
ലോകം മുഴുവന്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഐറിഷ് വംശജനായ ജോര്‍ജ് ബര്‍ണാഡ്ഷാ. 'പിഗ്മേലിയണ്‍' തുടങ്ങി വിശ്വപ്രസിദ്ധങ്ങളായ അറുപതോളം നാടകങ്ങളും, നിരവധി രാഷ്ട്രീയ സാഹിത്യ വിമര്‍ശന ഗ്രന്ഥങ്ങളും രചിച്ച ബര്‍ണാഡ്ഷായുടെ ഉദ്ധരണികള്‍ എക്കാലത്തും പ്രസക്തമാണ്. തന്റെ രചനകളിലൂടെ സോഷ്യലിസ്റ്റ് ആശയങ്ങളും ഉയര്‍ന്ന മാനവികതയും ഉയര്‍ത്തിപ്പിടിച്ച ബര്‍ണാഡ്ഷാ, നൊബേല്‍ സമ്മാനവും ഓസ്‌കാര്‍ പുരസ്‌കാരവും നേടുന്ന ചരിത്രത്തിലെ ആദ്യ വ്യക്തിയാണ്.
അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനിലെ പോര്‍ട്ടോ ബെല്ലോയില്‍, സിഞ്ച് സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ടുമെന്റിലാണ് ബര്‍ണാഡ്ഷാ ജനിച്ചത്. കുടുംബത്തിലെ ഇളയ അംഗമായിരുന്ന ഷായുടെ ബാല്യകാലം ദുരിതപൂര്‍ണമായിരുന്നു. സംഗീതാധ്യാപികയായിരുന്ന അമ്മയുടെ സൗകാര്യാര്‍ഥം, ഡബ്ലിനിലെ ജന്മഗൃഹത്തില്‍നിന്നും ഡാല്‍ക്കി മലമുകളിലെ ടോര്‍ക്കോ കോട്ടേജിലേക്ക് താമസം മാറ്റിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ബാലനായിരുന്ന ബര്‍ണാഡ്ഷായാണ്. വീട്ടിലിരുന്നു കാണാമായിരുന്ന കിലിനി കടല്‍ത്തീരത്തിന്റെ മാസ്മരികസൗന്ദര്യം, ബര്‍ണാഡ്ഷായുടെ എഴുത്തുജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ മൈക്കല്‍ ഹോള്‍റോയ്ഡ് രേഖപ്പെടുത്തുന്നുണ്ട്.

തന്റെ സ്‌കൂള്‍ പഠനകാലത്ത് ബര്‍ണാഡ്ഷായെ ഏറെ സ്വാധീനിച്ച മറ്റൊരു സ്ഥലമാണ് ഡബ്ലിനിലെ നാഷണല്‍ ആര്‍ട്ട് ഗാലറി. യൂറോപ്പിലെ പുരാതന ആര്‍ട്ട് ഗാലറിയാണിത്. ചില അപൂര്‍വ ചിത്രശേഖരങ്ങളെകൊണ്ട് സമ്പന്നവുമാണിത്. ഐറിഷ് ഓറിട്ടസ് (പാര്‍ലമെന്റ്) കെട്ടിടമായ ലീന്‍സ്റ്റര്‍ ഹൗസിന്റെ സമീപത്ത് 1854-ല്‍ സ്ഥാപിച്ചതാണ് ഈ കലാക്ഷേത്രം. നാഷണല്‍ ആര്‍ട്ട് ഗാലറിയിലെ നിത്യസന്ദര്‍ശനമാണ് തനിക്ക് ശരിയായ വിദ്യാഭ്യാസവും സത്യസന്ധമായ അറിവുകളും നേടിത്തന്നതെന്ന് ബര്‍ണാഡ്ഷാ അടയാളപ്പെടുത്തുന്നുണ്ട്. തന്റെ അന്ത്യനാളുകളില്‍ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും അദ്ദേഹം നാഷണല്‍ ഗാലറിക്ക് വേണ്ടിയാണ് നീക്കിവെച്ചത്. ജോര്‍ജ് ബര്‍ണാഡ്ഷായോടുള്ള ആദരപുരസ്സരം ഗാലറിയുടെ പ്രധാന പ്രവേശനകവാടമായ ക്ലെയര്‍ സ്ട്രീറ്റ് എന്‍ട്രന്‍സില്‍ അദ്ദേഹത്തിന്റെ ചെമ്പില്‍ തീര്‍ത്ത പൂര്‍ണകായ രൂപം സ്ഥാപിച്ചിട്ടുണ്ട്. ഷായുടെ കടുത്ത ആരാധകനായിരുന്ന പ്രശസ്ത റഷ്യന്‍ ശില്പി പാവ്ലോ ട്രൂബ്സ്‌കോവാണ് പ്രതിമ നിര്‍മിച്ചത്.
സമീപകാലത്ത്, കാര്‍ലോ പട്ടണത്തില്‍ പുരാതനമായ സെന്റ് പാട്രിക് കോളേജ് അങ്കണത്തില്‍ ജോര്‍ജ് ബര്‍ണാഡ്ഷായുടെ സ്മരണാര്‍ഥം ഒരു വിഷ്വല്‍ സെന്ററും തിയേറ്റര്‍ സമുച്ചയവും സ്ഥാപിച്ചിട്ടുണ്ട്. ബര്‍ണാഡ്ഷായുടെ മാതൃഭവനം സ്ഥിതി ചെയ്യുന്നത് കൗണ്ടി കാര്‍ലോയിലാണിത്. പൈതൃകമായി കിട്ടിയ ഭൂസ്വത്തും വസ്തുവകകളും ബര്‍ണാഡ്ഷാ, കാര്‍ലോ കൗണ്ടി കൗണ്‍സില്‍ അധികാരികള്‍ക്ക് നാടകപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇഷ്ടദാനം നല്‍കുകയായിരുന്നു. കൗണ്ടി കൗണ്‍സില്‍ പതിനെട്ട് മില്യണ്‍ യൂറോ ചെലവില്‍ എല്ലാ സാങ്കേതിക സംവിധാനങ്ങളോടുംകൂടി ആരംഭിച്ച ജോര്‍ജ് ബര്‍ണാഡ്ഷാ തിയേറ്റര്‍, ഇന്ന് ലോകത്തിലെ നാടകപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള പ്രധാന കേന്ദ്രമായി അറിയപ്പെടുന്നു. മൂവായിരത്തിയെഴുനൂറോളം ചതുരശ്ര അടിയില്‍ മൂന്നുനിലകളുള്ള തിയേറ്റര്‍ പൂര്‍ണമായും വെളുത്ത ഗ്ലാസുകളും കോണ്‍ക്രീറ്റും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. പ്രകാശസന്നിവേശത്തിന്റെ മനോഹരമായ ക്രമീകരണംകൊണ്ടും അത്യന്താധുനിക നിര്‍മാണചാതുര്യംകൊണ്ടും ആകര്‍ഷണീയമാണിത്. പകലും രാത്രിയും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന തിയേറ്ററിന്റെ വിശാലമായ, വൃത്താകൃതിയിലുള്ള പ്രധാന തിയേറ്ററിലാണ് നാടകങ്ങളും മറ്റു സംഗീത പരിപാടികളും അവതരിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ ലോകപ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ സഹസ്ഥാപകന്‍ കൂടിയായിരുന്നു ബര്‍ണാഡ്ഷാ. സാമൂഹിക പ്രതിബദ്ധത നിറഞ്ഞുനിന്ന തന്റെ എഴുത്തുജീവിതത്തില്‍ അദ്ദേഹം സ്പര്‍ശിക്കാത്ത ഒരു മേഖലയുമില്ലയെന്നത് അതിശയകരമാണ്. തന്റെ തൊണ്ണൂറ്റിനാലാം വയസ്സില്‍, പുതിയ പുസ്തകത്തിന്റെ രചനയ്ക്ക് തയ്യാറെടുക്കുമ്പോഴായിരുന്നു ബര്‍ണാഡ്ഷായുടെ അന്ത്യം.
Content Highlights: George Bernard Shaw Statue, George Bernard Shaw signatures in Ireland, Ireland View
Published: 20 Feb 2020, 01:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented