചൈനീസ് ആധിപത്യം തകർക്കാൻ തുടങ്ങി വെച്ച വിപ്ലവം. പതുക്കെ ലോകത്തെ ചായത്തോട്ടങ്ങളുടെ ഈറ്റില്ലമായി ഈ മലനിരകൾമാറി. ഇപ്പോഴും യന്ത്രങ്ങൾ മുരളാത്ത തോട്ടങ്ങൾ. കൈകൊണ്ട് നുള്ളി ഉണക്കിപ്പൊടിച്ച് എടുക്കുന്ന പാരമ്പര്യരീതി.

മാർച്ച് പകുതിയോടെയാണ് ഇവിടത്തെ തേയിലയുടെ ആദ്യവിളവെടുപ്പ്. സൂര്യന്റെ ഇളംവെയിലേറ്റ് വെള്ളിനിറം പൂകിയ ഇലകൾ. അത് ഉണക്കിപ്പൊടിച്ച് എടുക്കുമ്പോൾ തേയിലയുടെ സൗരഭ്യമേറും. വേനലിൽ സൂര്യൻ ചൂടേറ്റുമ്പോൾ ഇലകളുടെ കട്ടികൂടും. ഇതാണ് കട്ടൻചായയ്ക്ക് പറ്റിയ ഇല.

placeholder
കടുപ്പവും മധുരവും പാകത്തിന് | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

ഈ പ്രദേശത്തുള്ളവർക്ക് ചായയിൽ പാൽ നിർബന്ധമുള്ളപോലെ തോന്നി. എങ്കിലും പാലൊഴിച്ചാൽ ചായയുടെ യഥാർഥ രുചി പോവുമെന്ന് വിശ്വസിക്കുന്നവരെയും കാണാം. ഒരു ചെറുനാരങ്ങയോ ഇത്തിരി ഇഞ്ചിയോ അതല്ലെങ്കിൽ ഒരുപൊടി കുരുമുളകോ ചേർത്ത് പലരും ഓരോ ഗ്ലാസ് ചായ അകത്താക്കുന്നു. ബ്ലോക്ക് ടീയും ഓർഗാനിക് ടീയും ഗ്രീൻടീയും പോലെ ഒരുപാട് വൈവിധ്യങ്ങൾ വേറെയുമുണ്ട്. എങ്ങും ചായയൊരു ലഹരിയായി മാറുന്നു.

കഥ ഇങ്ങനെയൊക്കെയാണെങ്കിലും ഡാർജിലിങ്ങിൽ ഉണ്ടാക്കുന്നത് ഇന്ത്യയ്ക്ക് ആകെ വേണ്ട തേയിലയുടെ ഒരു ശതമാനം മാത്രമാണെന്നാണ് യാഥാർഥ്യം. പക്ഷേ, അളവ് കുറഞ്ഞാലും ഗുണം കൂടുതലാണെന്നതാണ് സത്യം. എന്തായാലും ചായ മോന്തി ചായ പുരാണം തിരഞ്ഞപ്പോഴാണ് മറ്റൊരു കഥയോർത്തത്. ചായവണ്ടിയിൽ കയറാൻ റിസർവ് ചെയ്തിരിക്കുന്നത് നാളെയാണ്. സിലിഗുഡി റെയിൽവേ സ്റ്റേഷനിൽനിന്ന് തുടങ്ങി റൊട്ടാങ് സ്റ്റേഷൻ വരെ നീളുന്ന പതിനെട്ട് കിലോമീറ്റർ യാത്ര. പക്ഷേ അതിനായി ഒരു പകൽ കാത്തിരിക്കണം. സമയം വെറുതെ കളയേണ്ടെന്ന് തോന്നിയതുകൊണ്ട് ഒരു ചൂട് കട്ടനും മോന്തി നേരെ ബംഗാൾ സഫാരിക്ക് വിട്ടു. സിലിഗുഡി നഗരത്തോട് ചേർന്നൊരു കാട് ഉണ്ടാക്കി അതിൽ പക്ഷികളെയും മൃഗങ്ങളെയുമൊക്കെ സൂക്ഷിച്ചിരിക്കുന്ന വനം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുമ്പോൾ അതൊന്ന് കാണുകതന്നെ വേണമല്ലോ.

ബംഗാൾ സഫാരിയിലെ കരടിക്കുട്ടൻ

നോർത്ത് ബംഗാൾ വൈൽഡ് ആനിമൽസ് പാർക്കിലേക്ക് സിലിഗുഡിയിൽ നിന്ന് നാലുകിലോമീറ്ററാണ് ദൂരം. ഇ-റിക്ഷയ്ക്ക് വിലപേശി നൂറുരൂപയ്ക്ക് സഞ്ചാരം ഒപ്പിച്ചു. നഗരത്തിരക്കിൽ നിന്ന് റിക്ഷ തിരക്കില്ലാത്ത വിജനസ്ഥലങ്ങളിലേക്ക് കടന്നു. അരമണിക്കൂർകൊണ്ട് ബംഗാൾ സഫാരിയുടെ ഗേറ്റ് എത്തി. ഗ്രാൻഡ് സഫാരി, ജീപ്പ് സഫാരി, ടൈഗർ സഫാരി തുടങ്ങി പലതരം വകഭേദങ്ങളുണ്ട് പാർക്കിൽ. കടുവയുണ്ടെങ്കിൽ അതിനെ കണ്ട് പോരാം എന്നുറപ്പിച്ചതിനാൽ ഗ്രാൻഡ് സഫാരിക്കുതന്നെ ടിക്കറ്റെടുത്തു. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. വനംവകുപ്പ് ഒരുക്കുന്ന വണ്ടിയിൽ വനത്തിനുള്ളിലൂടെ ഒരുമണിക്കൂർ സഞ്ചരിക്കാം. മൂന്നുനാല് കിലോ മീറ്റർ വണ്ടിയോടിയപ്പോൾ ഡ്രൈവർ ഒരിടത്ത് പെട്ടെന്ന് വണ്ടിയൊതുക്കി. അരികിൽ അയാളെ കാത്തുനിൽക്കുന്ന പോലെ ഒരു കൂറ്റൻ കരടി. മോജോ എന്ന് ഡ്രൈവർ ഉറക്കെ വിളിച്ചപ്പോൾ അത് ശരീരം കുലുക്കി വണ്ടിയുടെ അടുത്തേക്ക് വന്നു. ഡ്രൈവർക്കുനേരേ ഒന്ന് തലകുലുക്കി തിരികെ പോയി. ഓരോ മൃഗത്തെയും അതിന് യോജിച്ച ആവാസവ്യവസ്ഥയിലാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. മാനിനും മയിലിനും ഉള്ളതുപോലെ കടുവയ്ക്കും പുലിക്കുമെല്ലാം വെവ്വേറെ കാട് വിഭജിച്ചു നൽകിയിരിക്കുന്നു, അതും മനുഷ്യർ.

placeholder
Representational Image | Photo: Mathrubhumi/ P Jayesh
വന്യജീവിസങ്കേതത്തിലെ കരടിയും മാനും | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

ഇടതൂർന്ന മരങ്ങൾ. തണൽ വിരിച്ച് വഴികൾ, ഒരു കാട്ടിൽ ഒറ്റയ്ക്കാണ് വെളുത്താരു ബംഗാൾ കടുവ. അത് തലയെടുപ്പോടെ വണ്ടിയിലേക്ക് ഉറ്റുനോക്കി. അടുത്ത കാട്ടിലുള്ളത് രണ്ടുപുലികളാണ്. ഇവർക്കാണ് കാട്ടിൽ ഏറ്റവുമധികം സ്ഥലം മാറ്റിവെച്ചിരിക്കുന്നതെന്നുകണ്ടപ്പോൾ, അതവർ അർഹിക്കുന്ന പരിഗണന തന്നെയെന്ന് തോന്നിപ്പോയി. കാട്ടിലായും നാട്ടിലായാലും പുലി എന്നും പുലിതന്നെയല്ലേ! പൊടിമണ്ണും കല്ലും നിറഞ്ഞ പാതയിലൂടെയുള്ള ഒരുമണിക്കുർ സഫാരി കഴിഞ്ഞ് തിരികെയെത്തുമ്പോൾ സ്വീകരിക്കാൻ ഗേറ്റിലുമുണ്ടായിരുന്നു ഒരു കപ്പ് ചായ.

അഞ്ചുമണിയാവുമ്പോഴേക്കും സിലിഗുഡിയിൽ ഇരുട്ടുവീണുതുടങ്ങി. തണുപ്പും കൂടിക്കൂടി വരുന്നുണ്ട്. തെരുവിലെങ്ങും പാട്ടും മേളവും കേൾക്കാം, അകലെ നിന്ന് ഒരു ചെറിയ ഘോഷയാത്ര വരുന്നത് കണ്ടു. അല്പം കാത്തുനിന്നപ്പോഴാണ് മനസ്സിലായത് അതൊരു മണവാട്ടിയെ ആനയിച്ച് വരുന്നതാണെന്ന്. രാത്രിയുടെ മഞ്ഞവെളിച്ചത്തിൽ മഞ്ഞച്ചേല ചുറ്റിയ സുന്ദരിമാർ. ഒപ്പം മഞ്ഞയുടുപ്പിട്ട് പുരുഷ കേസരികളും. അവർ അമ്പതുപേർ ചേർന്ന് ആടിയും പാടിയും നഗരത്തിരക്കിലൂടെ മുന്നോട്ടുപോയി. നമ്മുടെ നാട്ടിൽ ഇപ്പോൾ ആഘോഷപ്പൂരമൊരുക്കുന്ന മഞ്ഞൾ കല്യാണത്തിന്റെ ആദിമരൂപം കണ്ട് ഒരു മലയാളിയുടെ കൗതുകത്തോടെ നോക്കിനിന്നുപോയി. ആ കാഴ്ചയിൽ നിന്ന് കണ്ണെടുത്ത് രാത്രി ഉറക്കത്തിലേക്കു പോവുമ്പോൾ ഹോട്ടലിലെ ടീപോയിയിലും കണ്ടു ഒരു ഒഴിഞ്ഞ ചായക്കപ്പ്.

placeholder
മഞ്ഞൾക്കല്യാണക്കാർ | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

ചായവണ്ടിയിലെ കാഴ്ചകൾ

സിലിഗുഡി സ്റ്റേഷനിലെത്തുമ്പോൾ ഉച്ചനേരമായിട്ടുണ്ട്. നാരോഗേജും മീറ്റർഗേജും ബോഡ്ഗേജും നിലവിലുള്ള ഏകപാത ഈ റെയിൽവേ സ്റ്റേഷനിലാണ്. നാരോഗേജ് പാതയിലൂടെയാണ് നമ്മുടെ ചായവണ്ടി ഓടുന്നത്. ആ പാളം അന്വേഷിച്ചുകണ്ടെത്തി ചെല്ലുമ്പോൾ ഒരു ചെറിയ വണ്ടി ഞങ്ങളെയും കാത്തിരിക്കുന്നു. ഒരു എൻജിനും ഒരു ബോഗിയും മാത്രമുള്ള ഈ വണ്ടി ഓടാൻ തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഡാർജിലിങ് ഹിമാലയൻ റെയിൽവേയുടെ ഈ വണ്ടിയിൽ മൂന്നുമണിക്കൂർ നീളുന്ന യാത്രയ്ക്ക് 1200 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞങ്ങൾക്കുപുറമേ എട്ടുപേരുള്ള ഒരു കുടുംബമാണ് സഹയാത്രികർ. നേരത്തേ ടിക്കറ്റ് റിസർവുചെയ്തിരുന്നതുകൊണ്ട് ഓടിച്ചെന്ന് തീവണ്ടിയിൽ കയറി. 

ഉള്ളിലെത്തിയപ്പോൾ കോഫിഷോപ്പിൽ കയറി യതുപോലെ. 12 കസേരകളും ചായ വെക്കാനുള്ള മേശകളും. എല്ലാം മരത്തടിയിൽ പണിതീർത്തത്. ടെൻസിങ് നോർഗേ എന്നു പേരിട്ട കമ്പാർട്ട്മെന്റിലേക്ക് അപ്പോഴേക്കും ട്രെയിൻ ക്യാപ്റ്റൻ ആനന്ദ്കുമാർ ഛേത്രി കടന്നുവന്നു. യാത്രക്കാരെയെല്ലാം പരിചയപ്പെട്ടു.

placeholder
പുറപ്പെടാനൊരുങ്ങി.. | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

കൃത്യം ഒന്നരയ്ക്കുതന്നെ ടീ ട്രെയിൻ ചൂളംവിളിച്ചു. നാരോഗേജിൽ ചക്രങ്ങളുരയുന്ന ശബ്ദം. പതിഞ്ഞ താളത്തിൽ നീട്ടിക്കൂകി, പഴയ സിനിമകളിൽ കാണുന്നപോലെ വണ്ടിയോടിത്തുടങ്ങി. തെരുവുകളും അങ്ങാടികളും ചന്തകളുമൊക്കെ മുറിച്ചുകടന്ന് ഓടുന്ന വണ്ടിക്ക് എവിടെയും കാവൽക്കാരോ ലെവൽ ക്രോസുകളോ ഇല്ല. തീവണ്ടി വരുമ്പോൾ ആളുകളും വാഹനങ്ങളും വഴിമാറിക്കൊടുക്കുന്നു. ഇടയ്ക്ക് ഒന്നുരണ്ട് റോഡുകൾ മുറിച്ചു കടന്നപ്പോൾ വണ്ടികളെല്ലാം ക്ഷമയോടെ കാത്തുനിൽക്കുന്നു. ഒരു പച്ചക്കറിച്ചന്തയുടെ നടുവിലൂടെ വണ്ടി ചെന്നപ്പോൾ മനുഷ്യർ ഒതുങ്ങി മാറിനിന്നു. ആളുകളും തെരുവുകളുമായൊക്കെ അത്രയേറെ ഇഴുകിച്ചേർന്നിരിക്കുന്നു ഈ ജനപ്രിയവണ്ടി. പതിവ് പാതയിലുള്ള കച്ചവടക്കാർ വണ്ടിയിലെ ജീവനക്കാരോട് കുശലം പറയുന്നു. പുതിയ യാത്രക്കാരുടെ ക്ഷേമമന്വേഷിക്കുന്നു. ഈ നഗരത്തിന്റെ ജീവിതം ട്രെയിനിന്റെ കാഴ്ചകളിൽ മങ്ങിമറയുന്നു.

placeholder
കുശലം ചോദിച്ച്... | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

ചെറിയൊരു തുരങ്കം പിന്നിട്ടപ്പോഴേക്കും വണ്ടി ചായത്തോട്ടങ്ങളിലേക്ക് കടന്നിരുന്നു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ടീ എസ്റ്റേറ്റുകൾ. അല്പനേരത്തിനുള്ളിൽ വണ്ടി മഹാനന്ദ വന്യജീവിസങ്കേതത്തിനുള്ളിലേക്ക് കയറി. മാനും മയിലുമൊക്കെ വണ്ടിയെ ഉറ്റുനോക്കുന്നു. വനമേഖല പിന്നിട്ട് വീണ്ടും തേയിലപ്പാടങ്ങളും റോഡുകളും കണ്ടു. തീവണ്ടിക്കൊപ്പം ഓടുന്ന സൈക്കിളും ബൈക്കും കാറും. ബംഗാൾ ​ഗ്രാമക്കാഴ്ചകൾ ഒറ്റയോട്ടത്തിൽ കാണാൻ ഈ തീവണ്ടി വലിയൊരു സൗകര്യംതന്നെ.

placeholder
ഉറ്റുനോക്കുന്ന മാൻ | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

തുടക്കത്തിൽ കൽക്കരി എൻജിനിലാണ് ഈ വണ്ടി ഓടിച്ചിരുന്നത്. ഇപ്പോൾ കൽക്കരിയുടെ ലഭ്യതക്കുറവുകൊണ്ടാണ് വണ്ടി ഡീസൽ എൻജിനിൽ ഓടിക്കുന്നതെന്ന് ട്രെയിൻ ക്യാപ്റ്റൻ ആനന്ദ്കുമാർ ഛേത്രി പറഞ്ഞു. അപ്പോഴേക്കും കൂടെയുള്ള ബംഗാളികുടുംബം ചായകുടിയുടെ ലഹരിയിലായിരുന്നു. ഒപ്പം റൊട്ടിയും സബ്ജിയും പൊതിയിൽനിന്ന് പുറത്തു ചാടി. വണ്ടിയിലാകെയൊരു നോർത്തിന്ത്യൻ ചായക്കടയുടെ മണം പരന്നു. ഇടയ്ക്ക് സുകുന സ്റ്റേഷനിൽ വണ്ടി നിർത്തി. ഇവിടെയൊരു പത്തുമിനിറ്റ് വിശ്രമമുണ്ട്. തേയിലക്കാടിനുള്ളിൽ ഒരു ചായകുടിക്കാനുള്ള നേരം, പ്ലാറ്റ്ഫോമിന് തൊട്ടുള്ള കടയിൽനിന്ന് വാങ്ങിയ ഡാർജിലിങ് ചായ തൊണ്ടക്കുഴലിലൂടെ പതഞ്ഞിറങ്ങി. ഒന്ന് തണുപ്പ് അകറ്റുമ്പോഴേക്കും വണ്ടി വീണ്ടും കുഴലൂതാൻ തുടങ്ങിയിരുന്നു.

placeholder
വഴിയോരക്കാഴ്ചകൾ.. | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

അല്പദൂരം പോയപ്പോഴേക്കും ഇടതൂർന്ന കാടും നിരപ്പായ പാതയും പിന്നിട്ട് വണ്ടിയൊരു കുന്ന് കയറാൻ തുടങ്ങി. അരികിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള റോഡ്. അതിനൊപ്പം ചാഞ്ഞും ചെരിഞ്ഞും നീളുന്ന തീവണ്ടിപ്പാത. കാടിന്റെ പച്ചപ്പ് തൊട്ട് പുറത്തേക്ക് തലയിട്ട് (അവരവരുടെ സ്വന്തം റിസ്കിൽ വേണം. കാരണം മരത്തലപ്പുകളും പാറക്കെട്ടുകളുമൊക്കെ ഏത് നേരവും വണ്ടിയോട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുവരാം) തണുപ്പ് കോരിക്കുടിച്ച് വാതിലിൽ നിന്നു.

മൂന്നുമണിയായപ്പോഴേക്കും റൊൺടാഗ് സ്റ്റേഷൻ എത്തി. ഇവിടെ 20 മിനിറ്റ് വിശ്രമം. അതിനുശേഷമാണ് മടക്കയാത്ര. പൈതൃകസ്റ്റേഷന് ചുറ്റിലുമുള്ള ചായക്കടകളിൽ ഞങ്ങൾ യാത്രക്കാരും തീവണ്ടിജീവനക്കാരും ചെന്നിറങ്ങി. ഗുപ്ത ടീസ്റ്റാളിന് മുന്നിൽ ചെന്നപ്പോൾ അകത്തുനിന്ന് ഏത് ചായ വേണമെന്ന് ചോദിച്ച് ചേച്ചിക്ക് തനി ബംഗാളിസ്ത്രീയുടെ മട്ടും ഭാവവും. ചാരുലതയെന്നോ വസുന്ധരയെന്നോ ഒക്കെ അവരെ പേരിട്ട് വിളിക്കാം. അരമണിക്കൂർ കഴിഞ്ഞപ്പോൾ വന്ന അതേ ട്രാക്കിലൂടെ ഞങ്ങൾ മടക്ക യാത്ര തുടങ്ങി. ക്യാപ്റ്റൻ അപ്പോഴാണ് ഞങ്ങളോടൊരു പ്രത്യേക സ്നേഹം കാണിച്ചത്. “നിങ്ങളിത്ര ദൂരെനിന്ന് വന്നതല്ലേ. വണ്ടി പോവുന്ന പടം എടുക്കണമെങ്കിൽ ഇടയ്ക്ക് നിർത്താം .'' സാധാരണ അപായച്ചങ്ങല വലിച്ച് മാത്രം യാത്രക്കാർക്ക് തീവണ്ടി നിർത്തിക്കാൻ പറ്റുന്ന ഇന്ത്യയിൽ ആദ്യമായി ഇതാ നിങ്ങൾ പറയുന്ന സ്ഥലത്ത് വണ്ടി നിർത്തിത്തരുമെന്ന് റെയിൽവേ വാഗ്ദാനം തന്നിരിക്കുന്നു. ആ ആവേശത്തിൽ കുന്നിറങ്ങുമ്പോൾ രണ്ട് ചെരിവുകൾക്കിടയിൽനിന്ന് സൂര്യൻ എത്തിനോക്കുന്നത് കാണാം. അസ്തമയസൂര്യന്റെ തെളിച്ചം വണ്ടി തലയിലേറ്റുന്ന മനോഹരദൃശ്യം പകർത്താൻ തീവണ്ടി നിർത്തി. ഒരു മിനിറ്റല്ല, ഒരുപാട് നിമിഷങ്ങൾ.

placeholder
റൊൺടാഗ് സ്റ്റേഷനിൽ | ഫോട്ടോ: പി. ജയേഷ്\ മാതൃഭൂമി

മടക്കയാത്ര തുടങ്ങുമ്പോൾ എങ്ങും ഇരുട്ട് പരന്നിരുന്നു. ആ ഇരുട്ട് ഉള്ളിലൊരു വിഷാദംപോല പടർന്നുകയറി. ഈ യാത്ര ഇവിടെ തീരുന്നു. വീണ്ടും ഒരു ചായ കൂടി ഊതിക്കുടിച്ച് സങ്കടം മാറ്റാൻ ശ്രമിച്ച് പുറത്തേക്ക് നോക്കുമ്പോൾ തേയിലപ്പാടങ്ങൾ മഞ്ഞിൽ പുതഞ്ഞ് ഉറങ്ങാൻ തുടങ്ങിയിരുന്നു. രാവിലെ അവ വീണ്ടും ഉണരും. കൂടുതൽ കടുപ്പവും രുചിയും നിറയുന്ന ഒരു കപ്പ് ചൂട് ചായയുമായി.

(മാതൃഭൂമി യാത്ര 2022 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

യാത്ര വാങ്ങാം