നഗരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ആദ്യം കണ്ണ് ഉടക്കിയത് വലിയ ക്ഷേത്രഗോപുരങ്ങളിലാണ്

കൽപ്പാക്കത്തെ താമസസ്ഥലത്തുനിന്നാണ് കാഞ്ചിപുരത്തേക്ക് കാറിൽ യാത്ര തിരിക്കുന്നത്. ഓഗസ്റ്റിന്റെ തുടക്കം. മഴയില്ല, വലിയ വെയിലുമില്ല. മനസ്സിൽ വായിച്ചറിഞ്ഞ പല്ലവ രാജാക്കന്മാരുടെ കഥകൾ തെളിഞ്ഞു. 'ആയിരം ക്ഷേത്രങ്ങളുടെ നഗരം' എന്ന വിശേഷണവും ഓർത്തു. ഈസ്റ്റ്‌കോസ്റ്റ് റോഡിൽ നിന്നുമാറി കാഞ്ചിപുരത്തിന്റെ അതിർത്തികളിലേക്ക് കടന്നപ്പോൾത്തന്നെ പരിസരത്തിന് പ്രത്യേക ഭാവമാറ്റം അനുഭവപ്പെട്ടു. നഗരത്തിലേക്ക് പ്രവേശിച്ചപ്പോൾ ആദ്യം കണ്ണ് ഉടക്കിയത് ആകാശം മുട്ടിനിൽക്കുന്ന വലിയ ക്ഷേത്ര ഗോപുരങ്ങളിലാണ്. പൗരാണിക കാലത്തേക്ക് പൊടുന്നനെ എത്തിപ്പെട്ടപോലെ. പല്ലവ, ചോള, വിജയനഗര സാമ്രാജ്യങ്ങളുടെ ആസ്ഥാനമായിരുന്ന ഈ മണ്ണിന്റെ ചരിത്രം ഓർത്തു.
വരദരാജ പെരുമാൾ ക്ഷേത്രമായിരുന്നു ആദ്യം പോയത്. വമ്പൻ കൽത്തൂണുകളും അതിൽ കൊത്തിവെച്ച അതിസൂക്ഷ്മമായ ശില്പങ്ങളും! ഒരു കല്ലിൽ നിന്ന് മറ്റൊന്നിലേക്ക് നോക്കുമ്പോൾ, അത് അത്ഭുതകരമായ കലാസൃഷ്ടി തന്നെയെന്ന് ബോധ്യപ്പെട്ടു. കല്ലുകളിൽ ജീവൻ തുടിക്കുന്നു. തുടർന്ന് കാമാക്ഷിയമ്മൻ ക്ഷേത്രത്തിലേക്കിറങ്ങി. അകമ്പടിയായി പ്രഭാതത്തിലെ മന്ത്രോച്ചാരണങ്ങൾ, ചെണ്ടയുടെയും നാദസ്വരത്തിന്റെയും ശബ്ദം, ക്ഷേത്രമണികളുടെ മുഴക്കം.
ഭക്തരുടെ തിരക്കിനിടയിലൂടെ നടന്നു. ക്ഷേത്രദർശനം കഴിഞ്ഞ് കാഞ്ചിപുരത്തിന്റെ ഇടുങ്ങിയ തെരുവുകളിലേക്ക് ഇറങ്ങി. ഇവിടുത്തെ മനുഷ്യരുടെ ദിനചര്യകൾക്ക് പ്രത്യേക താളമുണ്ട്. ധൃതിപിടിച്ച ഓട്ടങ്ങളില്ല, ശാന്തമാണ് നീക്കങ്ങൾ. ചെന്നെത്തിയത് പ്രശസ്തമായ 'നാട് സ്ട്രീറ്റിലേക്കാണ്' (Nadu Street). പരമ്പരാഗതമായ കടകളും കൊച്ചു വ്യാപാരികളും നിറഞ്ഞ തെരുവ്. തലമുറകളായി ഒരേ ബിസിനസ്സ് തുടരുന്ന കുടുംബങ്ങളെ കണ്ടു. നൂറിലധികം വർഷങ്ങളുടെ പഴക്കമുള്ള കടകൾ. അതിന്റെ വരാന്തകളിൽ മുൻകാല ഓർമകളും പേറി, പ്രായം ചെന്ന വ്യാപാരികളിരിക്കുന്നു.
കാഞ്ചിപുരത്ത് ഒഴിവാക്കാനാവാത്ത ഇടമാണ് നെയ്ത്തുകാരുടെ തെരുവുകൾ. അടുത്ത ലക്ഷ്യം അങ്ങോട്ടേക്കായിരുന്നു. തറികളുടെ പ്രത്യേകതാളം അകലേ നിന്ന് കേൾക്കാം. ഒരു നെയ്ത്തുകാരന്റെ വീട്ടിലേക്ക് കയറി . ചുവപ്പും പച്ചയും സ്വർണ്ണനിറവുമുള്ള പട്ടുനൂലുകൾക്കിടയിൽ ഇരുന്ന്, ശ്രദ്ധാപൂർവ്വം തുണി നെയ്‌തെടുക്കുന്ന മനുഷ്യൻ. ഒട്ടും തിടുക്കമില്ല. ഒരു സാരി നെയ്യാൻ ദിവസങ്ങളോളം, ചിലപ്പോൾ ആഴ്ചകളോളം വേണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രച്ചുവരുകളിലെ ശില്പങ്ങളിൽ കണ്ട മയിലുകളും, അന്നപ്പക്ഷികളും, മാമ്പഴ ഡിസൈനുകളും, താമരപ്പൂക്കളുമാണ് സാരികളിലേക്ക് പകർത്തുന്നത്. പിന്നീട് തെല്ലകലെയുള്ള സാരിക്കടയിൽ കയറി. ഓരോ സാരി നിവർത്തുമ്പോഴും അതിന്റെ കസവിലും ഡിസൈനിലും ഒരു കഥയുണ്ടായിരുന്നു. വണ്ടിയിൽ തിരികെ കയറുമ്പോൾ മനസ്സിൽ കാഞ്ചിപുരത്തെ ക്ഷേത്ര ഗോപുരങ്ങളും, തറികളുടെ ശബ്ദവും, നെയ്ത്തുകാരുടെ പുഞ്ചിരിയും ശേഷിച്ചു.
Content Highlights: Overview of Kanchipuram's ancient temple architecture, Insight into the traditional silk weaving process, Authentic experience of Kanchipuram's narrow streets and local culture, Historical significance of Pallava, Chola, and Vijayanagara influences
Published: 06 Aug 2026, 12:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented