
സൈലന്റ് വാലി ദേശീയോദ്യാനം സന്ദര്ശകര്ക്കായി മുഖം മിനുക്കി ഒരുങ്ങുന്നു. നിബിഡവനങ്ങളുടെ ചെങ്കുത്തായ ചെരിവുകളിലൂടെ തെളിഞ്ഞും പതഞ്ഞും ഒഴുകുന്ന സൈരന്ധ്രി നദിയെ കാണാനുള്ള തൂക്കുപാലമാണ് പ്രധാന ആകര്ഷണം. മുക്കാലിമുതല് സൈരന്ധ്രി വരെയുള്ള 21 കിലോമീറ്റര് യാത്രയ്ക്ക് വീല് ട്രാക്കും ഒരുങ്ങിക്കഴിഞ്ഞു.
നിലവില് 13 കോടി രൂപയുടെ വികസനപ്രവര്ത്തനങ്ങള്ക്കാണ് അനുമതി. ഇതില് 11.58 കോടിയുടെ വീല് ട്രാക്ക് കോണ്ക്രീറ്റിങ് പൂര്ത്തിയായി. സഫാരി വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി പാതയുടെ ഇരുവശവും കോണ്ക്രീറ്റ് ചെയ്തതാണ് ഈ പ്രവൃത്തി. വളവുഭാഗങ്ങളില് റോഡ് മുഴുവനായും കോണ്ക്രീറ്റിങ് നടത്തിയിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള ചപ്പാത്തുകളും മണ്ണിടിച്ചിലുള്ള ഭാഗങ്ങളില് ഗാബിയോണ് ചുമരുകളും കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. നബാര്ഡിന്റെ സാമ്പത്തികസഹായത്തോടെയാണ് പണി.
സൈരന്ധ്രി നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്റെ നിര്മാണമാണ് ഇപ്പോള് നടക്കുന്നത്. മുന്പുണ്ടായിരുന്ന തൂക്കുപാലം പ്രളയകാലത്ത് തകര്ന്നുപോയിരുന്നു. 1.25 കോടി രൂപയാണ് ഇതിന്റെ ചെലവ്. 'സില്ക്കി'നാണ് നിര്മാണച്ചുമതല.

യാത്രയ്ക്ക് സഫാരി വാഹനങ്ങള്
പാലക്കാട് ജില്ലയുടെ വടക്കുകിഴക്കുഭാഗത്താണ് 89 ചതുരശ്ര കിലോമീറ്റര് വിസ്തൃതിയുള്ള സൈലന്റ് വാലി ദേശീയോദ്യാനം. അട്ടപ്പാടിയിലെ മുക്കാലിയാണ് പ്രവേശനകവാടം. മണ്ണാര്ക്കാടുനിന്നു അട്ടപ്പാടി ചുരം കയറിയും തമിഴ്നാട് ഭാഗത്തുനിന്ന് കോയമ്പത്തൂര്-ആനക്കട്ടി വഴിയും മുക്കാലിയിലെത്താം. സൈലന്റ് വാലി സന്ദര്ശിക്കാനെത്തുന്നവരെ കാടിന്റെ കാഴ്ചകളിലേക്ക് എത്തിക്കുന്നത് വനംവകുപ്പിന്റെ രണ്ട് ബസുകളും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയിലെ 17 ജീപ്പുകളുമാണ്. രാവിലെ എട്ടിന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
ട്രക്കിങ്, താമസസൗകര്യം
കീരിപ്പാറ, കരുവാര ഭാഗങ്ങളിലേക്ക് ട്രക്കിങ് സൗകര്യമുണ്ട്. വാഹനത്തിലെത്തിയശേഷം ഏകദേശം ഒരു കിലോമീറ്ററോളം കാടിന്റെ ഉള്ളിലൂടെ നടക്കാം. ഒരാള്ക്ക് 2500 രൂപ മുടക്കിയാല് രണ്ടുദിവസം ദേശീയോദ്യാനം കാണാം. രണ്ടുപേര്ക്ക് റിവര് ഹട്ടില് താമസിക്കുകയും ചെയ്യാം. സൈരന്ധ്രിയില് 100 അടി ഉയരമുള്ള കാവല്ഗോപുരമാണ് മറ്റൊരു സവിശേഷത. ഇതിന് മുകളില് കയറിയാല് സൈലന്റ് വാലിയുടെ ദൃശ്യം മുഴുവനായും ഒപ്പിയെടുക്കാം.

സൈലന്റ് വാലി ഡിവിഷണല് ഓഫീസിന് സമീപം 16 പേര്ക്ക് താമസിക്കാവുന്ന ഡോര്മിറ്ററിയും സന്ദര്ശനത്തിനെത്തുന്ന ഉദ്യോഗസ്ഥര്ക്ക് താമസിക്കാന് ഇന്സ്പെക്ഷന് ബംഗ്ലാവുമുണ്ട്. മുന്കൂട്ടി ബുക്ക് ചെയ്യണം. ബൊമ്മിയാംപടിയിലും താമസസൗകര്യമുണ്ട്., സ്കൂള്, കോളേജ് വിദ്യാര്ഥികള്ക്ക് പ്രകൃതിപഠനക്യാമ്പിനുള്ള സൗകര്യങ്ങളുമുണ്ട്. ബുക്കിങ് നമ്പര്-8589895652. എസ്. വിനോദാണ് വൈല്ഡ് ലൈഫ് വാര്ഡന്. ഇദ്ദേഹത്തിനൊപ്പം 165 ജീവനക്കാരാണ് സൈലന്റ് വാലിയുടെ സുരക്ഷ ഉറപ്പാക്കുന്നത്.
Content Highlights: silent valley national park jungle stay forest department
Published: 15 Dec 2023, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented