കൊച്ചി: ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്‌ഫോമുകളിലൊന്നായ ബുക്കിങ് ഡോട്ട് കോമിന്റെ 2026-ൽ നിർബന്ധമായും സന്ദർശിക്കേണ്ട യാത്രാകേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ഏക സ്ഥലമായി കൊച്ചി ഇടംപിടിക്കുമ്പോൾ പ്രതീക്ഷകളേറുന്നു.

To advertise here,

10 ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയാണ് ബുക്കിങ് ഡോട്ട് കോം തയ്യാറാക്കിയത്. പട്ടികയിൽ മൂന്നാമത്തെ നഗരമായി കൊച്ചി ഇടം പിടിച്ചത് ഇവിടത്തെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കുന്നതാണ്.

നൂറ്റാണ്ടുകളുടെ ആഗോള വ്യാപാര, സാംസ്കാരിക വിനിമയത്താൽ നിർവചിക്കപ്പെട്ട ഒരു ലക്ഷ്യസ്ഥാനമാണ് കൊച്ചി. ഭക്ഷണപ്രിയർക്കും ആസ്വദിക്കാവുന്ന നഗരമാണിതെന്നാണ് പട്ടികയിൽ കൊച്ചിയെ വിശേഷിപ്പിക്കുന്നത്.

ലോകമെമ്പാടുനിന്നും മികച്ച യാത്രാസംവിധാനമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടേക്കുള്ള കവാടമാണെന്നും ബുക്കിങ് ഡോട്ട് കോം വിലയിരുത്തുന്നു. വിയറ്റ്‌നാമിലെ മ്യൂ നിയാണ് ഈ പട്ടികയിൽ ഒന്നാമത്. ചൈനയിലെ ഗ്വാങ് ഷുവിനു ശേഷം മൂന്നാമതായാണ് കൊച്ചിയുടെ സ്ഥാനം.

അമേരിക്കയിലെ ഫിലാഡൽഫിയ, ഓസ്‌ട്രേലിയയിലെ പോർട്ട് ഡഗ്ലസ്, ബ്രസീലിലെ മാനൗസ്, കൊളംബിയയിലെ ബറാൻക്വില്ല, കേപ് വെർദേയിലെ സാൽ, സ്പെയിനിലെ ബിൽബാവോ, ജർമനിയിലെ മൂൺസ്റ്റർ എന്നിവയാണ് പട്ടികയിലെ മറ്റു നഗരങ്ങൾ.

സഞ്ചാരികളുടെ ബൈബിൾ എന്ന് വിശേഷണമുള്ള ‘ലോൺലി പ്ലാനറ്റ്’ നേരത്തേ ലോകത്ത് കണ്ടിരിക്കേണ്ട പത്ത് നഗരങ്ങളിലൊന്നായി കൊച്ചിയെ തിരഞ്ഞെടുത്തിരുന്നു.

അന്ന് യൂറോപ്പിലെയും അമേരിക്കയിലെയും നഗരങ്ങൾക്കൊപ്പമായിരുന്നു കൊച്ചി ഇടംപിടിച്ചത്. ലോൺലി പ്ലാനറ്റ് പട്ടികയിലെ ഒന്നാമത്തെ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രിയയിലെ സാൻസ് ബർഗായിരുന്നു. അമേരിക്കയിലെ വാഷിങ്ടൺ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചപ്പോൾ ഏഴാമതായാണ് കൊച്ചിയെ ഉൾപ്പെടുത്തിയിരുന്നത്.

ഈജിപ്തിലെ കെയ്‌റോ, അയർലൻഡിലെ ഗാൽവേ, ജർമനിയിലെ ബേൺ, ബൊളീവിയയിലെ ലാപാസ്, കാനഡയിലെ വാൻകൂവർ, യുഎഇയിലെ ദുബായ്, അമേരിക്കയിലെ ഡെൻവർ എന്നീ നഗരങ്ങളായിരുന്നു അന്ന് കൊച്ചിക്കൊപ്പം ഇടം പിടിച്ചത്.

മൂന്ന് യൂറോപ്യൻ ശക്തികളുടെ അധീനതയിലായിരുന്ന ഒരു നഗരം എന്ന നിലയിലാണ് കൊച്ചിയുടെ പാരമ്പര്യത്തെ ലോകത്തിനു മുന്നിൽ ഇവരെല്ലാം പരിചയപ്പെടുത്തുന്നത്.