ശൃംഗേരി തിരക്കേറിയ ഒരു ക്ഷേത്രനഗരമല്ല. ശാന്തവും മനോഹരവുമായ സ്ഥലം. അവിടെ കടന്ന മാത്ര, പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷത്തില്‍ നമ്മള്‍ പെടും. യാത്രാക്ഷീണമകറ്റാന്‍ തുംഗയില്‍ നിന്നും വീശുന്ന ഇളംകാറ്റ് മാത്രം മതിയാവും! ക്ഷേത്രത്തിനോട് ചേര്‍ന്ന് തുംഗാനദിയൊഴുകുന്നു. മഴക്കാടുകളില്‍ നിന്നും ഒഴുകിയെത്തുന്ന സ്ഫടികം പോലെ ശുദ്ധമായ ജലം. ഒരു കലര്‍പ്പുമില്ലാത്ത, ഒരു കടലാസുകഷ്ണം പോലും വീണുകാണാത്ത പുഴ. പുഴയ്ക്കക്കരെയുള്ള കാടിനോട് ചേര്‍ന്ന് പുഴയോരത്തിന് ഒരു തുരുത്തിന്റെ രൂപമാണ്. തുരുത്തിനെ തഴുകിയൊഴുകുന്ന പുഴയ്ക്ക് മനോഹരമായൊരു വളവുണ്ട്.

To advertise here,

തുംഗാനദിയുടെ ഇരുകരയിലുമായാണ് ശൃംഗേരി. പ്രധാന ക്ഷേത്രങ്ങള്‍, വിദ്യാശങ്കരക്ഷേത്രവും ശാരദാംബക്ഷേത്രവും ഇക്കരെ. മ്യൂസിയവും വിശ്രമമന്ദിരവും ഓഫീസും, ഭോജനശാലയുമൊക്കെ നൃസിംഹവനവും, ആശ്രമങ്ങളും, ഗുരുനിവാസുമൊക്കെ അക്കരെയും. പുഴയ്ക്ക് മേലേ പണിത പാലം ഇവയെ കൂട്ടിച്ചേര്‍ക്കുന്നു. വിദ്യാശങ്കര ക്ഷേത്രം ശില്‍പ്പം പോലെ മനോഹരം. വെയില്‍ കരിങ്കല്ലിനെ പഴുപ്പിച്ചുവെച്ചിട്ടുണ്ട്. ആളുകള്‍ യാതൊരു തടസ്സവുമില്ലാതെ, ക്ഷേത്രത്തിന് ചുറ്റുമുള്ള വിശാലമായ മുറ്റങ്ങളിലൂടെ പ്രസന്നരായി നടന്നു. എവിടേയും നല്ല വൃത്തിയും വെടിപ്പും. പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാഴ്ചകള്‍ ആസ്വദിക്കാം. 

ആദിശങ്കരന്റെ നാലാം അദ്വൈതമഠമായാണ് ശൃംഗേരി മഠം അറിയപ്പെടുന്നത്. എങ്ങുനിന്നൊക്കെയോ വന്നുചേര്‍ന്ന സന്ദര്‍ശകര്‍. ഭക്തിയുടെ ഏകാഗ്രതയില്‍ നിര്‍ന്നിമേഷരായവരുണ്ട്; പ്രകൃതിയുടെ വാചാലത ആസ്വദിക്കുന്നവരുണ്ട്. യാത്രാപ്രിയരുണ്ട്. തത്വാന്വേഷകരുണ്ട്. പരിസ്ഥിതിപ്രേമികളുണ്ട്. ഓരോരുത്തരും അവരവരുടേതായ അന്വേഷണങ്ങളിലാണ്.

ചരിത്രം

എട്ടാം നൂറ്റാണ്ട്. സര്‍വ്വജ്ഞ പീഠം കയറിയ ആദിശങ്കരന്‍ ഉത്തരേന്ത്യയില്‍ മൂന്നു മഠങ്ങള്‍ സ്ഥാപിച്ചശേഷം നാലാമത്തേത് ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാനുറച്ചു. തീര്‍ത്ഥയാത്രയ്ക്കിടയില്‍ ശൃംഗേരിയിലെത്തിയ ആചാര്യന്‍ തുംഗാനദിക്കരയില്‍ ധ്യാനിച്ചിരുന്നു. ആ സമയത്ത് കത്തിജ്വലിച്ച് നില്‍ക്കുന്ന സൂര്യനില്‍ നിന്നും, ഗര്‍ഭിണിയായ ഒരു തവളയ്ക്ക് പത്തിവിടര്‍ത്തി തണല്‍ നല്‍കുന്ന ഒരു സര്‍പ്പത്തെ ശങ്കരാചാര്യര്‍ ഇവിടെ കണ്ടു എന്ന് കരുതപ്പെടുന്നു. പ്രകൃതി ശത്രുക്കളായി സൃഷ്ടിച്ചവര്‍ പോലും പരസ്പര സ്നേഹത്തോടെ കഴിയുന്ന ഈ സ്ഥലത്താണ് അദ്വൈത വേദാന്തസാരം പഠിപ്പിക്കാനും പ്രചരിപ്പിക്കാനും പറ്റിയ  മഠം സ്ഥാപിക്കേണ്ടതെന്ന് ശങ്കരന്‍ തീരുമാനിച്ചു. കാശ്മീരില്‍ നിന്നും കൊണ്ടുവന്ന ശാരദാദേവിയുടെ ഒരു ചന്ദനവിഗ്രഹം ശങ്കരന്‍ തുംഗാനദിയിലെ പാറപ്പുറത്ത് ഓലക്കുടിലില്‍ പ്രതിഷ്ഠിച്ചു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍, പിന്നീട് വന്നവര്‍ കരയില്‍ ആഡംബരപൂര്‍ണ്ണമായ ശാരദാദേവീക്ഷേത്രം തന്നെ പണിത് സ്വര്‍ണ്ണമയമായ പുതിയൊരു വിഗ്രഹം പ്രതിഷ്ഠിച്ചു. ഇതാണ് ശൃംഗേരി ദക്ഷിണാംനായ ശ്രീ ശാരദാ പീഠത്തിന്റെ ഐതിഹ്യം.

വെകുന്നേരം കൂടുതല്‍ ഇരുണ്ടു. ഗോപുരങ്ങള്‍ക്ക് മുകളിലൂടെ വെളുത്ത പക്ഷികള്‍ പറന്നുവന്നുകൊണ്ടിരുന്നു; നിലയ്ക്കാത്ത ഒഴുക്കുപോലെ. പുഴയ്ക്കക്കരെയുള്ള വലിയൊരു മരത്തില്‍ അവയെല്ലാം ചേക്കേറുന്നു. മരം വെള്ളപ്പക്ഷികളുടെ പൂമരമായി മാറി! എല്ലാവരും ആ കാഴ്ചയില്‍ മതിമറന്നു. അതിനൊപ്പം ക്ഷേത്രത്തില്‍ നിന്നുള്ള സ്തുതിഗീതവും അലയടിക്കുന്നുണ്ട്. അനിര്‍വചനീയമായ നിമിഷങ്ങള്‍. മോഹിപ്പിക്കുന്ന കാഴ്ചകളിലേക്കാണ് ആ വൈകുന്നേരം വഴിതുറന്നത്. ഇരുട്ടില്‍ വിദ്യാശങ്കരക്ഷേത്രത്തിനപ്പുറമുള്ള ശാരദാദേവീക്ഷേത്രത്തിന്റെ സ്വര്‍ണ്ണമകുടം ദീപാലങ്കരങ്ങളില്‍ ജ്വലിച്ചുതെളിഞ്ഞു. കാറ്റും കാടും ചേര്‍ന്ന് മനസ്സ് തണുപ്പിച്ചു. ആളുകള്‍ ഉല്ലാസഭരിതരായി. കുട്ടികള്‍, സ്ത്രീകള്‍, ദമ്പതിമാര്‍. ചിലര്‍ ഫോട്ടോ എടുക്കുന്നു. കഥ പറയുന്നു. ചിരിക്കുന്നു. കളിക്കുന്നു. ഈ ലോകത്തില്‍ അവരുടെ മനസ്സുഖത്തെ തടസ്സപ്പെടുത്താന്‍ ഒന്നും തന്നെയില്ലെന്ന് ഉറപ്പാണ്!

കുറേപ്പേര്‍ താഴെ പുഴക്കരയിലേക്ക് ഇറങ്ങിച്ചെന്ന്  മീനൂട്ട് നടത്തി. വലിയ മീനുകള്‍ പുളയ്ക്കുന്നു. ആരും ഉപദ്രവിക്കില്ലെന്ന ഉറപ്പുള്ളതിനാലാവും അവ പൂച്ചക്കുട്ടികളെപ്പോലെ സൗമ്യരായി ആളുകള്‍ക്കരികില്‍ വിഹരിച്ചു. 'ഡോള്‍ഫിന്‍സ്...', കുട്ടികള്‍ ത്രില്ലിലായി. കരയിലേക്ക് കുതിച്ചുചാടുന്ന കൂറ്റന്‍ മീനിനെ കണ്ട് ഒരു കുട്ടി നിലവിളിച്ചു. ഒരാള്‍ പോപ്പ്കോണിന്റെ കവറഴിച്ച് മീനുകള്‍ക്ക് വിതറി. ചിലര്‍ ബ്രെഡ്ഡ്. അരി. ഫാസ്റ്റ് ഫുഡ് കഴിച്ചാണോ മീനുകള്‍ ഇത്ര തടിച്ചുകൊഴുത്തത്! വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടാണ് അവയെ ആരും പിടിക്കാത്തത്. അല്ലായിരുന്നെങ്കില്‍ എപ്പോള്‍ ചട്ടിയിലെത്തിയെന്ന് നോക്കിയാല്‍ മതി! കാക്കകള്‍ക്കും കൊറ്റികള്‍ക്കും പക്ഷെ മീനുകളെ വേണ്ട! സന്ധ്യയ്ക്ക് പൊടിച്ചുയര്‍ന്ന വെട്ടുകിളികളെ ആഹാരമാക്കി അവ വിശപ്പാറ്റി. കരയില്‍ കരിങ്കല്ലില്‍ സര്‍പ്പത്തിന്റേയും തവളയുടേയും ഒരു ശില്‍പ്പം കണ്ടു. അത് ശൃംഗേരിയുടെ ഐതിഹ്യവുമായി ബന്ധമുള്ള കഥകള്‍ പറഞ്ഞു.

പ്രഭാതം. കിഴക്കന്‍ ആകാശത്തില്‍ ഇളവെയിലിന്റെ ആഘോഷം. പുഴയിലെ ജലം വെള്ളിയുരുക്കിയതുപോലെ തിളങ്ങി. ജലപ്പരപ്പിന് മീതെക്കൂടെ ആവി പൊങ്ങി. ആകെക്കൂടെ ഒരു അതീന്ദ്രിയാനുഭവം. ആളുകള്‍ ഭക്തിയോടെ കൈക്കുമ്പിളില്‍ നദിയെ കോരിയെടുത്ത് തലയിലണിഞ്ഞു. ശങ്കരസ്മരണകളില്‍ മനസ്സിനെ പവിത്രമാക്കി. അദ്വൈത സിദ്ധാന്തിയുടെ സവിധത്തില്‍ എല്ലാം ഒന്ന്! അദ്വൈതം. ഒന്നേയുള്ളൂ; രണ്ടില്ല! നേര്‍ത്ത സൂര്യരശ്മികള്‍ വിദ്യാശങ്കരക്ഷേത്രത്തെ ഇളംചുവപ്പ് ചായത്തില്‍ മുക്കി. ഉയരെയുള്ള ക്ഷേത്രകവാടങ്ങളിലൂടെ ആളുകള്‍ കയറിയിറങ്ങുന്നു. കരിങ്കല്‍ നിറത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ണ്ണപ്പകിട്ടുള്ള വേഷങ്ങളണിഞ്ഞ് നടക്കുന്ന മനുഷ്യര്‍. മിഴിവാര്‍ന്ന മറ്റൊരു കലാസൃഷ്ടി ജനിച്ചപോലെ. മേല്‍ക്കൂരയില്‍ നിന്നും തൂങ്ങുന്ന കോര്‍ത്തിട്ട വലിയ വളയങ്ങളുടെ ചങ്ങലക്കണ്ണി നോക്കി ചിലര്‍ അത്ഭുതപ്പെട്ടു. അതൊരൊറ്റക്കല്ലില്‍ കൊത്തിയതാണത്രെ! ശില്‍പ്പങ്ങള്‍ക്ക് മണല്‍ക്കല്ലുകളുടെ ഇളം മഞ്ഞയും ചുവപ്പും നിറങ്ങളാണ്. മഴയും വെയിലും കാറ്റും കാലങ്ങളായി മേല്‍ക്കൂരയെ മിനുക്കിയെടുത്തുകൊണ്ടിരിക്കയാവണം! മുകളിലെ കല്‍പ്പണികളില്‍ നൂറ്റാണ്ടുകളുടെ പാടുകള്‍. കാലം പൂശിയ കറുത്ത ചായം. അതും സൗന്ദര്യമേറ്റുന്നേയുള്ളു!

പന്ത്രണ്ട് രാശികളെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകളാണ് വിദ്യാശങ്കരക്ഷേത്രത്തിലെ പ്രത്യേകത. ദ്രവീഡ- ചാലൂക്യ-വിജയനഗര നിര്‍മാണ ശൈലികള്‍ വിദ്യാശങ്കര ക്ഷേത്രത്തിന്റെ നിര്‍മിതിയിലുെന്ന് പറയപ്പെടുന്നു. വൃദ്ധരായ രണ്ട് മൂന്ന് സ്ത്രീപുരുഷന്മാര്‍ ആയാസപ്പെട്ട് നടന്നുവന്നു. അവര്‍ പതിയെ ബാഗ് തുറന്ന് മൊബൈലെടുത്ത് പടമെടുപ്പ് തുടങ്ങി. സ്ത്രീ ഗൂഗിളില്‍ അടുത്ത യാത്രയ്ക്കുള്ള ടിക്കറ്റ് സെര്‍ച്ച് ചെയ്തു. അവരെ മാനസികമായ ക്ഷീണം ബാധിച്ചിട്ടേയില്ല. ''ഞങ്ങള്‍ സഹോദരങ്ങളാണ്. എഴുപതിന് മീതെയാ ഞങ്ങളെല്ലാവര്‍ക്കും പ്രായം. വീട് ആന്ധ്രയിലെ മുഗ്ഗല്ല. കൊച്ചുമക്കളൊക്കെ ആയി. പുണ്യസ്ഥലങ്ങളിലേക്ക് യാത്ര പതിവാണ്,'' അവര്‍ ക്ഷേത്രത്തിലെ അന്നദാനത്തിനായി പോയി.

കൊങ്കിണി രുചി

ക്ഷേത്രത്തിന് സമീപം രുചികരമായ ഭക്ഷണം കിട്ടുന്ന ധാരാളം ഹോട്ടലുകളുണ്ട്. ഹോട്ടല്‍ ഗുരുപ്രസാദില്‍ റവ ഇഡ്ഡലിയും മസാലദോശയും പൂരിയും സുലഭം. ഉച്ചയ്ക്ക് കൊങ്കണ്‍ സ്‌റ്റൈലിലുള്ള രസവും മധുരമുള്ള സാമ്പാറും നല്ല ചക്കപ്പപ്പടവും കൂട്ടി ഊണ് കഴിക്കാം. ക്ഷേത്രത്തിലെ അന്ന പ്രസാദവും രുചിയ്ക്കാം. വൃത്തിയും വെടിപ്പുമുള്ള ഹാളിലിരുന്ന് സാമ്പാറും രസവും മോരും കൂട്ടി ഉണ്ണാം. ക്ഷേത്രത്തിലെ പ്രസാദമായ തേങ്ങാ ബര്‍ഫി അതീവ സ്വാദുള്ളതാണ്. ശൃംഗേരി തെരുവിലെ ബേക്കറികളില്‍ പല തരം കൊങ്കണി പലഹാരങ്ങള്‍ കിട്ടും. മസാല നിറച്ച ബണ്ണുകള്‍, മൃദുവായ നുറുക്ക്, ബോളി തുടങ്ങിയവ. ശൃംഗേരി ബസ്സ്സ്റ്റാന്‍ഡിലേക്കുള്ള റോഡിലെ തുംഗ ബേക്കറി പ്രശസ്തമാണ്.

വിദ്യാശങ്കരക്ഷേത്രത്തിന്നകത്തേക്ക് കാലൂന്നുമ്പോള്‍ പരമമായ ശാന്തിയുടെ ഒരു അനുഭവം നമ്മെ പൊതിയും. ഫോട്ടോ എടുക്കരുതെന്നും തൂണുകളിലൊന്നും തൊടരുതെന്നും ബോര്‍ഡുകളുണ്ട്. ഇത്തരം പൊതുവായ അറിയിപ്പുകളല്ലാതെ മറ്റു യാതൊരു നിയമങ്ങളും സന്ദര്‍ശകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നില്ലെന്നത് ആഹ്ലാദകരം. 

ഉള്ളിലെ മണ്ഡപത്തിലെ പന്ത്രണ്ട് തൂണുകള്‍ ശില്‍പ്പമയമാണ്. പടിഞ്ഞിരിക്കുന്ന ആനപ്പുറത്ത് കാലൂന്നി ഉയരുന്ന പടക്കുതിര. കുതിരപ്പുറത്തെ വാളേന്തിയ വീരന്‍  കുതിച്ചുവരുന്നു. മുകളിലെ മാമരക്കൂട്ടത്തില്‍ അലസരായി ശയിക്കുന്ന അപ്സരസ്സുകള്‍. എത്ര കൗതുകത്തോടും സങ്കല്‍പ്പസമൃദ്ധിയോടുമാവും അക്കാലത്തെ ശില്‍പ്പികള്‍ ഇവ കൊത്തിയെടുത്തിരിക്കുക! അവര്‍ ആരെന്നുപോലും നമുക്കറിയില്ല! എന്നാല്‍,  സര്‍ഗസൃഷ്ടിയുടെ മുഹൂര്‍ത്തങ്ങളില്‍ ആ ഭൂതകാലമനുഷ്യര്‍ അനുഭവിച്ച മനോസഞ്ചാരങ്ങള്‍ നമ്മെവന്നു തൊടാതിരിക്കില്ല !

placeholder
-
അറിവിന്റെ ദേവതയായ ശാരദാംബയുടെ ക്ഷേത്രം വിദ്യാശങ്കരക്ഷേത്രത്തിന് അരികെത്തന്നെയാണ്. കുട്ടികളെ എഴുത്തിനിരുത്താന്‍ വന്നവര്‍ ക്യൂ നിന്നു. അമ്മമാര്‍ കുഞ്ഞുങ്ങളെ മടിയിലിരുത്തി അക്ഷരം എഴുതിച്ചു. ആദ്യാക്ഷരത്തിന്റെ മധുരം കുട്ടികള്‍ക്ക് രസിച്ചു! ''കുഞ്ഞ് പിറന്നപ്പോള്‍ നേര്‍ന്നതാണ് ശാരദാദേവിക്ക് മുന്നില്‍ എഴുത്തിനിരുത്താമെന്ന്. കുഞ്ഞിന് അറിവ് നേടാനുള്ള ഭാഗ്യമുണ്ടാവട്ടെ!'', കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നെത്തിയതാണ് നമിത എന്ന യുവതി. കൂടെ വീട്ടുകാരെല്ലാം ഉണ്ട്. കുഞ്ഞിന്റെ കുഞ്ഞിക്കൈകള്‍ ചേര്‍ത്തുപിടിച്ച് അവര്‍ തൊഴുവിച്ചു.

ആളുകള്‍ ശാരദാദേവിയെ വണങ്ങി പുറത്തേക്ക് നടന്നു. പുതിയ തീര്‍ത്ഥാടകര്‍ വന്നുകൊണ്ടിരുന്നു. ആകാശത്തിലേക്കുയരുന്ന വലിയ ക്ഷേത്രഗോപുരം കടന്നു പുറത്തെത്തുമ്പോള്‍ അത് വേറൊരിടം. വിശ്വാസത്തിന്റെ, ആത്മീയതയുടെ ലോകത്തുനിന്നും വിശപ്പിന്റേയും ദാഹത്തിന്റേയും ഷോപ്പിങ്ങ് കൗതുകങ്ങളുടേയും ലോകത്തിലേക്ക് ഒരു നാലഞ്ചടി!

ശൃംഗേരി ടൗണ്‍ ചെറുപട്ടണമാണ്. നിരയായി ഷോപ്പുകള്‍. കുറച്ച് ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഭക്ഷണശാലകള്‍... പശുക്കളും കിടാങ്ങളും കൂറ്റന്മാരും അലഞ്ഞുനടക്കുന്ന തെരുവ്. അടുത്തുള്ള കോര്‍പ്പറേറ്റ് ബാങ്കിന്റെ ഇ- ലോബിയില്‍ നിന്നും പാളസ്സാറുടുത്ത ഒരു പൂജാരി ഇറങ്ങിവരുന്നു. കയ്യില്‍ കായസ്സഞ്ചി. ഉഡുപ്പിക്കുള്ള ബസ്സ് വന്ന് നിന്നു. ശൃംഗേരിയില്‍ നിന്നും മടങ്ങുന്നവര്‍ മനസ്സില്ലാമനസ്സോടെ ക്ഷേത്രനഗരത്തോട് വിടപറഞ്ഞു.

Content Highlights: Shringeri Travel, Spiritual Travel, Women Travel, Mathrubhumi Yathra