പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം 23-ന് നടക്കും. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ 13-ന് കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ സംയുക്ത യോഗം ചേരും. ഇതിന് മുന്നോടിയായി ഒരുക്കം വിലയിരുത്താന്‍ ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്.നായരുടെ നേതൃത്വത്തിലുള്ള സംഘം മംഗളാദേവിക്ഷേത്രം സന്ദര്‍ശിച്ചു. കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ ചേര്‍ന്നാണ് ഉത്സവം നടത്തുക.
മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരു ദിവസംമാത്രമാണ് ഭക്തര്‍ക്ക് സന്ദര്‍ശന അനുമതി. പരിസ്ഥിതി സൗഹൃദമായി വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാകും ഇത്തവണയും ഉത്സവം നടത്തുക. എ.ഡി.എം. ബി.ജ്യോതി, പീരുമേട് തഹസില്‍ദാര്‍ സണ്ണി ജോര്‍ജ്, കുമളി വില്ലേജ് ഓഫീസര്‍, വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രം
മംഗള വനത്തിനുള്ളിലെ മംഗളാ ദേവി ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ്. ഇടുക്കി ജില്ലയിലെ കുമളിയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വര്‍ഷത്തിലെ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ചിത്ര പൗര്‍ണ്ണമി നാളില്‍. കേരളവും തമിഴ്നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
കടല്‍നിരപ്പില്‍ നിന്ന് ശരാശരി 1337 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതീഹ്യം. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിര്‍മ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു.
മനുഷ്യവാസമില്ലാത്ത, കൊടുംകാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായത് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങള്‍ പോലും തകര്‍ന്ന നിലയിലായതിനാല്‍ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലായിരുന്നു. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തില്‍ 1980-കളില്‍ തമിഴ്നാട്ടുകാര്‍ അവകാശവാദം ഉന്നയിച്ചതോടെ, ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഇവിടം തര്‍ക്കഭൂമിയായി. പിന്നീട് ചിത്രപൗര്‍ണ്ണമി ദിവസം ക്ഷേത്രങ്ങളില്‍ ഒന്നില്‍ കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്നാട്ടിലെയും പൂജാരിമാര്‍ക്ക് പൂജയ്ക്ക് അനുവാദം നല്കാന് തീരുമാനിച്ചു.
മംഗളാദേവിയിലെ ചിത്രപൗര്‍ണമി ഉത്സവം പ്രശസ്തമാണ്. ഭക്തരും സഞ്ചാരികളും ഉള്‍പ്പടെ 25,000ത്തോളം ആളുകള്‍ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകള്‍. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്സി ജീപ്പുകളിലോ അല്ലെങ്കില്‍ 15 കിലോമീറ്റര്‍ നടന്നോ ഈ ഒരു ദിവസം ഭക്തന്മാര്ക്ക് മംഗളാദേവിയില്‍ എത്തിച്ചേരാം. മംഗളാദേവി ഉള്‍പ്പെടുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനം വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കണ്ണകി ട്രസ്റ്റ്, തമിഴ്നാട് - ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകര്‍.
Content Highlights: mangaladevi temple chithrapournami periyar tiger reserve
Published: 08 Apr 2024, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented