ഖനനമാഫിയകളുടെ പിടിയില്‍നിന്നും വിടുതല്‍ നേടിയ ബാണാസുരമലനിരകള്‍ ഇപ്പോള്‍ ശാന്തമാണ്. കാതടപ്പിക്കുന്ന പ്രകമ്പനങ്ങള്‍ പെരുമ്പറകൊട്ടിയ പാറമടകള്‍ പലതും ജലാശയമായി മാറി. പൊടിപടലങ്ങളും ശബ്ദകോലാഹലങ്ങളുമില്ലാതെ പ്രകൃതിയെല്ലാം പച്ചപ്പണിഞ്ഞു. പരാതികളും പോരാട്ടങ്ങളും സമരങ്ങളുമില്ല. പതിറ്റാണ്ടുകളായി മലമുകളിലേക്ക് ഇരമ്പിയെത്തിക്കൊണ്ടിരിക്കുന്ന ടിപ്പര്‍ ലോറികളുമില്ല. പ്രദേശവാസികളുടെ പ്രതിഷേധത്തിലും കോടതി ഉത്തരവിനെത്തുടര്‍ന്നുമാണ് ഏറ്റവും ഒടുവിലായുള്ള പാറമടകളും ഇവിടെ പ്രവര്‍ത്തനം നിര്‍ത്തിയത്.

To advertise here,

പുതുവഴികള്‍ തേടി...
പ്രകൃതിസൗഹൃദ വിനോദസഞ്ചാരത്തിന്റെ പുതുവഴികളാണ് ബാണാസുരമലനിരകള്‍ നാട് സ്വപ്നം കാണുന്നത്. വാളാരംകുന്ന്, പെരുങ്കുളം, ഉറക്കംചോല, മീന്‍മുട്ടി, മംഗലശ്ശേരിമല, ചിറപ്പുല്ല് മല എന്നിവയെല്ലാം സംയോജിപ്പിച്ച് സഞ്ചാരികള്‍ക്കായി ഒരു യാത്രാറൂട്ടിനുള്ള സാധ്യതയാണ് നാട് പങ്കുവെക്കുന്നത്. നിലവില്‍ കാപ്പിക്കളത്തും ചിറപ്പുല്ലിലും വനംവകുപ്പ് ട്രക്കിങ്ങ് നടത്തുന്നുണ്ട്. പാറമടകളുടെ ആധിക്യം നിമിത്തമാണ് ഈ ബാണാസുരമലനിരകള്‍ വിനോദസഞ്ചാരസാധ്യതകളെ ഒരു കാലത്ത് കൈവിട്ടത്.

സസ്യജാലങ്ങളുടെ കലവറ

ബാണാസുരന്റെ സാങ്കല്പികമായ ഈ കോട്ടകൊത്തളങ്ങളുടെ പ്രൗഢിയിലാണ് ഈ ഗിരിപര്‍വതം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍കാറ്റിനെ തടഞ്ഞുനിര്‍ത്തി താഴ് വാരങ്ങളെ മഴയില്‍ കുളിപ്പിക്കുന്നതും ഈ മലനിരകളാണ്.

കുത്തനെയുള്ള മലനിരകളെ പിന്നിട്ട് താഴേക്ക് പതിക്കുന്ന കാട്ടരുവികള്‍ ചോലവനങ്ങള്‍ പുല്‍മേടുകള്‍ മാത്രമുള്ള മലയോരങ്ങള്‍ കാറ്റ് വീശുന്ന കുന്നിന്‍മുനമ്പുകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ബാണാസുരമലനിരകള്‍. പകല്‍സമയങ്ങളിലും ഇരുട്ട് തളംകെട്ടിനില്‍ക്കുന്ന ഉറക്കംചോലയെന്ന ചോലവനവും ആകര്‍ഷകങ്ങളാണ്.

നീലഗിരി ജൈവമണ്ഡലത്തില്‍ കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ടയും. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവസമ്പുഷ്ടതയുള്ള ഷോലെ വനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു.

placeholder
ഫോട്ടോ: ശ്രീജിത്ത് പി രാജ്‌

ഇങ്ങനെ എത്തിച്ചേരാം

കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി മൊതക്കരയിലെത്തി നാരോക്കടവ് വഴിയാണ് ബാണാസുര മലയിലെത്തുക. അരുവികളും ആദ്യമൊക്കെ നിരപ്പുസ്ഥലങ്ങളും പിന്നിട്ട് ചെങ്കുത്തായ പാറകളിലേക്ക് കയറാം