കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്ഡാമില് സ്ഥിതിചെയ്യുന്ന പഴയ ഒരു ബംഗ്ലാവാണ് കണ്ണാടി ബംഗ്ലാവ് അഥവാ സായിപ്പന് മാളിക
എന്നറിയപ്പെടുന്നത്. 1886 ല്‍ പണിത ഈ ബംഗ്ലാവ്, 1984-ല്‍ തെന്മലഡാം കമ്മീഷന് ചെയ്യുന്നതിനു മുമ്പായി വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് വിസ്മൃതിയിലാണ്ടുപോയ ബംഗ്ലാവ് പിന്നീട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2013ല്‍ ഡാമിലെ വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് ആദ്യമായി തെളിഞ്ഞുവരികയായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലത്ത് ഇംഗ്ളണ്ടിലെ വ്യവസായി ആയിരുന്ന ടി.ജെ. കാമറൂണ്‍ (T. J. Cameroon) പണി കഴിപ്പിച്ച (1886-87) മനോഹര സൗധമാണിത്. പുനലൂരില്‍ പേപ്പര്‍ മില്‍ സ്ഥാപിക്കാനായി അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുന്നാള്‍ രാമവര്‍മ്മയില്‍ നിന്നും അനുവാദം വാങ്ങിയ അദ്ദേഹം സ്ഥാപിച്ച ട്രാവന്‍കൂര്‍ പേപ്പര്‍ മില്‍സ് ആണ് പിന്നീട് 1931ല്‍ പുനലൂര്‍ പേപ്പര്‍ മില്‍സ് ആയി നാമകരണം നടത്തിയത്. പേപ്പര്‍മില്ലിലേക്ക് ഈറയും മുളയും എത്തിക്കുന്ന സൂപ്രണ്ടുമാരുടെ ഓഫീസ് സമുച്ചമായിട്ടായിരുന്നു കണ്ണാടി ബംഗ്ലാവ് പണികഴിപ്പിച്ചത്. പതിനഞ്ച് മുറികളുണ്ടായിരുന്ന ഈ ബംഗ്ലാവിന്റെ ചുവരുകളില്‍ നിറയെ കണ്ണാടികളായിരുന്നതിനാലാണ് പ്രദേശവാസികള്‍ ഇതിനെ കണ്ണാടി ബംഗ്ലാവെന്ന് വിളിച്ചിരുന്നത്.
അന്ന് പേരുകേട്ട തിരുവനന്തപുരം ചെങ്കോട്ട റോഡിന്റെ വശം ചേര്‍ന്നായിരുന്നു പതിനഞ്ച് മുറികളുണ്ടായിരുന്ന ആ മാളിക നിന്നിരുന്നത്. ഇവിടെയുള്ള കാടുകളില്‍ നിന്നും ആയിരുന്നു ഈറ്റ ശേഖരിച്ച് കാളവണ്ടിയില്‍ പുനലൂരിലെ ഫാക്ടറിയിലെത്തിക്കുക പതിവ്. 1972 ല്‍ കേന്ദ്രവന്യജീവി സംരക്ഷണ നിയമം നിലവില്‍വന്നതോടെ കേരള വനം വകുപ്പ് ആ കെട്ടിടം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കുറച്ചുനാള്‍ കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ ഓഫീസായി പ്രവര്‍ത്തിച്ചുവെങ്കിലും 1984ല്‍ ശെന്തുരുണി വന്യജീവി സങ്കേതം നിലവില്‍ വന്നതിനുശേഷം ജലസംഭരണിയുടെ ശേഷി കൂടിവന്നതനുസരിച്ച് അത് ക്രമേണ മുങ്ങിപ്പോകുകയാണുണ്ടായത്.
തനി തേക്കില്‍ തീര്‍ത്ത വാതിലുകളും ജനാലകളും ഉത്തരങ്ങളും ഒക്കെ കാലാന്തത്തില്‍ ലേലം ചെയ്തുപോയതോടെ പ്രൗഢിയും പ്രതാപവും നഷ്ടപ്പെട്ട് മറവിയുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക് ആണ്ടുപോകുകയായിരുന്നു ഈ കൊട്ടാരം. ഇപ്പോള്‍ ഡാമിലെ ഈ പ്രദേശമെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്.
Content Highlights: kannadi bungalow thenmala parappar dam
Published: 14 Jun 2023, 08:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented