കടമക്കുടി (കൊച്ചി): ഭൂമിയിലെ ഏറ്റവും സുന്ദരമായയിടം. കടമക്കുടിയുടെ കാര്യത്തിൽ ഈ വിശേഷണം ഒട്ടും കൂടുതലല്ല. വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ സാമൂഹിക മാധ്യമക്കുറിപ്പിലെ ഈ വാക്കുകളിലുണ്ട് കടമക്കുടിയുടെ മുഴുവൻ സൗന്ദര്യവും. കടമക്കുടിയിലേക്ക് വാട്ടർമെട്രോ കൂടി വരുന്നതോടെ ഈ ദ്വീപിനോടുള്ള സഞ്ചാരികളുടെ പ്രിയമേറുമെന്നുറപ്പാണ്.
കടമക്കുടിയുടെ പശ്ചാത്തലസൗകര്യ വികസനത്തിൽ നാഴികക്കല്ലാകുന്ന ജലമെട്രോയുടെ പ്രവർത്തനങ്ങൾ പൂർത്തീകരണത്തോടടുക്കുകയാണ്. കടമക്കുടി, പാല്യംതുരുത്ത് ടെർമിനലുകളുടെ നിർമാണ പ്രവൃത്തികളാണ് അതിവേഗത്തിൽ പുരോഗമിക്കുന്നത്.
ഡിസംബറോടെ ജലമെട്രോയുടെ സേവനം യാത്രക്കാർക്ക് ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഴല, കോതാട്, ചേന്നൂർ, ചരിയംതുരുത്ത്, മൂലമ്പിള്ളി ടെർമിനലുകൾക്കായുള്ള സ്ഥലമെടുപ്പുനടപടികൾ പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നീ ടെർമിനലുകളിലാണ് വാട്ടർമെട്രോ സർവ്വീസ് നടത്തുന്നത്. സൗത്ത് ചിറ്റൂരിൽ നിന്നായിരിക്കും കടമക്കുടിയിലേക്കുള്ള വാട്ടർമെട്രോ സർവീസ് തുടങ്ങുക.
ജലമെട്രോ പൂർണാർഥത്തിൽ സജ്ജമാകുന്നതോടെ കടമക്കുടി ദ്വീപുകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.കൊച്ചി നഗരത്തിൽനിന്ന് എട്ടു കിലോമീറ്ററാണ് കടമക്കുടിയിലേക്കുള്ള ദൂരം. ജലമെട്രോ സജ്ജമാകുന്നതോടെ ഗതാഗതക്കുരുക്കിൽനിന്നും ഒഴിവായി കടമക്കുടി ദ്വീപുകളിലേക്കുള്ള യാത്ര ഏറെ ആസ്വാദ്യകരമാകും. കണ്ടൽക്കാടുകളും തൈത്തെങ്ങുകളും പക്ഷിക്കൂട്ടങ്ങളെയുമൊക്കെ കണ്ടുള്ള കായൽയാത്രയ്ക്ക് സൗകര്യമൊരുങ്ങുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ കടമക്കുടിയിലേക്കെത്തും.
വാട്ടർമെട്രോ കൂടി വരുന്നതോടെ കടമക്കുടി ദ്വീപുകളുടെ വിനോദസഞ്ചാരസാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനാണ് പഞ്ചായത്തും ലക്ഷ്യമിടുന്നത്. സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ കൂടുതൽ വിനോദ സഞ്ചാരികളെ കടമക്കുടിയിലേക്ക് ആകർഷിക്കുന്നതിന് വൈവിധ്യങ്ങളായ പദ്ധതികൾ കൊണ്ടുവരും.
കായലോര ടൂറിസംപ്രയോജനപ്പെടുത്തുമെന്ന് മന്ത്രി
കടമക്കുടി ദ്വീപുകളുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അടുത്തിടെ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കടമക്കുടിയുടെ ടൂറിസം സ്പോട്ടുകളും സാധ്യതകളും പരിചയപ്പെടുത്തിക്കൊണ്ടുള്ള 'മാതൃഭൂമി' പേജിന്റെ പകർപ്പ് ഏറ്റുവാങ്ങി പ്രതികരിക്കുകയായിരുന്നു മന്ത്രി. കടമക്കുടി ദ്വീപുകളുടെ പ്രകൃതിരമണീയമായ കാഴ്ചകളും കായലോര ടൂറിസത്തിന്റെ സാധ്യതകളുമൊക്കെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വരുന്നൂ, എട്ടുകോടിയുടെവികസനം
കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കടമക്കുടി ടൂറിസം വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ടൂറിസം വികസനത്തിനായി 2023-24-ൽ ബജറ്റിൽ വകയിരുത്തിയ എട്ടുകോടി രൂപ ഇതിനായി ചെലവഴിക്കാനാണ് നീക്കം. ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കറോളം വരുന്ന ബണ്ട് ഏരിയയിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കും.
വാക്ക് വേ, വാച്ച് ടവർ, ഫ്‌ളോട്ടിങ് റസ്റ്ററന്റ്, ഹോം സ്റ്റേകൾ, വാട്ടർ സ്പോർട്സ് ഉൾപ്പെടെയുള്ളവ ബണ്ടിൽ ഒരുക്കാനാണ് പദ്ധതി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ പരിമിതിയുള്ളതിനാൽ കൂടുതൽ സഞ്ചാരികളെ താങ്ങാനാകാത്ത സ്ഥിതിയുണ്ട്. ഇതു മറികടക്കുന്ന പദ്ധതികൾക്കായി സർക്കാരിന്റെ സഹായം ഉണ്ടാകണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
Content Highlights: kadamakkudy-island-kochi-water-metro
Published: 26 Jul 2025, 09:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented