നെല്ലിയാമ്പതി: പോത്തുണ്ടി അണക്കെട്ടും, പച്ചപ്പും കണ്ട് ചുരം കയറിയെത്തിയാൽ വൈബ് വേറെയാണ്, നെല്ലിയാമ്പതിയിൽ. നട്ടുച്ചയ്ക്കുപോലും കോടമഞ്ഞിറങ്ങും. വനംവകുപ്പിന്റെ കൊല്ലങ്കോട് റേഞ്ചിലെ കാരാശൂരി, മാട്ടുമല, മിന്നാംപാറ തുടങ്ങിയ ഭാഗങ്ങളിലേക്ക് കാട്ടിനകത്തുകൂടെയുള്ള ജീപ്പ് സഫാരിയും, നെല്ലിയാമ്പതി റേഞ്ചിലെ കേശവൻപാറയിലേക്ക് നടന്നുള്ള ട്രക്കിങ്ങും നടത്താനാവും.

To advertise here,

പുലയമ്പാറ, കേശവൻപാറ, നൂറടി എന്നിവിടങ്ങളിൽ സ്വകാര്യ ജീപ്പുകളിലാണ് സവാരി. മൺപാതകളിലൂടെയും, പാറക്കെട്ടുകളിലൂടെയും കയറിയിറങ്ങി യാത്ര ചെയ്യുമ്പോൾ ഇതൊക്കെ എവിടേയോ കണ്ടിട്ടുണ്ടെന്ന തോന്നലുണ്ടാവും. വെറും തോന്നലല്ല, മിന്നാംപാറ, നാട്ടുമല, കാരാശൂരി എന്നിവിടങ്ങളെല്ലാം മോഹൻലാൽ ചിത്രമായ ഭ്രമരം ഉൾപ്പെടെയുള്ളവയിൽ വാതിൽപ്പുറക്കാഴ്ചകളായി.

ഈ യാത്രയിൽ ഭാഗ്യമുണ്ടെങ്കിൽ ആന, കാട്ടുപോത്ത്, മാന് തുടങ്ങിയ വന്യമൃഗങ്ങളെയും തൊട്ടരികിൽ കാണാൻ കഴിയും. രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് ഈ ഭാഗത്തേക്ക് പ്രവേശനം. കേശവൻപാറയിൽനിന്ന് കാട്ടിനകത്തുകൂടെ ഒരു കിലോമീറ്റർ നടന്നാൽ കേശവൻപാറ വ്യൂപോയിന്റിലേക്ക് എത്താം.

ഈ വ്യൂപോയിന്റിൽനിന്നും നെല്ലിയാമ്പതി മലനിരകളിൽ നിന്നുള്ള ചുരം പാതയുടെയും, പോത്തുണ്ടി അണക്കെട്ടിന്റെയും കാഴ്ചകളും തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ തൃശ്ശൂർ ദേശീയപാതിലെ കുതിരാൻ മലവരെയും കാണാൻ കഴിയും.

സീതാർകുണ്ട്, പലകപ്പാണ്ടി, മാമ്പാറ, മിന്നാംപാറ, പുല്ലുകാട്, ഗവ. ഓറഞ്ച് ഫാം, കേശവൻപാറ, നൂറടി, പാടഗിരി, ലില്ലി, വിക്‌ടോറിയ, കാരപ്പാറ തൂക്കുപാലം, തേയില-കാപ്പിത്തോട്ടങ്ങൾ എന്നീ സ്ഥലങ്ങളും സഞ്ചാരികളുടെ ഇഷ്ടയിടമാണ്. അവധി ദിവസങ്ങളിലും ആഘോഷദിവസങ്ങളിലും പോത്തുണ്ടി ചെക്‌പോസ്റ്റിലൂടെ 5,000-ലധികം പേരാണ് ദിവസവും നെല്ലിയാമ്പതിയിലേക്ക് എത്തുന്നത്.

താമസിക്കാൻ ബ്രീട്ടീഷ് ബംഗ്ലാവ് മുതൽ മുളവീട് വരെ

നെല്ലിയാമ്പതിയുടെ രാത്രിവൈബ് ആസ്വദിക്കേണ്ടവർക്ക് താമസിക്കാൻ പഴയ ബ്രീട്ടിഷ് ബംഗ്ലാവ് മുതൽ മുളവീട് വരെയുണ്ട്. കൂടാതെ വനംവികസന കോർപറേഷന്റെ പകുതിപ്പാലം റിസോർട്ടിലും സഞ്ചാരികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് താമസിക്കാൻ കഴിയും.

11 റിസോർട്ടുകളാണ് കാട്ടിനകത്തായുള്ളത്. മറ്റുള്ളവ നെല്ലിയാമ്പതിയിലെ പ്രധാന കവലകളിനോട് ചേർന്നാണുള്ളത്. ഡോർമെട്രിയുൾപ്പെടെ ചെറുതും വലുതുമായി 25 ലധികം താമസകേന്ദ്രങ്ങളുമുണ്ട്.

എല്ലാ സൗകര്യവുമുണ്ട്

‘നെല്ലിയാമ്പതി കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസത്തിനും, വിവിധ സ്ഥലങ്ങൾ കാണുന്നതിനും ജീപ്പ് ഡ്രൈവർമാരുമായി ചേർന്ന് സൗകര്യമൊരുക്കിയിട്ടുണ്ട്. നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷനിലെ അംഗങ്ങൾ ഇതുറപ്പാക്കാറുണ്ട്.

വിനോദസഞ്ചാരകാലമായതോടെ അവധി, ആഘോഷദിവസങ്ങളിൽ മുൻകൂട്ടിയുള്ള ബുക്കിങ്ങിലൂടെ വേണം താമസത്തിന് എത്തിച്ചേരാൻ. നേരിട്ടും, ഓൺലൈൻവഴിയും താമസത്തിനുള്ള മുറികൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്’

-മാർട്ടിൻ ജോസഫ്, സെക്രട്ടറി നെല്ലിയാമ്പതി റിസോർട്ട് അസോസിയേഷൻ.