
അയര്‍ലന്‍ഡിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ഗാള്‍വേയിലാണ് ഗോലിക് സംസ്‌കാരത്തിന്റെ ഈറ്റില്ലമെന്ന് വിളിക്കപ്പെടുന്ന കാന്നിമാറാ എന്ന പ്രദേശം. ഓവെങ്ഗ്ളിന്‍ പുഴയുടെ തീരത്ത്, മനോഹരങ്ങളായ ട്വെല്‍വ്ബെന്‍സ് പര്‍വതനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാന്നിമാറാ, പ്രകൃതിസൗന്ദര്യത്തിന്റെ ഉത്തമമാതൃകയാണ്. ഐറിഷ് ഭാഷ മാത്രം സംസാരിക്കുന്ന ഗീയാല്‍-ടെക്റ്റ് ഗ്രാമങ്ങളില്‍ വെച്ച് ഏറ്റവും വലുതും, ചരിത്രപ്രധാനവുമായ കാന്നിമാറായുടെ തലസ്ഥാനം ഗ്ലിഫ്ഡെല്‍ എന്ന തീരദേശപട്ടണമാണ്.
ക്രിക്കറ്റിന് ഏറെ പ്രചാരം നല്‍കിയ ഇന്ത്യയിലെ നാവാനഗര്‍ മഹാരാജാ രഞ്ജിത്സിങ്ങിന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനവും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതവും കാന്നിമാറായുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇംഗ്ലണ്ടിനു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ചരിത്രത്തിലെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത ക്രിക്കറ്റര്‍ രഞ്ജി എന്ന് ആദരപൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന മഹാരാജാ രഞ്ജിത്സിങ്ജി വിഭാജി. ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് രഞ്ജിട്രോഫി മത്സരങ്ങള്‍ നടത്തുന്നത്.
1924 ജൂലായ് പതിനേഴാം തീയതിയാണ് സ്വതന്ത്ര അയര്‍ലന്‍ഡിന്റെ മണ്ണിലേക്ക് ആദ്യമായി ഒരു വിദേശരാജ്യത്തിന്റെ ഭരണാധികാരിയായ മഹാരാജാ രഞ്ജിത്സിങ്ജി എത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യമായിരുന്ന നാവാനഗറിലെ മഹാരാജാവായിട്ടായിരുന്നു അയര്‍ലന്‍ഡ് സന്ദര്‍ശനം. തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും രത്‌നങ്ങള്‍ പതിച്ച തലപ്പാവും ധരിച്ച രാജാ രഞ്ജിത്സിങ്ജിയെ ആദരപൂര്‍വ്വം സ്വീകരിക്കാനെത്തിയത് ഐറിഷ് മന്ത്രിമാരടക്കമുള്ള വലിയ ജനാവലിയായിരുന്നു.
ഗാള്‍വേ റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങളില്‍ പടക്കം പൊട്ടിച്ചും ദീപങ്ങള്‍ അലങ്കരിച്ചുവെച്ചും രാജോചിതമായിത്തന്നെ മഹാരാജാവിനെ ആനയിച്ചു. ഗാള്‍വേ സന്ദര്‍ശനത്തിനിടെ കാന്നിമാറായുടെ വശ്യമായ സൗന്ദര്യം രാജാവിന്റെ ഹൃദയത്തെ കീഴടക്കി.
ബാലിനഹിന്‍ച് തടാകക്കരയിലെ അതിമനോഹരവും പുരാതനവുമായ കാസിലും പരിസരവും രഞ്ജിത്സിങ്ജിയുടെ മനസ്സില്‍ പതിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുന്‍പേ, മഹാരാജാവ് കാസിലിന്റെ അന്നത്തെ ഉടമയായിരുന്ന റിച്ചാര്‍ഡ് ബെറിഡ്ജിന്റെ കൈയില്‍നിന്ന് കാസിലും മുപ്പതിനായിരം ഏക്കര്‍ ഉദ്യാനഭൂമിയും വാങ്ങി. പിന്നീട് എല്ലാ വേനല്‍ക്കാലങ്ങളിലും പതിവായി രാജാ രഞ്ജിത്സിങ്ജി, തന്റെ പരിവാരങ്ങളുമായി ഇവിടെ എത്തുമായിരുന്നു.
വളരെക്കാലം രാജാവിന്റെ അയര്‍ലന്‍ഡിലെ സഹായികളിലൊരാളായിരുന്ന ഫ്രാങ്ക് കുമ്മിന്‍സിന്റെ ഓര്‍മകളില്‍, രാജാവിന്റെ ഓരോ വേനല്‍ക്കാല കാന്നിമാറാ സന്ദര്‍ശനവും വലിയ ആഘോഷങ്ങളായിരുന്നു. ഗാള്‍വേയില്‍നിന്നും കാന്നിമാറായിലെ, ബാലിനഹിന്‍ച് കൊട്ടാരത്തില്‍ എത്തുന്നതിന് മുമ്പേ ലിമോസിനുകളും മോട്ടോര്‍കാറുകളും തയ്യാറായി കിടക്കുമായിരുന്നു. സന്ദര്‍ശനാവസാനം പള്ളിവികാരികള്‍ക്കടക്കം നാട്ടുകാര്‍ക്ക് സമ്മാനമായി അതൊക്കെ നല്‍കുക പതിവായി.
ബാലിനഹിന്‍ച് കാസിലിന്റെ പരിസരങ്ങളിലെ തടാകങ്ങളില്‍ മീന്‍പിടിക്കുക രാജാവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായിരുന്നു. മഹാരാജാ രഞ്ജിത്സിങ്ജിയുടെ ജീവചരിത്രമെഴുതിയിട്ടുള്ളത് പ്രസിദ്ധ ഐറിഷ് എഴുത്തുകാരിയായ ആന്‍ ചേംബേഴ്സാണ്. അവിവാഹിതനായിരുന്ന രഞ്ജിത്സിങ്ജിക്ക് എഡിത് എന്ന ഇംഗ്ലീഷ് പെണ്‍കുട്ടിയുമായുള്ള രഹസ്യപ്രണയത്തെക്കുറിച്ച് പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഏറെ ആഡംബരപ്രിയനായിരുന്നുവെങ്കിലും തന്റെ നാട്ടുരാജ്യമായ നാവാനഗര്‍ പോലെത്തന്നെ കാന്നിമാറായെയും അദ്ദേഹം സ്വന്തമായി പരിഗണിച്ച് ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചു. അതുകൊണ്ടുതന്നെയാണ് കാന്നിമാറായിലെ ജനങ്ങള്‍ ഇന്നും 'മഹാരാജാ ഓഫ് കാന്നിമാറാ' എന്ന് രഞ്ജിത്സിങ്ജി വിഭാജിയെ ആദരപൂര്‍വം അഭിസംബോധന ചെയ്യുന്നത്. രഞ്ജിത്സിങ്ജിയുടെ മരണശേഷം ബാലിനഹിന്‍ച് കൊട്ടാരവും തടാകങ്ങളടക്കമുള്ള ഉദ്യാനങ്ങളും അനന്തരാവകാശികള്‍ക്ക് നല്‍കി. ഇന്ന് ബാലിനഹിന്‍ച് കാസില്‍ അയര്‍ലന്‍ഡിലെ അറിയപ്പെടുന്ന അത്യാഡംബര േഹാട്ടലാണ്. റിസപ്ഷനടുത്ത് മഹാരാജാ രഞ്ജിത്സിങ്ജിയുടെ ഒരു പൂര്‍ണകായ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്.
കാന്നിമാറായോടുള്ള പ്രണയംകൊണ്ടുതന്നെയാണ് രഞ്ജിത്സിങ്ജി, തന്റെ മരുമക്കളെ പഠിപ്പിക്കാനായി ബാലിനഹിന്‍ച് കാസിലിനടുത്തുള്ള കെയ്ലമോര്‍ ആബി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചേര്‍ത്തത്. ബനഡിക്ടന്‍ സിസ്റ്റേഴ്സിന്റെ അധീനതയിലായിരുന്ന കെയ്ലമോര്‍ ആബി ഒരുകാലത്ത് കെയ്ലമോര്‍ കാസില്‍ എന്നറിയപ്പെട്ട അതിപുരാതന കൊട്ടാരമായിരുന്നു. കാന്നിമാറായിലെ പോലകാപ്പല്‍ തടാകക്കരയില്‍, നാല്പതിനായിരത്തോളം ചതുരശ്ര അടിയില്‍ എഴുപതോളം മുറികളുള്ള കെയ്ലമാര്‍ ആബി ഇന്നും സന്ദര്‍ശകരുടെ കൗതുകക്കാഴ്ചയാണ്.
ഇന്തോ-ഐറിഷ് ബന്ധത്തിന്റെ ഊഷ്മളമായ സൗഹൃദപ്രതീകമാണ് കൗണ്ടി ഗാള്‍വേയിലെ 'കാന്നിമാറാ'
Content Highlights: Ireland View, Maharaja Ranjitsinhji Vibhaji Jadeja, Ireland Tourism
Published: 23 Jan 2020, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented