മംഗളാദേവിക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മേയ് അഞ്ചിന് നടക്കും. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്കും സഞ്ചാരികള്‍ക്കുമായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ കളക്ടര്‍ ഷീബാ ജോര്‍ജിന്റെയും തേനി കളക്ടര്‍ ആര്.വി.ഷാജീവനയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിലയിരുത്തി.
പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും മുന്‍തൂക്കം നല്കി ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും.
കൊടുംവനത്തിലെ പുരാതനക്ഷേത്രം
മംഗള വനത്തിനുള്ളിലെ മംഗളാ ദേവി ക്ഷേത്രം കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ്. ഇടുക്കി ജില്ലയിലെ കുമളിയില്‍ പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പുരാതനമായ കണ്ണകി ക്ഷേത്രമാണ് ഇത്. വര്‍ഷത്തിലെ ഒരേയൊരു ദിവസം മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ചിത്ര പൗര്‍ണ്ണമി നാളില്‍. കേരളവും തമിഴ്നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തര്‍ക്ക പ്രദേശമായതിനാല്‍ തേനി, ഇടുക്കി ജില്ല കളക്ടര്‍മാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തില്‍ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
കടല്‍നിരപ്പില്‍ നിന്ന് ശരാശരി 1337 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതീഹ്യം. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിര്‍മ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു.
മനുഷ്യവാസമില്ലാത്ത, കൊടുംകാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായത് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങള്‍ പോലും തകര്‍ന്ന നിലയിലായതിനാല്‍ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലായിരുന്നു. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തില്‍ 1980-കളില്‍ തമിഴ്നാട്ടുകാര്‍ അവകാശവാദം ഉന്നയിച്ചതോടെ, ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന ഇവിടം തര്‍ക്കഭൂമിയായി. പിന്നീട് ചിത്രപൗര്‍ണ്ണമി ദിവസം ക്ഷേത്രങ്ങളില്‍ ഒന്നില്‍ കേരളത്തിലെയും മറ്റൊന്നില്‍ തമിഴ്നാട്ടിലെയും പൂജാരിമാര്‍ക്ക് പൂജയ്ക്ക് അനുവാദം നല്കാന് തീരുമാനിച്ചു.
മംഗളാദേവിയിലെ ചിത്രപൗര്‍ണമി ഉത്സവം പ്രശസ്തമാണ്. ഭക്തരും സഞ്ചാരികളും ഉള്‍പ്പടെ 25,000ത്തോളം ആളുകള്‍ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകള്‍. പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്സി ജീപ്പുകളിലോ അല്ലെങ്കില്‍ 15 കിലോമീറ്റര്‍ നടന്നോ ഈ ഒരു ദിവസം ഭക്തന്മാര്ക്ക് മംഗളാദേവിയില്‍ എത്തിച്ചേരാം. മംഗളാദേവി ഉള്‍പ്പെടുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനം വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കണ്ണകി ട്രസ്റ്റ്, തമിഴ്നാട് - ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകര്‍.
Content Highlights: Mangaladevi Temple Chithrapournami Periyar Tiger Reserve
Published: 18 Apr 2023, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented