
തിരക്കുകളിൽനിന്നൊഴിഞ്ഞ് പ്രകൃതിയിൽ അലിഞ്ഞുചേരാനൊരിടം. പച്ചപ്പിന്റെ നനവിൽ കോടമൂടിയ മലനിരകളിലൂടെ ഒരു യാത്ര... ‘മലബാറിലെ ഊട്ടി’ എന്നറിയപ്പെടുന്ന കക്കാടംപൊയിൽ കുടുംബടൂറിസ്റ്റുകളുടെ പറുദീസയായി മാറുകയാണ്. വേനൽക്കാലമായതോടെ കക്കാടംപൊയിലിന്റെ കുളിരിലേക്ക് വിദൂര ജില്ലകളിൽനിന്നടക്കം സഞ്ചാരികൾ എത്തുന്നു...
അവധിദിനങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങളുടെ പട തന്നെയാണ് ഈ ഗ്രാമത്തിലേക്ക്. ജില്ലയിൽ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന് പ്രകൃതി കനിഞ്ഞേകിയ മനോഹാരിതകളേറെയാണ്.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ചാലിയാർ പഞ്ചായത്തിലുമായാണ് കക്കാടംപൊയിൽ പ്രദേശം. മലനിരകളും പുൽമേടുകളും കൃഷിയിടങ്ങളും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളുമെല്ലാമടങ്ങിയ കക്കാടംപൊയിൽ ജനകീയ ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച മലബാറിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറുകയാണ്. കോടമഞ്ഞുചൂടിയ അന്തരീക്ഷമാണ് സഞ്ചാരികളുടെ മനസ്സും ശരീരവും കുളിർപ്പിക്കുന്നത്. വയനാടിനോട് സാമ്യമുള്ള തണുത്ത കാലാവസ്ഥയാണ് സദാസമയവും.
നിർദിഷ്ട കക്കാടംപൊയിൽ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ മലയോരമേഖലയുടെ വികസനക്കുതിപ്പിനുതന്നെ നാന്ദിയാകും.

പ്രധാന ആകർഷണങ്ങൾ
പഴശ്ശിരാജ ഗുഹ (പഴശ്ശിരാജ വയനാട്ടിൽനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയിൽ ഇടത്താവളമാക്കിയ കോട്ട): കക്കാടംപൊയിലിൽനിന്ന് നാല് കിലോമീറ്റർ അകലെ നായാടംപൊയിലിന് സമീപത്തായാണ് ഈ ഗുഹ സ്ഥിതിചെയ്യുന്നത്. പഴശ്ശിരാജാവ് വിശ്രമകേന്ദ്രവും ഒളിത്താവളവുമായി ആശ്രയിച്ചിരുന്ന ഗുഹ എന്നാണറിയപ്പെടുന്നത്. ഗുഹയ്ക്കകത്ത് ഒരു പീഠം ഉണ്ട്.
കോഴിപ്പാറ വെള്ളച്ചാട്ടം: കക്കാടംപൊയിൽ അങ്ങാടിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം കുറുവൻപുഴയിലാണ്. കുളിക്കാനും നീന്താനും സൗകര്യമുണ്ട്. കേരള വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇൻഫർമേഷൻ സെന്റർ, ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് പ്രവേശനം.
ഫാം ടൂറിസം: ഫാം ടൂറിസത്തിന്റെ സാധ്യതകളത്രയും ഉപയോഗപ്പെടുത്തുന്ന ഒട്ടേറെ കർഷകരാണ് കക്കാടംപൊയിലിലുള്ളത്. മൂല്യവർധിത ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തിയവർ. വൈവിധ്യമാർന്ന പഴങ്ങൾ കൃഷിചെയ്ത്, വിനോദസഞ്ചാരികൾക്ക് അവ ആസ്വദിക്കാനും ഇഷ്ടമുള്ളവ സ്വന്തമാക്കാനുമടക്കം സൗകര്യമൊരുക്കി കാത്തിരിക്കുന്ന കർഷകർവരെയുണ്ട് ഈ ഗണത്തിൽ. വീട്ടിൽനിന്നുതന്നെ വിവിധ ജ്യൂസുകളുടെ വിൽപ്പന നടത്തുന്നവരുമുണ്ട്. കാർഷിക സമ്പദ്‌സമൃദ്ധിയാൽ അനുഗൃഹീത ഗ്രാമമായ കക്കാടംപൊയിലിൽ ഇക്കോ ടൂറിസത്തിനും ഫാം ടൂറിസത്തിനും അനന്ത സാധ്യതകളാണുള്ളത്. കോഴിപ്പാറയിൽ ഇക്കോഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. വനവിഭവങ്ങളും വനം സംരക്ഷണസമിതി അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
കക്കാടംപൊയിലിൽനിന്ന് നായാടംപൊയിൽ റോഡിൽ അഞ്ചുകിലോമീറ്റർ അകലെയുള്ള കുരിശുമല, എട്ടാം ബ്ലോക്കിലെ ആദിവാസി ഗുഹ, നിലമ്പൂർ റോഡിലുള്ള എസ് വളവ്, സൂര്യാസ്തമയങ്ങൾ... ദൃശ്യവിരുന്നുകളുടെ പട്ടിക നീളുന്നു.

യാത്രാമാർഗം
കോഴിക്കോട്ടുനിന്ന് 50-കിലോമീറ്ററും നിലമ്പൂരിൽനിന്ന് 24-കിലോമീറ്ററും ദൂരമാണ് കക്കാടംപൊയിലിലേക്കുള്ളത്. കോഴിക്കോട്ടുനിന്ന് മുക്കം, കൂടരഞ്ഞി വഴിയും തിരുവമ്പാടി, കൂടരഞ്ഞി വഴിയും രണ്ടു മാർഗങ്ങളുണ്ട്. നിലമ്പൂരിൽനിന്ന് അകമ്പാടം വഴിയാണ് കക്കാടംപൊയിലിൽ എത്താനുള്ള മാർഗം. കോഴിക്കോട്, നിലമ്പൂർ, തിരുവമ്പാടി കെ.എസ്. ആർ.ടി.സി. ഡിപ്പോകളിൽനിന്ന് കക്കാടംപൊയിലിലേക്ക് ബസ് സർവീസുണ്ട്. ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് നിത്യേന തീവണ്ടി സർവീസുമുണ്ട്. നിർമാണം പുരോഗമിക്കുന്ന മലയോരഹൈവേ യാഥ്യാർഥ്യമാക്കുന്നതോടെ യാത്ര കൂടുതൽ സുഗമമാകും.
Content Highlights: Ootty of malabar, kakkadampoyil trip, kozhippara waterfalls, kerala tourism
Published: 12 Feb 2022, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented