ചരിത്രവും ഐതിഹ്യങ്ങളും കെട്ടുപിരിഞ്ഞുകിടക്കുന്ന പെരുംതൃക്കോവില്‍ ക്ഷേത്രം, വിശാലമായ ശിവരാത്രി മണപ്പുറം, അതിന് അതിരിട്ട് രണ്ട് കൈവഴികളായി പിരിഞ്ഞൊഴുകുന്ന പുഴ, മണപ്പുറത്തേക്കുള്ള മഴവില്‍പ്പാലം, ക്ഷേത്രത്തിനു പിന്നില്‍ പാഴൂര്‍ കക്കാട് കരകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം... തൃപ്പാഴൂരില്‍ കാഴ്ചകള്‍ കാത്തിരിക്കുകയാണ്.

To advertise here,

ഭാഗ്യങ്ങളുടെ നാടാണ് പാഴൂര്‍. പായലൂരാണ് പാഴൂരായതെന്നും പാഴ് ഊരാണ് പാഴൂരായതെന്നുമൊക്ക സ്ഥലപുരാണമുണ്ടെങ്കിലും പുഴയോരത്ത് സ്വയംഭൂവായ മഹാദേവനാണ് പാഴൂരിനെ തൃപ്പാഴൂരാക്കിയതെന്നതില്‍ തര്‍ക്കമുണ്ടാവില്ല. തരംഗം കാനം മലനിരകളില്‍നിന്ന് ഉത്ഭവിച്ചൊഴുകിയെത്തുന്ന പുഴകള്‍ ഒന്നായി ചേരുന്ന സ്ഥലമാണ് മൂവാറ്റുപുഴ. കാളിയാറും കോതയാറും തൊടുപുഴയാറുമായി ചേരുമ്പോഴാണ് പുഴ മൂവാറ്റുപുഴയാകുന്നത്. എന്നാല്‍, മൂവാറ്റുപുഴയൊരു പുഴയല്ല. പുഴയോരത്തെ പട്ടണമാണ്. മൂവാറ്റുപുഴയാറ് എന്നായപ്പോള്‍ അതൊരു പുഴയായി.

വേമ്പനാട്ടുകായലില്‍ പതിക്കുന്ന ഈ പുഴ വട്ടംതിരിഞ്ഞ് കിഴക്കോട്ടൊഴുകുന്നത് കാണണമെങ്കില്‍ പിറവം പാഴൂരിലെത്തണം. വൈക്കം മഹാദേവക്ഷേത്ര മാതൃകയിലുള്ള പെരുംതൃക്കോവില്‍ ക്ഷേത്രവും ജ്യോതിഷികളുടെ ഈറ്റില്ലമായ പാഴൂര്‍ പടിപ്പുരയും ശിവരാത്രി മണപ്പുറവുമെല്ലാം ഇവിടത്തെ പൗരാണിക കാഴ്ചകളാണ്. ക്ഷേത്രത്തിന് മുന്നിലുള്ള മഴവില്‍പ്പാലവും പിന്നിലുള്ള തൂക്കുപാലവും ആധുനികകാലത്തിന്റെ അടയാളങ്ങളും.

പാഴൂര്‍ പെരുംതൃക്കോവില്‍ എന്നത് 'പാഴ് ഊര്, പെരിയ തിരു കോവില്‍ എന്നീ തമിഴ്വാക്കുകളില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്നാണ് സാഹിത്യകാരന്‍ ബാബുരാജ് കളമ്പൂര്‍ പറയുന്നത്. പാഴൂരില്‍ പുഴയിലേക്ക് തള്ളിനില്‍ക്കുന്ന മുനമ്പിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ മൂന്നുഭാഗത്തും വെള്ളമാണെന്ന് പറയാം. ഇവിടെയാണ് പുഴ മടങ്ങി കിഴക്കോട്ടൊഴുകുന്നത്. കിഴക്കോട്ടൊഴുകുന്ന പുഴയുടെ നടുക്കാണ് ശിവരാത്രി മണപ്പുറം. മഹാശിവരാത്രിനാള്‍ പിതൃതര്‍പ്പണത്തിന് ആയിരങ്ങളെത്തുന്ന മണപ്പുറം ഇന്ന് മേഖലയിലെ പ്രധാന ആകര്‍ഷണമാണ്. സാധാരണ ദിവസങ്ങളിലും ഇവിടെ പിതൃതര്‍പ്പണത്തിന് ആളുകളെത്തുന്നുണ്ട്.

ഇപ്പോള്‍ ഷൂട്ടിങ് സംഘങ്ങളുടെയും പ്രിയ ഇടമായി മാറിക്കഴിഞ്ഞു മണപ്പുറം. വിവാഹരംഗങ്ങള്‍ പകര്‍ത്തുന്നതിനും ഇവിടെ ഇപ്പോള്‍ ആളുകളേറെ എത്തുന്നുണ്ട്. സേവ് ദി ഡേറ്റ്, പോസ്റ്റ് വെഡ്ഡിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവയ്ക്ക് പാഴൂരില്‍ എത്തുന്നവര്‍ ഏറെയാണ്.

മോഹന്‍ലാലിന്റെ 'പവിത്രം' സിനിമയിലൂടെയാണ് പാഴൂര്‍ ക്ഷേത്രവും പരിസരവും സിനിമയിലെത്തിയത്. പിന്നീട് 'നേരറിയാന്‍ സി.ബി.ഐ', 'ഇവര്‍ വിവാഹിതരായാല്‍', 'ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം', 'കൊച്ചിരാജാവ്' തുടങ്ങിയ സിനിമകളിലും പാഴൂര്‍ ക്ഷേത്രപരിസരം കാണാം. ഇപ്പോള്‍ കൂടുതലായി നടക്കുന്നത് സംഗീത ആല്‍ബങ്ങളുടെ ചിത്രീകരണമാണ്. പാഴൂരിലെ തീര്‍ത്ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്താണ് വിനോദസഞ്ചാര വകുപ്പ് മണപ്പുറത്തേക്ക് മഴവില്‍പ്പാലം തീര്‍ത്തത്. പിറവം-എറണാകുളം റോഡില്‍നിന്ന് മഴവില്‍പ്പാലത്തിലൂടെ മണപ്പുറത്തെത്താം.

പുഴയുടെ മറുകരയിലാണ് പാഴൂര്‍ പടിപ്പുര. ബുധ ശുക്രന്മാര്‍ കാവലിരിക്കുന്ന പാഴൂര്‍ പടിപ്പുര ജ്യോതിഷത്തിന്റെ ഈറ്റില്ലമാണ്. പണ്ട് പാഴൂരില്‍നിന്ന് കടത്തുകടന്നാണ് പടിപ്പുരയിലേക്ക് പോയിരുന്നത്. എന്നാല്‍, ഇന്ന് പാഴൂരില്‍നിന്ന് കക്കാട്ടിലേക്ക് തൂക്കുപാലമുണ്ട്. ക്ഷേത്രത്തിന് പിന്നില്‍ ആകാശ ഊഞ്ഞാല്‍പോലെ തൂക്കുപാലം കാണാം. പിറവം ടൗണില്‍നിന്ന് നേരിട്ടും പടിപ്പുരയിലെത്താം.

പാഴൂര്‍ പത്ത്

ഐതിഹ്യങ്ങളില്‍ നിറയുന്ന 'പാഴൂര്‍ പത്ത്' പാഴൂരിനെ സംബന്ധിച്ച പത്ത് ഭാഗ്യങ്ങളാണ്. ഗ്രാമത്തിന്റെ അക്കാലത്തെ സാമൂഹ്യ പശ്ചാത്തലത്തിലേക്ക് വെളിച്ചംവീശുന്നവയാണ് ഈ ഭാഗ്യങ്ങള്‍. 'പാഴൂര്‍ പുഴ നേരെയൊഴുകാഞ്ഞതും ഭാഗ്യം'എന്നതാണ് പാഴൂര്‍ പത്തിലെ ആദ്യത്തേത്. സംഭവം വളരെ ലളിതമാണ്. പുഴ നേരേയാണ് ഒഴുകിയിരുന്നതെങ്കില്‍ ക്ഷേത്രത്തിന് അവിടെ സ്ഥാനമുണ്ടാവില്ല.

പുഴയുടെ വശ്യമനോഹാരിതയാണ് ഇവിടെ ക്ഷേത്രം പണിയാന്‍ ഇടയാക്കിയതെന്ന് കഥയുണ്ട്. കിഴക്കോട്ടൊഴുകുന്ന പുഴ ക്ഷേത്രത്തിന് സമീപം രണ്ടായി പിരിയുകയാണ്. ഒരുഭാഗം പാഴൂര്‍ കരയോട് ചേര്‍ന്നും മറ്റൊരു ഭാഗം കക്കാട് കരയോടും ചേര്‍ന്നൊഴുകുമ്പോള്‍ നടുക്ക് പ്രകൃതി കനിഞ്ഞരുളിയതാണ് ശിവരാത്രി മണപ്പുറം. രണ്ടായി പിരിഞ്ഞ് അരക്കിലോമീറ്ററോളം കിഴക്കോട്ടൊഴുകുന്ന പുഴ വീണ്ടും ഒന്നായിത്തീരുന്നത് കാണാം.

പാഴൂര്‍ പത്തിലെ ഓരോന്നിനും പിന്നില്‍ ഇങ്ങനെ രസകരമായ കഥകളുണ്ടാകാം.

  • പാഴൂര്‍ പന തെങ്ങാകാത്തതും ഭാഗ്യം
  • പള്ളിപ്പാട്ട് വാരസ്യാര്‍ ആണാകാത്തതും ഭാഗ്യം
  • പാഴൂര്‍ കണിയാര്‍ ഭട്ടതിരിയാകാത്തതും ഭാഗ്യം
  • പാഴൂര്‍ ആശാരി നമ്പൂരിയാകാത്തതും ഭാഗ്യം
  • പടുതോള്‍ നമ്പൂതിരിക്ക് കൊല്ലും കൊലയുമില്ലാത്തതും ഭാഗ്യം
  • പുതുവാമന നമ്പൂതിരിക്ക് ഊരാണ്മയില്ലാത്തതും ഭാഗ്യം
  • ചാലാശ്ശേരി പണിക്കര്‍ക്ക് കിരീടമില്ലാത്തതും ഭാഗ്യം
  • വടക്കില്ലത്ത് നമ്പൂതിരിക്ക് വാളും പരിചയുമില്ലാത്തതും ഭാഗ്യം.
  • പാഴൂര്‍ പടിപ്പുര പൊന്നാകാത്തതും ഭാഗ്യം

എന്നിവയാണ് പാഴൂര്‍ പത്തിലെ മറ്റ് ഭാഗ്യങ്ങള്‍.

Content Highlights: Pazhur Perumthrikkovil Travel, Spiritual Travel, Mathrubhumi Yathra